ഒരു പരിശീലകന്‍ കൂടി ബ്ലാസ്റ്റേഴ്‌സ് വിട്ടു, ഇത്തവണ തിരിച്ചടി മലയാളിയ്ക്ക്
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകരിലൊരാളും മലയാളിയുമായ ഷമീല്‍ ചെമ്പകത്ത് ക്ലബ് വിട്ടു. ബ്ലാസ്റ്റേഴ്‌സിന്റെ വിവിധ ടീമുകളില്‍ മൂന്ന് വര്‍ഷത്തിലേറെ സേവനം അനുഷ്ടിച്ച ശേഷമാണ് ഷമീല്‍ ക്ലബ് വിടുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് താന്‍ ക്ലബ് വിട്ടകാര്യം ബ്ലാസ്റ്റേഴ്‌സ് കോച്ച് അറിയിച്ചത്.
ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടര്‍ 15 ടീമിന്റെ പരിശീലകന്‍ ആയെത്തിയ ഷമീല്‍ പിന്നീട് റിസേര്‍വ്‌സ് ടീമിന്റേയും മുഖ്യപരിശീലകനായി. ഇതിനിടെ സീനിയര്‍ ടീമില്‍ അസിസ്റ്റന്റ് കോച്ചായും ഷമീല്‍ പ്രവര്‍ത്തിച്ചിരുന്നു. അടുത്തിടെയാണ് കോച്ചിങ് ലൈസന്‍സായ എ എഫ് സി എ ലൈസന്‍സ് ഷമീല്‍ സ്വന്തമാക്കിയത്. മലപ്പുറം ജില്ലയില്‍ നിന്ന് ആദ്യമായി എ ലൈസന്‍സ് ലഭിക്കുന്ന പരിശീലകനായി ഷമീല്‍ ഇതോടെ മാറിയിരുന്നു. മലപ്പുറം അരീക്കോട് സ്വദേശിയാണ്.
തെരട്ടമ്മല്‍ സോക്കര്‍ അക്കാദമിയില്‍ കളി പഠിപ്പിച്ചു കോച്ചിങ് തുടങ്ങിയ ഷമീല്‍ 2010 മുതല്‍ മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീമിനെയും തെരട്ടമ്മല്‍ സോക്കര്‍ അക്കാദമിയെയും നിലമ്പൂര്‍ പിവീസ് സ്‌കൂളിനെയും പരിശീലിപ്പിച്ചു. 2016-ല്‍ കേരള ബ്ലാസ്റ്റേഴ്സ് സോക്കര്‍ സ്‌കൂള്‍ മലപ്പുറത്ത് തുടങ്ങിയപ്പോള്‍ ഹെഡ് കോച്ച് സ്ഥാനത്ത് എത്തിയതും ഷമീല്‍ തന്നെ. ജില്ലാ ജൂനിയര്‍ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.
വിവ കേരള, ഗോവ വാസ്‌കോ, മൊഹമ്മദന്‍സ് സ്പോര്‍ട്ടിങ്, ബംഗാള്‍ മുംബൈ ഫുട്ബോള്‍ ക്ലബ്ബ് എന്നീ ടീമുകള്‍ക്ക് ബൂട്ടുകെട്ടി കഴിവു തെളിയിച്ച താരമാണ് ഷമീല്‍. മുന്‍ കേരള യൂത്ത് ടീം വൈസ് ക്യാപ്റ്റനായും തിളങ്ങി. 2007-ലെ പ്രീ ഒളിമ്പിക്സ് ഇന്ത്യന്‍ അണ്ടര്‍-23 ടീം അംഗമായിരുന്ന ഇദ്ദേഹം രാജ്യാന്തരതലത്തിലും തന്റെ കളിമികവ് തെളിയിച്ചിട്ടുണ്ട്.