ലോക ഒന്നാം നമ്പറായിട്ടെന്താ, ഷാക്കിബ് എന്ന അസംബന്ധം, ഇനി ക്രിക്കറ്റ് കളിക്കാന്‍ അവന്‍ അര്‍ഹനല്ല

Image 3
CricketCricket News

ധാക്ക പ്രീമിയര്‍ ലീഗില്‍ ഞെട്ടിക്കുന്ന പെരുമാറ്റവുമായി ബംഗ്ലാദേശിന്റെ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. അപ്പീല്‍ ചെയ്തിട്ട് വിക്കറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് സ്റ്റമ്പ് ചവിട്ടിത്തെറിപ്പിച്ചും അമ്പയറോട് കയര്‍ത്തുമാണ് ഷാക്കിബ് ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുന്നത്.

ഒന്നല്ല രണ്ട് തവണയാണ് ഷാക്കിബ് ഇത്തരത്തില്‍ പ്രതികരിച്ചത് എന്നത് ഒരു ദയയും ഈ താരം അര്‍ഹിക്കുന്നില്ല എന്നതിന് തെളിവാണ്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിക്കുകയാണ്.

മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബും അബഹാനി ലിമിറ്റഡും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ഷാക്കിബ് അമ്പയര്‍മാര്‍ക്കെതിരെ കയര്‍ക്കുകയും സ്റ്റമ്പ് പിഴുതെറിയുകയും ചെയ്തത്. മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ് ക്യാപ്റ്റന്‍ കൂടിയായ ഷാക്കിബ് പന്തെറിയുന്നതിനിടെയാണ് ആദ്യ സംഭവം ഉണ്ടായത്. ഷാക്കിബിന്റെ എല്‍ബിഡബ്ല്യു അപ്പീല്‍ അമ്പയര്‍ നിരസിച്ചു. ഇതോടെ കുപിതനായ ലോക ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ അമ്പയറോട് കയര്‍ക്കുകയും സ്റ്റമ്പ് ചവിട്ടിത്തെറിപ്പിക്കുകയ്യുമായിരുന്നു. സഹതാരങ്ങളെത്തിയാണ് ഷാക്കിബിനെ സമാശ്വസിപ്പിച്ചത്.

തീര്‍ന്നില്ല മറ്റാരോ പന്തെറിയുന്ന സമയത്താണ് അടുത്ത സംഭവം. അപ്പോഴും അമ്പയര്‍ അപ്പീല്‍ നിരസിച്ചു. ഫ്രെയിമിലേക്ക് വരുന്ന ഷാക്കിബ് മൂന്ന് സ്റ്റമ്പുകളും പിഴുതെറിയുകയും അമ്പയറോട് കയര്‍ക്കുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം.

അതേസമയം മുതിര്‍ന്ന താരത്തിനെതിരെ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് എന്തു നടപടിയാണു സ്വീകരിക്കുകയെന്നു വ്യക്തമായിട്ടില്ല. ഈ മത്സരത്തില്‍ താരം 27 പന്തില്‍നിന്ന് 37 റണ്‍സെടുത്താണു പുറത്തായത്.

ധാക്ക പ്രീമിയര്‍ ലീഗ് സീസണില്‍ മികച്ച പ്രകടനമല്ല ഷാക്കിബ് പുറത്തെടുക്കുന്നത്. ആദ്യ ആറു മത്സരങ്ങളില്‍ 73 റണ്‍സ് മാത്രമാണു താരത്തിനു നേടാനായത്. ശ്രീലങ്കയ്‌ക്കെതിരെ കഴിഞ്ഞ മാസം നടന്ന ഏകദിന പരമ്പരയിലും ഷാക്കിബിന്റെ പ്രകടനം മോശമായിരുന്നു. ബംഗ്ലദേശ് ക്രിക്കറ്റ് താരങ്ങളുടെ ഇത്തരം സമീപനത്തിനെതിരെ ആരാധകര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ത്തി.