ഐപിഎല്‍ കളിക്കണം, ദേശീയ ടീമില്‍ നിന്നും പിന്മാറി സൂപ്പര്‍ താരം

ഐപിഎല്‍ കളിക്കുന്നതിനായി ദേശീയ ടീമില്‍ നിന്നും പിന്മാറിയിരിക്കുകയാണ് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍. ഐപിഎല്‍ സീസണ്‍ മുഴുവന്‍ കളിക്കുന്നതിനായി ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്നാണ് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ പിന്മാറിയിരിക്കുന്നത്.

ഏപ്രിലിലാണ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്. ഐപിഎല്‍ ആരംഭിക്കുന്നതും ഏപ്രിലിലാണ്. 3.2 കോടി രൂപയ്ക്കാണ് ഷക്കീബിനെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് സ്വന്തമാക്കിയത്. ഐപിഎല്ലിന് വേണ്ടി ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റില്‍ നിന്ന് പിന്മാറുന്ന കാര്യം ഷക്കീബ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു.

ദേശിയ ടീമിനായി കളിക്കാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന നിലപാടിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇത് രണ്ടാം വട്ടമാണ് ഷക്കീബ് അല്‍ ഹസന്‍ ബംഗ്ലാദേശിന്റെ ദേശിയ ടീമില്‍ നിന്ന് പിന്മാറുന്നത്. ഫെബ്രുവരി-മാര്‍ച്ചിലായി നടന്ന ബംഗ്ലാദേശിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നിന്നും പെറ്റേണിറ്റി ലീവ് എടുത്ത് ഷക്കീബ് മാറി നിന്നിരുന്നു.

അതെസമയം ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാഡയ്ക്ക് ഐപിഎല്ലിലെ ആദ്യത്തെ ചില മത്സരങ്ങള്‍ നഷ്ടമാകും. ദക്ഷിണാഫ്രിക്കയ്ക്ക് ആ സമയം മത്സരമുളളതിനാല്‍ റബാഡ പിന്മാറുകയായിരുന്നു. ഐപിഎല്ലിനേക്കാള്‍ രാജ്യമാണ് തനിയ്ക്ക് വലുതെന്ന് റബാഡ തുറന്ന് പറയുകയും ചെയ്തിരുന്നു.

You Might Also Like