ഐപിഎല്‍ വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി ഷാക്കിബ് അല്‍ ഹസന്‍, ഗില്‍ ക്രിസ്റ്റ് അറിയാന്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി ബംഗ്ലാദേശ് സൂപ്പര്‍ താരം ഷാക്കിബ് അല്‍ ഹസന്‍. ലോകമെമ്പാടുമുളള കളിക്കാര്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ലീഗാണ് ഐപിഎല്ലെന്നും ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച അവസരമാണ് ഈ പ്ലാറ്റ്‌ഫോമെന്നും ഷാക്കിബ് അല്‍ ഹസന്‍ തുറന്ന് പറയുന്നു.
2019ല്‍ നടന്ന ലോകകപ്പില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ ഐപിഎല്‍ തന്നെ വളരെ അധികം സഹായിച്ചതായും ഷാക്കിബ് അല്‍ ഹസന്‍ കൂട്ടിച്ചേര്‍ത്തു.
‘ലോകമെമ്പാടുമുള്ള കളിക്കാര്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ഐപിഎല്‍. ഐപിഎല്‍ കളിക്കുന്നത് എല്ലായ്‌പ്പോഴും കളിക്കാര്‍ക്ക് മികച്ച അവസരമാണ്, അവിടെ കളിക്കുന്ന അനുഭവം വളരെ വ്യത്യസ്തമാണ്. 2019 ലോകകപ്പില്‍ ഐപിഎല്‍ എന്നെ വളരെയധികം സഹായിച്ചു’ ഷാക്കിബ് തുറന്ന് പറഞ്ഞു.
ഐപിഎല്ലിന്റെ വളര്‍ച്ച അന്താരാഷ്ട്ര ക്രിക്കറ്റിനെയും മറ്റ് ലീഗുകളെയും ബാധിക്കുമെന്ന ആരോപണങ്ങള്‍ക്ക് കൂടിയുളള മറുപടിയായാണ് ഷാക്കിബ് അല്‍ ഹസന്‍ ഇക്കാര്യം പറയുന്നു. നേരത്തെ ഗില്‍ ക്രിസ്റ്റ് അടക്കമുളള മുന്‍ താരങ്ങള്‍ ഐപിഎല്ലിനെതിരെ ചില പ്രസ്താവനകല്‍ നടത്തിയിരുന്നു.
സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ബിസിസിഐക്ക് അടുത്ത എഫ്ടിപി സൈക്കിളില്‍ ഒരു നീണ്ട ഐപിഎല്‍ വിന്‍ഡോ ഐസിസിയില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. ഇതാണ് ചില താരങ്ങളെ പ്രകോപിച്ചത്. ഇതോടെ ഐപിഎല്‍ നടക്കുമ്പോള്‍ ഇനി പ്രധാന അന്താരാഷ്ട്ര മത്സരങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല.