കളിക്കാന്‍ ആരംഭിച്ച നാള്‍ മുതല്‍ അയാള്‍ ഭയം തീകോരിയിട്ടിരുന്നു, തന്നോട് തന്നെ നീതിപുലര്‍ത്തിയോ

Image 3
CricketCricket News

പ്രണവ് തെക്കേടത്ത്

ക്രിക്കറ്റെന്ന ഈ സുന്ദര ഗെയിം കാണാന്‍ ആരംഭിച്ചന്ന് മുതല്‍ കാണുന്നതാണീ രൂപം കേള്‍ക്കുന്നതാണീ നാമം ‘ഷാഹിദ് അഫ്രീദി’
രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഇന്നുമയാള്‍ ടീവിയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്, ആ ദേശീയ കുപ്പായത്തില്‍ നിന്ന് മറയുമ്പോഴും കുട്ടി ക്രിക്കറ്റിന്റെ വിവിധ ഫോര്മാറ്റുകളില്‍ അയാളിങ്ങനെ നിറയുകയാണ്.

ബാറ്റെടുത്ത ആദ്യം ദിനം തന്നെ ആ 16 കാരന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നുണ്ട് (അരങ്ങേറിയ ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല ). 37 ബോളില്‍ പൂര്‍ത്തിയാക്കുന്ന ആ കാലഘട്ടത്തിലെ ഏകദിന ക്രിക്കറ്റിലെ വേഗതയാര്‍ന്ന സെഞ്ചുറി പാകിസ്ഥാന്റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിയപ്പോള്‍ ആ പ്രകടനം തത്സമയം വീക്ഷിക്കാന്‍ സാധിച്ചില്ലെങ്കിലും, എന്നെ ആ നാമം ഭീതിപ്പെടുത്താന്‍ തുടങ്ങിയിരുന്നു.

ഇന്ന് പലരും പരിഹാസം കലര്‍ത്തുന്ന ഭാഷകളാല്‍ പുച്ഛിക്കുമ്പോഴും എന്നെ ആ കാലങ്ങളില്‍ അയാള്‍ ഭയപെടുത്തിയിരുന്നു. ഇന്ത്യക്കെതിരെ ഇറങ്ങുന്ന ആ രൂപം പെട്ടെന്ന് പവലിയനിലേക്ക് നടന്നടുക്കാന്‍ പ്രാര്‍ത്ഥിച്ചിരുന്നു.

അപ്പോഴും ആ കരിയര്‍ അവസാനിക്കുമ്പോള്‍ അയാള്‍ അന്ന് നല്‍കിയ ആ പ്രതീക്ഷകള്‍ കാത്തു സൂക്ഷിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാവും ഉത്തരം. നേരിടുന്ന ആദ്യ ബോള്‍ മുതല്‍ സ്റ്റാന്‍ഡ്സിലേക്ക് പറത്താനുള്ള ആ ത്വര തന്നെയായിരുന്നു അയാളുടെ ശക്തിയും,ദൗര്‍ബല്യവും. ഒരുന്നിങ്‌സ് കെട്ടിപടുക്കാനുള്ള ആ മികവ് ഒരിക്കലും അയാളിലുണ്ടായിരുന്നില്ല അപ്പോഴും അയാളുടേതായ ദിവസങ്ങളില്‍ അയാള്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു.

അന്യം നില്‍ക്കുന്ന ആ സ്ഥിരത വലിയൊരു പ്രശ്‌നമാവുമ്പോഴും പ്രസിദ്ധമായ ചെന്നൈ ടെസ്റ്റിലെ സെക്കന്റ് ഇന്നിങ്‌സില്‍ പിറന്നത് പോലുള്ള ഇന്നിങ്സുകള്‍ അയാളില്‍ നിന്ന് ജന്മം കൊണ്ടിരുന്നു (തന്റെ ഇന്റര്‍നാഷണല്‍ കരിയറിലെ തന്നെ മികച്ച സെഞ്ച്വറിയായി അയാള്‍ മുദ്ര കുത്തുന്നതും ഈ സെഞ്ച്വറിയാണ് ). ഒന്ന് ശ്രമിച്ചാല്‍ ഏകദിന ക്രിക്കറ്റിലെ മികച്ച ബാറ്‌സ്മാനായി മാറാനുള്ള കഴിവുകള്‍ നിറഞ്ഞിരുന്നിട്ടും ആ ബാറ്റിംഗ് മികവ് ഒരു പിഞ്ച് ഹിറ്ററുടെ റോളില്‍ അയാള്‍ അവസാനിപ്പിക്കുകയാണ്.

398 മത്സരങ്ങളില്‍ വെറും 23 ആവറേജില്‍ അയാള്‍ സ്വന്തമാക്കിയ 8000 ന് മുകളില്‍ റണ്‍സുകള്‍ ഒരിക്കലും അയാളിലെ ബാറ്റ്‌സ്മനോട് നീതിപുലര്‍ത്തുന്നില്ലെങ്കിലും, കരിയറില്‍ വ്യത്യസ്ത ഫോര്‍മാറ്റുകളിലുമായി സ്വന്തമാക്കിയ 550ന് മുകളിലുള്ള വിക്കറ്റുകള്‍ കൂട്ടി വായിക്കുമ്പോള്‍ ഒരു ബൌളിംഗ് ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ അയാള്‍ ശരാശരിയിക്കും മുകളിലാണെന്നും പറയേണ്ടി വരും.

മാറി മാറി വന്ന നായകന്മാര്‍ തന്റെ വിക്കറ്റിന് വിലയിട്ട് കളിക്കാന്‍ ഉപദേശിക്കുമ്പോഴും അയാള്‍ ആ ശൈലി തന്നെ തുടരുകയായിരുന്നു. പലപ്പോഴും ആരാധകരുടെ പ്രതീക്ഷകള്‍ കാക്കാതെ തിരിഞ്ഞു നടക്കുമ്പോഴും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അയാളെ വിശ്വസിക്കുന്നുണ്ട്. അവിടെ കാണ്‍പൂരില്‍ ഇന്ത്യന്‍ ബൗളിങ്ങിനെ കാറ്റില്‍ പറത്തി കൊണ്ട് അയാള്‍ സ്വന്തമാക്കിയ 45 ബോളിലെ ശതകങ്ങള്‍ പോലുള്ള അത്യപൂര്‍വ ഇന്നിങ്സുകള്‍ അവരെ അയാളില്‍ വിശ്വസിക്കാന്‍ പ്രേരിപ്പുക്കുകയായിരുന്നു.

പ്രഥമ ട്വന്റി ട്വന്റി വേള്‍ഡ് കപ്പിലെ മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡും, പാകിസ്ഥാന്‍ സ്വന്തമാക്കിയ ആദ്യ ട്വന്റി ട്വന്റി വേള്‍ഡ് കപ്പിലെ സെമിയിലെയും ഫൈനലിലെയും പ്രകടങ്ങളൊന്നും വിസ്മരിക്കുന്നില്ല. അപ്പോഴും 500ല്‍ അധികം ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിച്ച ഒരു ബാറ്റസ്മാനില്‍ കാണേണ്ട സ്ഥിരതയോ, ഉത്തരവാദിത്തമോ അയാളില്‍ ഉണ്ടായിരുന്നില്ല എന്നത് ഒഴിച്ചു കൂടാനാവാത്ത സത്യം തന്നെയാണ്.

ഒരുപക്ഷെ മുഷ്താഖ് അഹ്മദിന് പരിക്കായതുകൊണ്ട് ടീമിലേക്ക് എത്തിപ്പെട്ട ആ ലെഗ് സ്പിന്നറില്‍ നിന്ന് ബാറ്റിങ്ങില്‍ കൂടുതല്‍ പ്രതീക്ഷിച്ചതു കൊണ്ടാവാം ഈ നിരാശ. പക്ഷെ ഇന്നും അയാള്‍ പലരുടേയും ആവേശമാണ്. ഇന്നും കളി കാണാന്‍ സ്റ്റേഡിയത്തിലേക്ക് വരുന്ന ആരാധകരെ ബൂം ബൂം എന്ന് ഉച്ചത്തില്‍ വിളിക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ അയാള്‍ സമ്മാനിക്കുന്നുണ്ട്.

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ചൊരു ക്രൗഡ് പുള്ളര്‍ക്ക് ആരാധകരുടെ ലാലക്ക് ജന്മദിനാശംസകള്‍

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്