ബെസ്റ്റ് വരാനിരിക്കുന്നുളളുവെന്ന് ഷഹീന്റെ മുന്നറിയിപ്പ്, 10 ഓവറില്‍ 79 റണ്‍സ്, ഇനി മിണ്ടില്ല

Image 3
CricketCricket News

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനു മുമ്പ് വെല്ലുവിളിച്ച് വെട്ടിലായിരിക്കുകയാണ് പാകിസ്ഥാന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ അഫ്രീദി. പാക്് താരത്തിന്റെ വെല്ലുവിളിയ്ക്ക് കളിക്കളത്തില്‍ ഇന്ത്യ മറുപടി നല്‍കിയതോടെയാണ് ഷഹീന്‍ അഫ്രീദിയ്ക്ക് മുണ്ടാട്ടം മുട്ടിപോയിരിക്കുന്നത്.

കൊളംബോയില്‍ നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര അക്ഷരാര്‍ഥത്തില്‍ ഷഹീനെ പഞ്ഞിക്കിടുകയായിരുന്നു. ഷഹീനെ തെരഞ്ഞ് പിടിച്ച് ഇന്ത്യന്‍ താരങ്ങളായ രാഹുലും കോഹ്ലിയും തല്ലുകയായിരുന്നു. 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ പാക് ബൗളര്‍മാരില്‍ ഏറ്റവുമധികം തല്ലുകിട്ടിയതും അദ്ദേഹത്തിനു തന്നെ.

10 ഓവറുകള്‍ ബൗള്‍ ചെയ്ത ഷഹീന്‍ 7.9 എന്ന ദയനീയ ഇക്കോണമി റേറ്റില്‍ വഴങ്ങിയത് 79 റണ്‍സായിരുന്നു. നേടാനായത് ഒരേയൊരു വിക്കറ്റ് മാത്രം. ഞായറാഴ്ചയായിരുന്നു ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റ് ഷഹീന്‍ പിഴുതത്. റിസര്‍വ് ദിനമായ ഇന്ന് ഒരു വിക്കറ്റ് പോലും അദ്ദേഹത്തിനു ലഭിച്ചില്ല.

ഇന്ത്യയുമായുള്ള സൂപ്പര്‍ ഫോര്‍ മല്‍സരത്തിന്റെ തലേ ദിവസമായിരുന്നു രോഹിത് ശര്‍മയ്ക്കും സംഘത്തിവും ഷഹീന്റെ വമ്പന്‍ മുന്നറിയിപ്പ്.

ഇന്ത്യയുമായുള്ള മല്‍സരങ്ങളെല്ലാം തന്നെ സ്പെഷ്യലാണ്. അണ്ടര്‍ 16 തലത്തില്‍ നേരത്തേ കളിച്ചിരുന്നപ്പോള്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരങ്ങളെ ആവേശത്തോടയായിരുന്നു ഞാന്‍ കണ്ടിരുന്നത്. ഇന്ത്യക്കെതിരേ എന്റെ ഏറ്റവും മികച്ച പ്രകടനം ഇതുവരെ വന്നതായി കരുതുന്നില്ല, ഇതു വെറും തുടക്കം മാത്രം. ഏറ്റവും മികച്ച പ്രകടനം ഇനിയും വരാന്‍ പോവുന്നതേയുള്ളൂവെന്നായിരുന്നു ഷഹീന്റെ മുന്നറിയിപ്പ്.

നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തപ്പോള്‍ ഷഹീന്‍ കസറിയിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ അന്നു ഏറ്റവുമധികം നാശം വിതച്ചത് അദ്ദേഹമായിരുന്നു. 10 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 3.5 ഇക്കോണമി റേറ്റില്‍ 35 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ ഷഹീന്‍ പിഴുതിരുന്നു.