അഫ്രീദിയുടെ മകളെ സ്വന്തമാക്കാനൊരുങ്ങി സൂപ്പര്‍ താരം

Image 3
CricketCricket News

പാക് യുവ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി വിവാഹിതനാവുന്നു. മുന്‍ പാക് ക്യാപ്റ്റനും ഇതിഹാസ താരവുമായി ഷാഹിദ് അഫ്രീദിയുടെ മകള്‍ അഖ്‌സ അഫ്രീദിയാണ് വധു. ഷാഹിദ് അഫ്രീദി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു.

അഫ്രീദിയുടെ മകളെ വിവാഹം ആലോചിച്ചു എന്നും അവര്‍ അത് അംഗീകരിച്ചു എന്നും ഷഹീന്റെ പിതാവ് അയാസ് ഖാനും സമ്മതിച്ചു. വളരെ നേരത്തെ കുടുംബത്തെ അറിയാമെന്നും വിവാഹ ആലോചനയുമായി ചെന്നപ്പോള്‍ അനുകൂലമായാണ് സംസാരിച്ചതെന്നും അയാസ് ഖാന്‍ പറയുന്നതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, വിവാഹം ഉടനില്ല എന്നാണ് സൂചന. ഷഹീന്‍ ക്രിക്കറ്റ് കളിക്കുകയാണെന്നും അഖ്‌സ പഠിക്കുകയാണെന്നും അതുകൊണ്ട് തന്നെ വിവാഹം രണ്ട് വര്‍ഷത്തിനുള്ളില്‍ മാത്രമേ നടക്കാന്‍ സാധ്യതയുള്ളൂ എന്നും അവര്‍ അറിയിച്ചു. അഖ്‌സയുടെ പഠനം കഴിയുന്നതിനു പിന്നാലെ എന്‍ഗേജ്‌മെന്റ് ഉണ്ടാകുമെന്നാണ് സൂചന.

അഞ്ച് പെണ്‍മക്കളടങ്ങിയതാണ് അഫ്രീദിയുടെ കുടുംബം. അഖ്സ, അന്‍ഷ, അജ്വ, അസ്മര, അര്‍വ എന്നിങ്ങനെയാണ് അഫ്രീദിയുടെ മക്കളുടെ പേരുകള്‍.

അതേസമയം പാകിസ്താന്റെ ഇപ്പോഴത്തെ ബൗളിങ് നിരയില്‍ ശ്രദ്ധേയനാണ് ഇടംകയ്യന്‍ ഫാസ്റ്റ് ബൗളറായ ഷഹീന്‍ അഫ്രീദി. 2018ല്‍ അഫ്ഗാനിസ്താനെതിരായ ഏകദിനത്തിലാണ് ഷഹിന്‍ ഷാ അഫ്രീദി പാകിസ്താനായി അരങ്ങേറിയത്. ആ വര്‍ഷം തന്നെ ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളിലും ഷഹീന്‍ അരങ്ങേറ്റം കുറിച്ചു.

ഇപ്പോള്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും പാകിസ്താന് വേണ്ടി പന്ത് എറിയുന്നുണ്ട്. പാകിസ്താനായി ഇതുവരെ 15 ടെസ്റ്റുകളും 22 എകദിനങ്ങളും 22 ടി20 മത്സരങ്ങളും ഷഹീന്‍ അഫ്രീദി കളിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോകകപ്പില്‍ പാക്കിസ്ഥാന്റെ താരോദയമായിരുന്നു ഷഹീന്‍ അഫ്രീദി. ലോകകപ്പില്‍ അഞ്ചു വിക്കറ്റെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഷഹീന്‍ അഫ്രീദി. 19 വയസായിരുന്നു അന്ന് പ്രായം.