ഐപിഎല്‍ മെഗാ ലേലം: ബിസിസിഐ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പോരടിച്ച് ഷാരൂഖും നെസ് വാഡിയയും

ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നടന്ന ടീം ഉടമകളുടെ യോഗത്തില്‍ കളിക്കാരെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാനും പഞ്ചാബ് കിംഗ്സ് ഉടമ നെസ് വാഡിയയും തമ്മിലായിരുന്നു പ്രധാന തര്‍ക്കം.
ഐപിഎല്ലില്‍ ഒരോ സീസണിലും എട്ട് കളിക്കാരെ വരെ നിലനിര്‍ത്താന്‍ അനുമതി നല്‍കണമെന്ന ഷാരൂഖിന്റെ ആവശ്യത്തെ നെസ് വാഡിയ ശക്തമായി എതിര്‍ത്തു. ഇതാണ് വാക്കുതര്‍ക്കത്തിലെത്തിയത്.

ടീമുകളെ ഉടച്ചുവാര്‍ക്കണമെന്ന നെസ് വാഡിയയുടെ വാദത്തിനെതിരെ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയുടെ ഷാരൂഖും സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ കാവ്യ മാരനും രംഗത്തെത്തി. ടീം കെട്ടിപ്പടുക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നും മെഗാലേലത്തിലൂടെ അത് തകര്‍ക്കുന്നത് ശരിയല്ലെന്നും കാവ്യ മാരന്‍ അഭിപ്രായപ്പെട്ടു. യുവതാരങ്ങളില്‍ വലിയ നിക്ഷേപം നടത്തിയ ശേഷം അവരെ മറ്റ് ടീമുകള്‍ക്ക് നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഷാരൂഖിനെ പിന്തുണച്ച് കാവ്യ പറഞ്ഞു.
അഭിഷേക് ശര്‍മയെപ്പോലൊരു താരം മികച്ച പ്രകടനം പുറത്തെടുക്കാന്‍ മൂന്ന് വര്‍ഷമെടുത്തുവെന്നും മറ്റ് ടീമുകളിലും ഇതുപോലെ നിരവധി ഉദാഹരണങ്ങള്‍ കാണാമെന്നും കാവ്യ മാരന്‍ പറഞ്ഞു.
ഐപിഎല്‍ മെഗാ താരലേലത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ബിസിസിഐ ടീം ഉടമകളുടെ യോഗം വിളിച്ചത്. ഷാരൂഖ്, നെസ് വാഡിയ, കാവ്യ മാരന്‍ എന്നിവര്‍ നേരിട്ടെത്തിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ഉടമകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പങ്കെടുത്തത്. ടീമുകളുടെ നിര്‍ദേശങ്ങള്‍ ഐപിഎല്‍ ഭരണസമിതിക്ക് കൈമാറുമെന്ന് ബിസിസിഐ അറിയിച്ചു.