പന്തല്ല, പാണ്ട്യയുമല്ല; രോഹിത് യുഗത്തിന് ശേഷം ഇന്ത്യൻ നായകൻ ഇവനാണ്; സർപ്രൈസ് പ്രവചനവുമായി സെവാഗ്

Image 3
CricketTeam India

അടുത്ത മാസം നടക്കാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിനായി ശുഭ്മാൻ ഗില്ലിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായി ബിസിസിഐ നിയമിച്ചതിന് പിന്നാലെ, തീരുമാനത്തെ സ്വാഗതം ചെയ്ത് മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ വീരേന്ദർ സെവാഗ്. കൂടാതെ രോഹിതിന് ശേഷം ഭാവിയിലെ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിൽ ഗില്ലിനെ വാഴ്ത്തുകയും ചെയ്തു ഇന്ത്യയുടെ മുൻ വെടിക്കെട്ട് ബാറ്റർ.

സെവാഗിന്റെ പ്രവചനം

ഐപിഎൽ 2024-ൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ ഗില്ലിന് കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും, സെവാഗ് ഗില്ലിന്റെ നായകപാടവത്തിൽ വിശ്വാസം പ്രകടിപ്പിച്ചു. ഗില്ലിന് ടി20 ലോകകപ്പ് 2024 ടീമിൽ ഇടം നേടാനാകാത്തതിൽ സെവാഗ് നിരാശ പ്രകടിപ്പിച്ചു. പക്ഷേ, സിംബാബ്‌വെയിലെ ടി20 പരമ്പരയിൽ അദ്ദേഹം തിളങ്ങുമെന്ന് ഉറപ്പാണെന്നും മുൻ ഇന്ത്യൻ ഓപ്പണർ പറയുന്നു.

രോഹിത്തിന്റെ പിൻഗാമി

രോഹിത് ശർമ്മ വിരമിക്കുമ്പോൾ ഗില്ലായിരിക്കും അദ്ദേഹത്തിന്റെ പിൻഗാമിയെന്ന് സെവാഗ് പ്രവചിക്കുന്നു.

“ശുഭ്മാൻ ഗിൽ ദീർഘകാലത്തേക്കുള്ള ഇൻവെസ്റ്മെന്റാണ്. മൂന്ന് ഫോർമാറ്റുകളിലും മികച്ചരീതിയിൽ കളിക്കുന്ന കളിക്കാരനാണ് ഗിൽ. കഴിഞ്ഞ വർഷം മികച്ച ഫോമിലായിരുന്നിട്ടും, 2024 ടി20 ലോകകപ്പ് ടീമിൽ ഇടം നേടാനാവാത്തത് നിർഭാഗ്യകരമായിരുന്നു. എന്റെ അഭിപ്രായത്തിൽ, അദ്ദേഹത്തെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം മികച്ചതാണ്. രോഹിത് ശർമ്മ സമീപഭാവിയിൽ വിടപറയുമ്പോൾ, നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗില്ലായിരിക്കും അദ്ദേഹത്തിന്റെ ശരിയായ പകരക്കാരൻ.”

ക്രിക്ബസിനോട് സംസാരിക്കവെ, സെവാഗ് പറഞ്ഞു. മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ട്യയോ, ഡൽഹി നായകൻ ഋഷഭ് പന്തോ ആയിരിക്കും രോഹിതിന് ശേഷം ഇന്ത്യയുടെ നായകന്മാർ എന്ന് ഏറെക്കുറെ എല്ലാ ക്രിക്കറ്റ് നിരീക്ഷകരും ഉറപ്പിച്ച ഘട്ടത്തിലാണ് സെവാഗിന്റെ വ്യത്യസ്തമായ നിരീക്ഷണം.

സിംബാബ്‌വെ പര്യടനം

സിംബാബ്‌വെ പര്യടനത്തിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഐപിഎൽ സെൻസേഷനായി മാറിയ റിയാൻ പരാഗ്, അഭിഷേക് ശർമ്മ, എന്നിവർ ഈ ടീമിൽ ഇടം നേടിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ജൂലൈ 6 മുതൽ സിംബാബ്‌വെയിൽ ഇന്ത്യ അഞ്ച് ടി20 മത്സരങ്ങൾ കളിക്കും.

ഗിൽ നേരിട്ട് സിംബാബ്‌വെയിലേക്ക്

ടി20 ലോകകപ്പ് 2024 ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ശേഷം ഇതുവരെ നാട്ടിലേക്ക് മടങ്ങിയിട്ടില്ലാത്തതിനാൽ, ഗിൽ മുംബൈയിൽ ടീമിനൊപ്പം ചേരില്ല. ജൂലൈ 1-ന് ഇന്ത്യൻ ടീം സിംബാബ്‌വെയിലേക്ക് പുറപ്പെടും.

ലക്ഷ്മൺ ഇടക്കാല പരിശീലകൻ

എൻസിഎ തലവൻ വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ടീമിന്റെ ഇടക്കാല മുഖ്യ പരിശീലകനായി ടീമിനെ അനുഗമിക്കും.

സാംസൺ, റിങ്കു, ജയ്‌സ്വാൾ, ഖലീൽ എന്നിവരുടെ ഭാവി

ടി20 ലോകകപ്പ് 2024-ൽ കളിക്കുന്ന സഞ്ജു സാംസൺ, റിങ്കു സിംഗ്, യശസ്വി ജയ്‌സ്വാൾ, ഖലീൽ അഹമ്മദ് എന്നിവർ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, അവർ ജൂൺ 29 ന് ശേഷമേ സിംബാബ്‌വെയിൽ എത്തുകയുള്ളൂ.