ഹീറോ ലുക്കാക്കു വില്ലനായി, ഇന്ററിനെ അട്ടിമറിച്ച് സെവിയ്യ യൂറോപ്പ ചാമ്പ്യന്‍മാര്‍

ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് സെവിയ്യ തങ്ങളുടെ ആറാം യൂറോപ്പ കിരീടം സ്വന്തമാക്കി. തുടക്കത്തിലെ ഹീറോ പരിവേഷത്തിൽ നിന്നും റൊമേലു ലുക്കാക്കുവിന് ഇന്ററിന്റെ വില്ലനാവേണ്ടി വന്ന മത്സരമായി മാറുകയായിരുന്നു ഈ ഫൈനൽ. അവസാന സമയത്ത് ലുക്കാക്കുവിന്റെ ഓൺ ഗോളിലൂടെയാണ് സെവില്ല വിജയഗോൾ കണ്ടെത്തുന്നത്.

ഇതോടെ 14 വർഷത്തിനുള്ളിൽ ആറാം തവണയാണ് സെവില്ല യൂറോപ്പ കീരീടം ചൂടുന്നത്. ലോപറ്റെഗിയുടെ കീഴിൽ ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് സെവില്ല കാഴ്ച വെക്കുന്നത്. പരിശീലകനായി ലോപെറ്റെഗി സെവിയ്യക്കൊപ്പം ഇതോടെ തന്റെ ആദ്യ യൂറോപ്യൻ കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്. കൂടാതെ ഈ സീസണോടെ ക്ലബ്ബ് വിടുന്ന എവർ ബനേഗക്കും ഇത് മാധുര്യമേറിയ വിജയമായി മാറിയിരിക്കുകയാണ്.

ആദ്യത്തെ അഞ്ചു മിനുട്ടിൽ തന്നെ ഇന്റെർമിലാൻ ലുക്കാക്കുവിലൂടെ മുന്നിലെത്തുകയായിരുന്നു. സെവിയ്യ ഡിഫൻഡർ കാർലോസ് പെനാൽറ്റി ബോക്സിൽ ലുക്കാക്കുവിനെ വീഴ്ത്തിയതിയതിനു കിട്ടിയ പെനാൽറ്റി ലുക്കാക്കു തന്നെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതോടെ ഇന്റർമിലാനു വേണ്ടി ഗോൾവേട്ടയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ 34 ഗോളോടെ ബ്രസീലിയൻ റൊണാൾഡോക്ക് ഒപ്പമെത്താൻ സാധിച്ചു.

എന്നാൽ അധികം വൈകാതെ തന്നെ ഡി ജോങിന്റെ രണ്ടു തകർപ്പൻ ഹെഡ്ഡറിലൂടെ സെവിയ്യ മുന്നിലെത്തി. അതിനു ശേഷം ഉണർന്നു കളിച്ച ഇന്റർ മിലാൻ ആദ്യപകുതിക്കു മുമ്പേ തന്നെ ഡീഗോ ഗോഡിന്റെ ഹെഡ്ഡർ ഗോളിലൂടെ സമനിലപിടിച്ചു. എന്നാൽ 74-ാം മിനുട്ടിൽ സെവിയ്യ പ്രതിരോധതാരം ഡീഗോ കാർലോസ് തലയ്ക്കു മുകളിലൂടെ അടിച്ച അക്രോബാറ്റിക് കിക്ക് ഗോൾവലക്കു മുന്നിൽ നിന്ന ലുക്കാക്കുവിന്റെ കാലിൽ തട്ടി ഗതിമാറി ഗോൾവലയിൽ കേറുകയും സെവിയ്യയുടെ വിജയഗോളായി മരുകയുമായിരുന്നു.

You Might Also Like