അർജന്റൈൻ സൂപ്പർതാരത്തെ തട്ടകത്തിലെത്തിച്ച് സെവിയ്യ, റയൽ സൂപ്പർതാരം യുണൈറ്റഡിലേക്ക്

Image 3
FeaturedFootballLa Liga

പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങിന്റെ അർജന്റൈൻ ലെഫ്റ്റ് ബാക്ക് മാർക്കോസ് അക്യുന ഇനി സ്പാനിഷ് വമ്പൻമാരായ സെവിയ്യയുടെ ജേഴ്സിയണിയും. താരത്തെ തങ്ങൾ ക്ലബ്ബിൽ എത്തിച്ചതായി സെവിയ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് . നാലു വർഷത്തെ കരാറിലാണ് താരം സെവിയ്യയിൽ എത്തുന്നത്. ഈ സീസണിൽ സെവിയ്യ സൈൻ ചെയ്യുന്ന അഞ്ചാമത്തെ താരമാണ് അക്യൂന.

സുസോ, റാക്കിറ്റിച്ച്, ബൂനോ, ഓസ്‌കാർ റോഡ്രിഗസ് എന്നീ താരങ്ങളെ മുമ്പേ തന്നെ സെവിയ്യയിലെത്തിച്ചിരുന്നു. പന്ത്രണ്ട് മില്യൺ യൂറോക്കാണ് അക്യൂനയെ സെവിയ്യ സ്പോർട്ടിങ്ങുമായി കരാറിലെത്തിയത്. കഴിഞ്ഞ സീസണിൽ സ്പോർട്ടിങ്ങിനായി രണ്ടു ഗോളും നാലു അസിസ്റ്റും നേടാൻ അക്യുനക്ക് കഴിഞ്ഞിട്ടുണ്ട്. ആകെ 27 മത്സരങ്ങളിൽ അർജന്റീനക്ക് വേണ്ടി കളിക്കാനും അക്യുനക്ക് കഴിഞ്ഞിട്ടുണ്ട്. മധ്യനിരയിലും കളിപ്പിക്കാൻ സാധിക്കുന്ന താരത്തിന്റെ വരവ് സെവിയ്യക്ക് വലിയ ഗുണം ചെയ്യും.

എന്നാൽ അക്യുനയുടെ വരവോടെ റയൽ മാഡ്രിഡ്‌ താരം സെർജിയോ റെഗ്വിലോണിന് ഇനി സെവിയ്യയിൽ സ്ഥാനമുണ്ടായേക്കില്ല എന്ന് വ്യക്തമായിരിക്കുകയാണ്. റയൽ മാഡ്രിഡിൽ നിന്ന് ലോണിൽ എത്തി സെവിയ്യക്ക് വേണ്ടി കളിച്ച താരമാണ് റെഗിലോൺ. സെവിയ്യക്ക് യൂറോപ്പ ലീഗ് കിരീടം നേടാനും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടികൊടുക്കുന്നതിലും നിർണായകപങ്ക് വഹിച്ച താരമാണ് റെഗ്വിലോൺ.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കാണ് റെഗിലോൺ കൂടുമാറാൻ സാധ്യത കാണുന്നത്. താരത്തെ റയൽ കൈവിടുമെന്നുറപ്പായിരിക്കുകയാണ്. ഇരുപത്തിമൂന്നുകാരനായ താരം മികച്ച പ്രകടനമാണ് ഇടതു വിങ്ങിൽ കാഴ്ച്ചവെക്കുന്നത്. സെവിയ്യക്ക് വേണ്ടി 31 മത്സരങ്ങൾ താരം കളിച്ചിരുന്നു. 18-27 മില്യൺ പൗണ്ടുകൾക്കിടയിലുള്ള ഒരു തുകയാണ് താരത്തിനായി റയൽ ആവശ്യപ്പെട്ടേക്കുക. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മികച്ചൊരു താരത്തെ തേടുന്ന യുണൈറ്റഡ് റെഗ്വിലോണെ ഓൾഡ് ട്രാഫോഡിലെത്തിക്കാനുള്ള ശ്രമത്തിലാണ്.