രണ്ട് യൂറോപ്യന്‍ വമ്പന്‍മാരെ ഒരേ സമയം പങ്കാളികളാക്കി, അമ്പരപ്പിച്ച് ഐഎസ്എല്‍ ക്ലബ്

Image 3
FootballISL

ലാലിഗന്‍ വമ്പന്‍മാരായ സെവില്ലയുമായി ഐഎസ്എല്‍ ക്ലബ് ഹൈദരാബാദ് എഫ്‌സി കൈകോര്‍ത്തതായി റിപ്പോര്‍ട്ട്. ഹൈദരാബാദ് എഫ്‌സിയെ സാങ്കേതികമായി സഹായിക്കാനാണ് സെവില്ല പാര്‍ട്ട്ണറായി വരുന്നത്. നേരത്തെ ജര്‍മ്മന്‍ ക്ലബ് ബൊറൂസിയ ഡോട്ട്മുണ്ടുമായും ഹൈദരാബാദ് എഫ്‌സി കൈകോര്‍ത്തിരുന്നു.

ഫാന്‍ എന്‍ഗേജുമെന്റും യൂത്ത് ഡെവലപ്പുമെന്റും ലക്ഷ്യമിട്ടാണ് ജര്‍മ്മന്‍ വമ്പന്‍മാരായി ഹൈദരാബാദ് കൈകോര്‍ത്തത്. ഇതോടെ രണ്ട് യൂറോപ്യന്‍ ക്ലബുമായി ഒരേ സമയം സഹകരിക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബായി മാറി ഹൈദരാബാദ് എഫ്‌സി.

സെവില്ലയുമായുളള സഹകരണത്തിന്റെ കാര്യത്തില്‍ ഹൈദരാബാദ് എഫ്‌സി ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. വരും മണിക്കൂറില്‍ തന്നെ ആ പ്രഖ്യാപനം ഉണ്ടാകും എന്നാണ് നമുക്ക് ലഭിക്കുന്ന വിവരം.

ആറ് യുവേഫ യൂറോപ്പ ലീഗ് കിരീടവും ഒരു ലാലിഗയും അഞ്ച് കോപാ ഡെല്‍ റെ കിരീടവും സ്വന്തമാക്കിയിട്ടുളള സ്പാനിഷ് ക്ലബാണ് സെവില്ല. ഇന്ത്യയിലെ ഒരു ക്ലബുമായി സഹകരണ കരാര്‍ ഒപ്പിട്ടതായി സെവില്ല സിഇഒ വെളിപ്പെടുത്തി കഴിഞ്ഞു. ‘പരിമിതമായ വിഭവങ്ങളുളള ചെറിയ ക്ലബാണ് ഞങ്ങളുടേത്. എന്നാല്‍ ഇപ്പോള്‍ ഇന്റനാഷണലി വളരാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യ ലക്ഷ്യമാക്കിയാണ് സഹകരണം ഞങ്ങള്‍ തേടുന്നത്’ സെവില്ല സിഇഒ ജോസ് മരിയ ക്രുസ് വെളിപ്പെടുത്തി.

ഇതോടെ ഈ സീസണില്‍ ഇന്ത്യയിലേക്ക് വരുന്ന മൂന്നാമത്തെ യൂറോപ്യന്‍ ക്ലബായി മാറി സെവില്ല. നേരത്തെ ബൊറൂസിയയും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ത്യന്‍ ക്ലബുകളുമായി സഹകരണ കരാര്‍ ഒപ്പിട്ടിരുന്നു.