യുണൈറ്റഡ് ലോകത്തിലെ മികച്ച ടീം, പ്രശംസകൊണ്ടു മൂടി സെവിയ്യ പരിശീലകൻ

88-ാം മിനുട്ടിൽ ലൂക്കാസ് ഒകമ്പോസ്‌ നേടിയ ഏക ഗോളിൽ ഇംഗ്ലീഷ് പടക്കുതിരകളായ വൂൾവ്സിനെ തകർത്ത് യുവേഫ യൂറോപ്പ ലീഗിന്റെ സെമി ഫൈനലിൽ കടന്നിരിക്കുകയാണ് സ്പാനിഷ് ക്ലബ്ബായ സെവിയ്യ. ഡാനിഷ് ക്ലബ്ബായ കോപൻഹേഗനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യൂണൈറ്റഡിനെയാണ് സെവിയ്യ നേരിടേണ്ടി വരിക.

എന്നാൽ മത്സരശേഷം നടന്ന അഭിമുഖത്തിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെക്കുറിച്ച് സെവിയ്യ പരിശീലകനായ ജൂലെൻ ലോപെറ്റെഗിക്ക് എതിരാളികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിനെ പറ്റി പ്രശംസ കൊണ്ട് മൂടുകയാണുണ്ടായത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബാണെന്നും അവർക്കെതിരെ വളരെ മികച്ചരീതിയിൽ തയ്യാറാവേണ്ടതുണ്ടെന്നുമാണ് ലോപെറ്റെഗി അഭിപ്രായപ്പെട്ടത്.

“അടുത്തമത്സരത്തിൽ ഞങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് നേരിടാൻ പോവുന്നത്, അവർ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബാണ്, പക്ഷെ ഞങ്ങൾ അവർക്കെതിരെ തയ്യാറായിയിരിക്കേണ്ടതുണ്ട്. ഞങ്ങൾ ആ മത്സരത്തിനാണ് കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുന്നത്. നിലവിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഒരു ടീമും ചരിത്രപരമായി മികച്ചതും ലോകത്തിലെ തന്നെ മികച്ച ക്ലബ്ബുകളിലൊന്നുമാണവർ.”

“ഞങ്ങൾ എപ്പോഴും ചെയ്യുന്നത് പോലെ കഴിവിന്റെ പരമാവധി ശ്രമിക്കും. അവർക്കെതിരെ കളിക്കുകയെന്നത് വളരെ ശ്രമകരമായ ഒന്നാണ്, എങ്കിലും തോല്പിക്കാനാവുമെന്ന വിശ്വാസത്തോടെയാണ് ഞങ്ങൾ കളത്തിലിറങ്ങുന്നത്.” ലോപെറ്റെഗി അഭിപ്രായപ്പെട്ടു. 2014-16 വർഷങ്ങളിൽ തുടർച്ചയായി മൂന്നു യൂറോപ്പ ലീഗ് സ്വന്തമാക്കിയ സെവിയ്യ ഈ വർഷത്തെ കിരീടത്തിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നാണ് പ്രത്യാശിക്കുന്നത്.

You Might Also Like