അർജന്റൈൻ പരിശീലകരുടെ കോപ്പ അമേരിക്ക, കിരീടം നേടാൻ ഏഴ് അർജന്റൈൻ പരിശീലകർ

Image 3
International

ഇത്തവണ കോപ്പ അമേരിക്ക കിരീടം നേടാൻ ഏറ്റവുമധികം സാധ്യത അർജന്റീനക്കാണെന്ന് കരുതുന്നുണ്ടെങ്കിലും വെല്ലുവിളി ഉയർത്താൻ പോന്ന ടീമുകൾ ടൂർണമെന്റിലുണ്ട്. യുവതാരങ്ങളുടെ കരുത്തിലെത്തുന്ന ബ്രസീൽ, ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ബ്രസീലിനെയും അർജന്റീനയെയും കീഴടക്കി കരുത്ത് കാണിച്ച യുറുഗ്വായ് എന്നിവരെല്ലാം കടുത്ത പോരാട്ടം കാഴ്‌ച വെക്കുമെന്നുറപ്പാണ്.

കോപ്പ അമേരിക്കയിലെ കൗതുകകരമായ ഒരു കാര്യം ടൂർണമെന്റിനായി എത്തുന്ന ടീമുകളിൽ ഭൂരിഭാഗവും പരിശീലിപ്പിക്കുന്നത് അർജന്റൈൻ പരിശീലകരാണെന്നുള്ളതാണ്. ആകെ പതിനാറു ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കുമ്പോൾ അതിൽ ഏഴെണ്ണത്തിലും അർജന്റീനയിൽ നിന്നുള്ള പരിശീലകരാണ്. ലോകഫുട്ബോളിൽ വളരെയധികം ആരാധിക്കപ്പെടുന്ന പരിശീലകരും അതിലുണ്ട്.

അർജന്റൈൻ പരിശീലകൻ ലയണൽ സ്‌കലോണി, യുറുഗ്വായ് പരിശീലകൻ മാഴ്‌സലോ ബിയൽസ എന്നിവർ ഒരുപാട് ആരാധിക്കപ്പെടുന്ന മാനേജർമാരാണ്. ഇവർക്ക് പുറമെ ചിലിയുടെ മാനേജർ റിക്കാർഡോ ഗരേക്ക, വെനസ്വലയുടെ പരിശീലകൻ ഫെർണാണ്ടോ ബാറ്റിസ്റ്റ, കൊളംബിയയുടെ മാനേജർ നെസ്റ്റർ ലോറെൻസോ, കോസ്റ്റാറിക്കയുടെ പരിശീലകൻ ഗുസ്ഥാവോ ആഫ്രഡോ, പരാഗ്വയുടെ കോച്ച് ഓസ്‌കാർ ഗാർണറോ എന്നിവർ അർജന്റീനയിൽ നിന്നാണ്.

ബ്രസീലിൽ നിന്നുള്ള രണ്ടു പരിശീലകരാണ് ടൂർണ്ണമെന്റിനുള്ളത്. ബ്രസീൽ ടീം മാനേജർ ഡോറിവാൽ ജൂനിയറും ബൊളീവിയൻ പരിശീലകൻ അന്റോണിയോ കാർലോസ് സാഗയും. രണ്ടു സ്‌പാനിഷ്‌ പരിശീലകരും അമേരിക്ക, കാനഡ, യുറുഗ്വായ്, ഐസ്‌ലാൻഡ്, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പരിശീലകരും കോപ്പ അമേരിക്കയിൽ ടീമുകളെ നയിക്കുന്നു.