ബാഴ്സക്ക് ലാലിഗ നഷ്ടമാകാൻ കാരണം താനല്ലെന്ന് സെറ്റിയൻ

ലാലിഗ കിരീടപ്പോരാട്ടത്തിൽ ബാഴ്സ രണ്ടാം സ്ഥാനത്ത് എത്തിയതിനെക്കുറിച്ചു സംസാരിച്ച് പരിശീലകൻ സെറ്റിയൻ. കിരീടം നഷ്ടമാവുകയാണെങ്കിൽ അതിന്റെ പൂർണമായ കാരണം താനല്ലെന്നാണ് സെറ്റിയൻ പറയുന്നത്. അതേ സമയം എതിരാളികളായ റയൽ മാഡ്രിഡിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ലാലിഗ മത്സരത്തിനു മുൻപുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ബാഴ്സ രണ്ടാം സ്ഥാനത്തേക്കു പോയതിന്റെ കുറച്ച് ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കും. എന്നാൽ അതു മുഴുവൻ എന്റെ കുഴപ്പം കൊണ്ടല്ല. പരിശീലകരാണ് ഇത്തരം അവസരങ്ങളിൽ വളരെയധികം വിമർശനങ്ങൾക്കു വിധേയമാകുക. സമനില വഴങ്ങിയ മൂന്നു മത്സരങ്ങളിൽ ടീമിന്റെ പ്രകടനം മോശമാണെന്നും ഞാൻ ചിന്തിക്കുന്നില്ല.”

“റയലിനെ ഇക്കാര്യത്തിൽ ഞാൻ വളരെയധികം അംഗീകരിക്കുന്നു. സീസൺ പുനരാരംഭിച്ചതിനു ശേഷം എല്ലാ മത്സരങ്ങളിലും അവർ വിജയം നേടി. അതേ സമയം ബാഴ്സലോണയെ റൊട്ടേഷൻ നടത്താത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ബാധിച്ചുവെന്നാണ് ഞാൻ കരുതുന്നത്.” സെറ്റിയൻ പറഞ്ഞു.

നിലവിൽ രണ്ടു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ലാലിഗ കിരീടം റയലിന് ഒരു വിജയം മാത്രം അകലെയാണ്. കഴിഞ്ഞ രണ്ടു തവണയും ലാലിഗ കിരീടം ബാഴ്സലോണയാണ് നേടിയത്. ഇത്തവണ കിരീടം നഷ്ടമാകുന്നത് ടീമിന് കനത്ത തിരിച്ചടിയാണ്.

You Might Also Like