‘കാലനായി’ വീണ്ടും സിറാജ്, ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ തലയ്ക്ക് ഗുരുതര പരിക്ക്, ടീമില്‍ നിന്ന് പുറത്ത്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് പരിശീലനത്തിനിടെ പരിക്കേറ്റു. ഇതോടെ ആദ്യ ടെസ്റ്റില്‍ മായങ്ക് കളിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. പരിശീലനത്തിനിടെ ഇന്ത്യയുടെ പേസര്‍ മുഹമ്മദ് സിറാജിന്റെ ബൗണ്‍സര്‍ തലയില്‍ കൊണ്ടാണ് മായങ്ക് അഗര്‍വാളിന് പരിക്കേറ്റത്.

നേരത്തെ കൗണ്ടി ഇലവനെതിരായ സന്നാഹ മത്സരത്തില്‍ സിറാജിന്റെ പന്ത് കൈക്ക് കൊണ്ട് മറ്റൊരു ഇന്ത്യന്‍ താരം വാഷിംങ്ടണ്‍ സുന്ദറും ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു.

തിങ്കളാഴ്ച നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നെറ്റ് സെഷനില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ മായങ്ക് അഗര്‍വാളിന് പരിക്കേറ്റത്. സിറാജിന്റെ പന്ത് അഗര്‍വാളിന്റെ ഹെല്‍മെറ്റില്‍ ഇടിക്കുകയായിരുന്നു. മായങ്ക് പുറത്തായ വിവരം ബിസിസിഐ വാര്‍ത്തക്കുറിപ്പിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ബി സി സി ഐ മെഡിക്കല്‍ ടീം മായങ്ക് അഗര്‍വാളിനെ പരിശോധിച്ചു. വിശദമായ പരിശോധനയില്‍ അദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതാണെന്ന് കണ്ടെത്തുകയും, ഒന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കുകയുമായിരുന്നു. മായങ്ക് അഗര്‍വാള്‍ മെഡിക്കല്‍ നിരീക്ഷണത്തില്‍ തുടരുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.

നിലവിലെ ഇന്ത്യന്‍ നിരയിലെ ഏറ്റവും വേഗതയേറിയ ബോളറായ സിറാജിനെ നെറ്റില്‍ നേരിടുന്നതിനിടയില്‍, പന്ത് ഹെല്‍മെറ്റില്‍ കൊള്ളുകയും തലയ്ക്ക് പിന്നില്‍ പരിക്കേല്‍ക്കുകയുമായിരുന്നു. ഫിസിയോ നിതിന്‍ പട്ടേലിനൊപ്പം ഗ്രൗണ്ടില്‍ ഇരുന്ന മായങ്ക് അഗര്‍വള്‍, പിന്നീട് ഹെല്‍മറ്റ് മാറ്റിയപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്.

നേരത്തെ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിനെ പരിക്കിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഇതോടെ ഓപ്പണിങ് സ്ഥാനത്തേക്ക് പകരക്കാരെ കണ്ടെത്താന്‍ ഇന്ത്യ ബുദ്ധിമുട്ടുമെന്നാണ് സൂചന. കെ. എല്‍ രാഹുല്‍ പകരക്കാരനാകുമെന്നാണ് സൂചന. മധ്യനിരയില്‍ ഇറങ്ങാന്‍ ഇഷ്ടപ്പെട്ടിരുന്ന രാഹുല്‍ വീണ്ടും ഓപ്പണറായി എത്തും. ബംഗാള്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരനാണ് ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു താരം.

ഓഗസ്റ്റ് നാലിന് നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. ഈ പരമ്പര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം പതിപ്പിന് തുടക്കം കുറിക്കും. 2020ല്‍ തുടങ്ങിയ ആദ്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ് ജേതാക്കളായിരുന്നു.

You Might Also Like