തകര്‍പ്പന്‍ തുടക്കം, പിന്നാലെ അടിപതറി ടീം ഇന്ത്യ, രക്ഷാപ്രവര്‍ത്തവുമായി കോഹ്ലിയും പൂജാരയും

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റിന് 69 റണ്‍സ് എന്ന നിലയിലാണ് ക്രീസില്‍. റണ്‍സൊന്നും എടുക്കാതെ പൂജാരയും ആറ് റണ്‍സുമായി കോഹ്ലിയുമാണ് ഇന്ത്യന്‍ നിരയില്‍ ക്രീസില്‍യ

മികച്ച തുടക്കം ലഭിച്ച ശേഷമാണ് ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടമായത്. ആദ്യ വിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത്ത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

രോഹിത്ത് 68 പന്തില്‍ ആറ് ഫോര്‍ സഹിതം 34 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഗില്‍ 64 പന്തില്‍ മൂന്ന് ഫോറടക്കം 28 റണ്‍സും സ്വന്തമാക്കി. മികച്ച രീതിയില്‍ ടീം സ്‌കോര്‍ കുതിക്കുന്നതിനിടെ കെയ്ന്‍ ജാമിസന്റെ പന്തില്‍ സൗത്തിയ്ക്ക് പിടികൊടുത്താണ് രോഹിത്ത മടങ്ങിയത്.

തൊട്ടുടനെ ഗില്‍ വാഗ്നറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൈറ്റിംഗിന് ക്യാച്ച് സമ്മാനിച്ച് പുറത്തായി. ഇതോടെ പ്രതിരോധത്തിലായ ടീം ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഉച്ചഭക്ഷണം വരെ പൂജാരയും കോഹ്ലിയും പ്രതിരോധിക്കുകയായിരുന്നു.

രണ്ട് വര്‍ഷം നീണ്ട ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് സമാപനം കുറിച്ച് കൊണ്ടാണ് ഈ ഫൈനല്‍ നടക്കുന്നത്. വിജയികള്‍ക്ക് 21 കോടി രൂപയോളം സമ്മാനത്തുകയാണ് കാത്തിരിക്കുന്നത്.

You Might Also Like