കാമുകിയോടൊപ്പം കോവിഡ് നിയമം ലംഘിച്ചു പിറന്നാൾ ആഘോഷം, ക്രിസ്ത്യാനോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

സ്പാലിനെതിരായ കോപ്പ ഇറ്റാലിയ മത്സരത്തിൽ യുവന്റസ് സ്‌ക്വാഡിൽ നിന്നും സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയെ പരിശീലകൻ ആന്ദ്രേ പിർലോ. ഒഴിവാക്കിയിരുന്നു. തന്റെ പ്രിയതമയായ ജോർജിന റോഡ്രിഗസിന്റെ 27ആം പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ വേണ്ടിയാണു റൊണാൾഡോ മത്സരത്തിൽ നിന്നും വിട്ടു നിന്നത്. മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയം സ്വന്തമാക്കി യുവന്റസ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു.

എന്നാലിപ്പോൾ കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് ക്രിസ്ത്യാനോ റൊണാൾഡോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇറ്റാലിയൻ ലീഗ് അധികൃതർ. അനുവാദമില്ലാതെ കോവിഡ് നിയമങ്ങൾ ലംഘിച്ചു ജോർജിനക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ അനുവദനീയമായ പരിധി വിട്ടു അടുത്ത നഗരത്തിലേക്ക് കടന്നു എന്നതാണ് റൊണാൾഡോക്ക് മേൽ ആരോപിച്ചിരിക്കുന്ന കുറ്റം. ടുറിനിൽ നിന്നും 93 മൈൽ അപ്പുറത്തുള്ള പീഡ്മോണ്ടിന്റെയും വാലെ ഡാകോസ്റ്റക്കുമിടയിലുള്ള ഒരു റിസോർട്ടിൽ റൊണാൾഡോയും ജോർജിനയും താമസിച്ചതായാണ് വിവരം.

രണ്ടു ദിവസത്തെ പരിപാടിയിൽ മഞ്ഞിൽ സ്‌നോമൊബൈൽ വാഹനത്തിൽ പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ക്രിസ്ത്യാനോ പോസ്റ്റ് ചെയ്തിരുന്നു.അധികം വൈകാതെ അത് സോഷ്യൽ മീഡിയയയിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു. ഔദ്യോഗികമായി അടച്ചിട്ട ഒരു റിസോർട്ടിൽ തങ്ങിയതായും ഇറ്റാലിയൻ മാധ്യമമായ കൊറിയർ ഡെല്ലോ സ്‌പോർട് റിപ്പോർട്ട്‌ ചെയ്യുന്നു.ഒരു നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിലേക്ക് പോവരുതെന്നു കോവിഡ് നിയമങ്ങളിൽ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. ജോലി സംബന്ധമായോ ആരോഗ്യപരമായോ ഉള്ള അടിയന്തിരഘട്ടങ്ങളിൽ മാത്രമേ നഗരം വിട്ടു പോകാവൂ എന്നാണ് നിയമം.

ഫെബ്രുവരി 15 വരെയാണ് ഈ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു ലംഘിച്ചതിനാണ് ക്രിസ്ത്യനോയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കോർമേയറിലേക്ക് യാത്രചെയ്തതിനു ക്രിസ്ത്യാനോ 400 യൂറോ പിഴ നേരിടേണ്ടി വന്നേക്കും. എന്നാൽ ക്രിസ്ത്യാനോയെ സംബന്ധിച്ചിടത്തോളം ഇതു വെറും യുവന്റസിനായി ഏഴു മിനിറ്റു കളിച്ചാൽ കിട്ടുന്ന വരുമാനം മാത്രമാണ്. യുവന്റസിൽ നിന്നും 30 മില്യൺ യൂറോ വേതനം പറ്റുന്ന താരമാണ് ക്രിസ്ത്യാനോ.

You Might Also Like