വിജയങ്ങളും കിരീടങ്ങളും നേടാനായാൽ മെസി ബാഴ്സയിൽ തന്നെ തുടരും, മെസിയെക്കുറിച്ച് റോബർട്ടോ പറയുന്നതിങ്ങനെ

ബാഴ്സ വിടുമെന്ന നീണ്ടുനിന്ന പ്രതിസന്ധികൾക്കൊടുവിൽ മെസി ബാഴ്‌സയിൽ തന്നെ തുടരാൻ തീരുമാനിച്ചത് ആരാധകർക്ക് വളരെയധികം ആശ്വാസം നൽകിയിരുന്നു. എന്നാൽ അടുത്ത ട്രാൻസ്ഫർ ജാലകത്തിലും ഇതേ അവസ്ഥ തന്നെ ബാഴ്‌സ നേരിടേണ്ടി വരുമെന്നുറപ്പായിരിക്കുകയാണ്. മെസി അടുത്ത വർഷം ഫ്രീ ഏജന്റ് ആയി മാറുകയും കൂടാതെ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുകയും ചെയ്യുമെന്ന പ്രതിസന്ധി തന്നെ വീണ്ടും മുന്നിലെത്തിയേക്കും.

എന്നാൽ മെസി ബാഴ്സയിൽ തന്നെ തുടരാൻ സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നു മനസു തുറന്നിരിക്കുകയാണ് ബാഴ്‌സ താരം സെർജി റോബെർട്ടോ. വിജയങ്ങളും കിരീടങ്ങളും നേടാനായാൽ മെസിയുടെ മനസ്സ് മാറുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും റോബെർട്ടോ അഭിപ്രായപ്പെട്ടു. “അര”എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റോബർട്ടോ മെസിയെക്കുറിച്ച് മനംതുറന്നത്.

” അദ്ദേഹത്തിന്റെ സഹതാരം എന്ന നിലയിൽ അദ്ദേഹം ബാഴ്‌സയിൽ തുടരണമെന്നാണ് എന്റെ ആഗ്രഹം. എങ്കിലും ഒടുവിൽ തീരുമാനങ്ങളെടുക്കാൻ ഓരോരുത്തർക്കും അവരുടേതായ അവകാശമുണ്ട്. ആ തീരുമാനം എന്തായാലും അതിനെ നാം ബഹുമാനിക്കേണ്ടതുണ്ട്. മെസി ബാഴ്സ വിടാൻ അനുവാദം ചോദിചെന്നതിനെക്കുറിച്ച് എനിക്ക് അറിവില്ല. എനിക്കൊന്നുമറിയില്ലായിരുന്നു. വാർത്ത പുറത്തു വന്നപ്പോൾ എനിക്കത് വിശ്വസിക്കാനായില്ല. അങ്ങനെ സംഭവിക്കരുതെന്നാണ് ഞാൻ ആഗ്രഹിച്ചത്. അവസാനം അദ്ദേഹം തുടരാൻ തീരുമാനിച്ചതിൽ എനിക്ക് സന്തോഷം തോന്നി.”

” ബാഴ്സയിൽ അദ്ദേഹം ഒരു വർഷം കൂടി മാത്രമേ തുടരുകയുള്ളൂവെന്നു പറഞ്ഞിരുന്നു. എങ്കിലും ഞങ്ങൾ നല്ല രീതിയിൽ കളിക്കുകയും കിരീടങ്ങൾ നേടുകയും ചെയ്താൽ, മെസ്സിയുടെ മനസ്സ് മാറില്ലെന്ന് പറയാനാവുമോ? ഞങ്ങ നേട്ടങ്ങളുണ്ടാക്കിയാൽ തീർച്ചയായും അദ്ദേഹം ഞങ്ങളോടൊപ്പം തുടരുമെന്നാണ് ഞാൻ കരുതുന്നത്. വളരെ സങ്കീർണമായ സാഹചര്യമാണിത്. എല്ലാവരെയും സന്തോഷിപ്പിച്ചു സന്തുലിതമാക്കി നിർത്തുകയെന്നത് ബുദ്ധിമുട്ടേറിയതാണ്. പക്ഷെ മെസിയുടെ കാര്യം വിശിഷ്ടമായതാണ്. കാരണം ഇരുപത് വർഷമായി അദ്ദേഹം ഈ ജേഴ്സി അണിയുന്നു. തീർച്ചയായും അദ്ദേഹത്തിന്റെ സന്തോഷവും താല്പര്യവും വളരെ പ്രധാനമാണ്.” റോബെർട്ടോ വ്യക്തമാക്കി.

You Might Also Like