ലാലിഗയില്‍ നൂറ്റാണ്ടിന്റെ റെക്കോര്‍ഡിട്ട്‌ റാമോസ്, ഗോൾ വേട്ടയിൽ ഒന്നാമൻ

2019-20 ലാലിഗ സീസണിലെ ചാമ്പ്യന്മാരായി അവരോധിക്കപ്പെട്ടുവെങ്കിലും അവസാന മത്സരത്തിൽ റയൽ മാഡ്രിഡ്‌ ലെഗാനസുമായി 2-2നു സമനിലയിൽ പിരിയുകയാണുണ്ടായത്. വിജയം അനിവാര്യമായിരുന്ന ഈ മത്സരത്തിൽ സമനിലയായതോടെ ലെഗാനസ് ലാലിഗയിൽ നിന്നും തരംതാഴ്ത്തപ്പെടുകയും ചെയ്തു.

എന്നാൽ ഈ മത്സരത്തിൽ ഹെഡറിലൂടെ ആദ്യഗോൾ നേടിയതോടെ സെർജിയോ റാമോസെന്ന റയൽ മാഡ്രിഡിന്റെ പ്രതിരോധത്തിലെ അതികായൻ പുതിയ റെക്കോർഡിനുടമയായിരിക്കുകയാണ്. ലെഗാനസിനെതിരെയുള്ള ഗോളോടുകൂടി ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ചരിത്രത്തിൽ 11 ഗോളുകൾ നേടുന്ന ആദ്യ പ്രതിരോധനിരതാരമെന്ന റെക്കോർഡിലെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്‌ ക്യാപ്റ്റൻ.

ഗെറ്റാഫെക്ക് വേണ്ടി ഒരു സീസണിൽ 10 ഗോളുകൾ നേടിയ സ്പാനിഷ് താരം മരിയാനോ പെർണിയയുടെ റെക്കോർഡാണ് സെർജിയോ റാമോസ് മറികടന്നത്. കൊറോണക്ക് ശേഷം ലാലിഗ പുനരാംഭിച്ചതിനുശേഷം ലയണൽ മെസി നേടിയ അത്രയും ഗോളുകൾ റാമോസും നേടിയിട്ടുണ്ട്. ആറു ഗോളുകളാണ് ഈ പ്രതിരോധനിരക്കാരൻ കൊറോണക്ക് ശേഷം ചാമ്പ്യന്മാർക്കു വേണ്ടി നേടിയത്.

കൊറോണക്ക് ശേഷം ബാഴ്‌സലോണ സമനിലകൾ കൊണ്ട് പോയിന്റുകൾ കളഞ്ഞു കുളിച്ചപ്പോൾ റാമോസ്-കോർട്ടുവാ-കാർവഹാൾ ത്രയത്തിന്റെ മികച്ച പ്രതിരോധമാണ് റയലിനെ ചാമ്പ്യന്മാരാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്. പ്രതിരോധത്തിനൊപ്പം ഗോൾ കണ്ടെത്തുന്നതിലും മികച്ചു നിന്ന റാമോസ് ബെൻസിമക്കൊപ്പം റയലിന്റെ കിരീടസാധ്യതക്ക് തിളക്കമേകുകയായിരുന്നു.

You Might Also Like