അഗ്നിപരീക്ഷണത്തിന് റയൽ മാഡ്രിഡ്‌ ഇന്നിറങ്ങുന്നു, ചോരചിന്തി വിജയം സ്വന്തമാക്കാൻ റാമോസും സംഘവും

Image 3
Champions LeagueFeaturedFootball

ചാമ്പ്യൻസ്‌ലീഗിൽ റയൽ മാഡ്രിഡ് ഇന്നു യുദ്ധസമാനമായ ഒരു മത്സരത്തിനാണ് ആതിഥേയത്വം വഹിക്കാൻ പോവുന്നത്. ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാനമത്സരത്തിൽ ജർമൻ ശക്തികളായ ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാക്കിനെയാണ് നേരിടാൻ തയ്യാറെടുക്കുന്നത്. നിർണായകമായ ഈ മത്സരത്തിൽ റയൽ മാഡ്രിഡിനും ബൊറൂസിയക്കും വിജയം അനിവാര്യമാണെന്നുള്ളത് മത്സരത്തിന്റെ നാടകീയത വെളിവാക്കുന്നുണ്ട്. ഗ്രൂപ്പിൽ ഏതു ടീം വിജയിച്ചാലും അടുത്ത റൗണ്ടിലേക്ക് കടക്കാം എന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്.

അവസാനസ്ഥാനത്ത് വെറും അഞ്ചു പോയിന്റുള്ള ഇന്ററിനും ഈ ഗ്രൂപ്പിൽ അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും റയൽ മാഡ്രിഡ്‌ ഈ മത്സരത്തിൽ പ്രതീക്ഷിക്കുന്നില്ല. ക്യാപ്റ്റൻ സെർജിയോ റാമോസും റൈറ്റ് ബാക്കായ ഡാനി കാർവഹാളും തിരിച്ചെത്തിയത് സിനദിൻ സിദാനു കൂടുതൽ ഊർജമേകുന്നുണ്ട്. സിദാന്റെ പരിശീലകസ്ഥാനത്തിനും ഭീഷണി നിലവിലുള്ളതിനാൽ ചോരചിന്തിയും വിജയം കൈപ്പിടിയിലൊതുക്കാനുള്ള കഠിനശ്രമം നടത്താനാണ് റാമോസിന്റെയും കാസെമിറോയുടെയും സംഘത്തിന്റെ ലക്ഷ്യം.

ബൊറൂസിയക്കെതിരെ റയൽ മാഡ്രിഡിനു വിജയം നിർബന്ധമാണ് ഒരു സമനില പോലും റയൽ മാഡ്രിഡിനു അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത കൂടുതൽ സങ്കീർണമായേക്കും. സമനിലയായാൽ ഇന്ററും ഷാക്തറുമായുള്ള മത്സരഫലത്തിനായി റയൽ മാഡ്രിഡിനു കാത്തിരിക്കേണ്ടി വരും. ഷാക്തറിന് സമനിലയോ വിജയമോ നേടാനായാൽ റയൽ മാഡ്രിഡിനു യൂറോപ്പ കളിക്കേണ്ടി വരും.

ബൊറൂസിയയുമായി തോൽവി പിണഞ്ഞാൽ യൂറോപ്പ ലീഗിനുള്ള യോഗ്യത പോലും ചിലപ്പോൾ റയൽ മാഡ്രിഡിനു നഷ്ടപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്. കാരണം ഷാക്തറുമായുള്ള മത്സരത്തിൽ ഇന്ററിനു വിജയിക്കാനായാൽ റയൽ മാഡ്രിഡ്‌ ഷാക്തർ ഡോണെസ്കിനു കീഴെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കും. റയൽ മാഡ്രിഡുമായി രണ്ടു മത്സരങ്ങളിലും വിജയിക്കാനായതാണ് ഷാക്തറിനു കൂടുതൽ മുൻ‌തൂക്കം നൽകുന്നത്. എന്തായാലും ബൊറൂസിയ ഡോർമുണ്ടുമായുള്ള മത്സരത്തിന്റെ ഫലമായിരിക്കും റയലിന്റെ ഭാവിയെ നിർണയിക്കുന്നത്.