മെസിയെ പിഎസ്‌ജി അർഹിക്കുന്നില്ല, ഞങ്ങൾക്കൊപ്പം ചേരുന്നതിനായി കാത്തിരിക്കുകയാണെന്ന് ബാഴ്‌സലോണ താരം

പിഎസ്‌ജിയിൽ ലയണൽ മെസിക്ക് മോശം കാലമാണിപ്പോൾ. ലോകകപ്പിന് മുൻപ് മികച്ച പ്രകടനം താരം നടത്തിയെങ്കിലും ലോകകപ്പിന് ശേഷം ഫ്രാൻസിലെ ആരാധകർ മെസിക്കെതിരെ തിരിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ നിന്നും തുടർച്ചയായ രണ്ടാമത്തെ വർഷവും പിഎസ്‌ജി പ്രീ ക്വാർട്ടറിൽ പുറത്തു പോയതോടെ ആരാധകപ്പട പ്രത്യക്ഷമായി തന്നെ മെസിക്കെതിരെ നിന്നു.

കഴിഞ്ഞ ദിവസം റെന്നസുമായി നടന്ന ലീഗ് മത്സരത്തിനു മുൻപ് മെസിയുടെ പേര് സ്റ്റേഡിയത്തിൽ അന്നൗൻസ് ചെയ്‌തപ്പോൾ കൂക്കിവിളിച്ചാണ് ആരാധകർ സ്വീകരിച്ചത്. ഇതോടെ താരം ക്ലബ് വിടുമെന്ന കാര്യം ഏറെക്കുറെ തീർച്ചയായിട്ടുണ്ട്. ആരാധകരുടെ പിന്തുണയില്ലാതെ ക്ലബിൽ കളിക്കാൻ മെസി ഒരിക്കലും ആഗ്രഹിക്കുന്നുണ്ടാകില്ല.

അതിനിടയിൽ ലയണൽ മെസിയെ ബാഴ്‌സലോണയിലേക്ക് തിരികെയെത്താൻ ക്ഷണിച്ച് ക്ലബിന്റെ താരമായ സെർജി റോബർട്ടോ രംഗത്തെത്തി. മെസിയുടെ തിരിച്ചുവരവിനെ രണ്ടു കൈകളും നീട്ടി സ്വീകരിക്കുന്നുവെന്ന് പറഞ്ഞ താരം അതേക്കുറിച്ച് അവസാന തീരുമാനം എടുക്കേണ്ടത് താരവും പരിശീലകനും പ്രസിഡന്റുമാണെന്നും പറഞ്ഞു.

ഇതിനു പുറമെ ടീമിലെ എല്ലാ താരങ്ങളും മെസിക്കായി കാത്തിരിക്കുകയാണെന്നും പിഎസ്‌ജി താരത്തെ ശരിയായ രീതിയിലല്ല കൈകാര്യം ചെയ്യുന്നതെന്നും റോബർട്ടോ പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് ശേഷമാണ് പിഎസ്‌ജി ആരാധകർ മെസിക്കെതിരെ തിരിഞ്ഞതെന്നും ഇത്രയും ഉയർന്ന തലത്തിൽ നിൽക്കുന്ന ഒരു താരത്തോടെ ചെയ്യുന്നത് ശരിയായ കാര്യങ്ങളല്ലെന്നും താരം കൂട്ടിച്ചേർത്തു.

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു പോകുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും ക്ലബിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ താരത്തെ സ്വന്തമാക്കാൻ കഴിയുമോയെന്നു കണ്ടറിയേണ്ടതാണ്. ബാഴ്‌സലോണയ്ക്ക് കഴിഞ്ഞില്ലെങ്കിൽ മറ്റേത് ക്ലബിലേക്കാവും മെസി ചേക്കേറുകയെന്നും ആരാധകർ ഉറ്റുനോക്കുന്നു.

You Might Also Like