സെര്‍ബ് ചോര ബ്ലാസ്‌റ്റേഴ്‌സിനെ വിഴുങ്ങുന്നതെന്തിന്? ഇതാ കാരണങ്ങള്‍

Image 3
FootballISL

ഒരു സെര്‍ബിയന്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിനെ പോലൊരു ഇന്ത്യന്‍ ക്ലബിനെ സ്വന്തമാക്കുന്നത് എന്തിനായിരിക്കും. ആരാധകര്‍ക്കൊപ്പം ഇന്ത്യന്‍ ഫുട്ബോള്‍ ലോകത്തിനൊന്നാകെയുളള സംശയമാണിത്. അതിന് കാരണങ്ങള്‍ ചികയുമ്പോഴാണ് ക്ലബുകളെന്ന വലിയ ബിസിനസ് സാധ്യതകള്‍ തെളിഞ്ഞുവരുന്നത്.

യൂറോപ്യന്‍ ക്ലബ്ബുകള്‍ക്കെല്ലാം ഏഷ്യയില്‍ കച്ചവടക്കണ്ണുകളുണ്ട്. ഫുട്ബോള്‍ സാമ്പത്തികത്തിന്റെ ആഗോളവത്കരണമാണ് അടിസ്ഥാനം.

ഏഷ്യയിലെ ആരാധകവൃന്ദം വര്‍ധിപ്പിക്കുക, യൂറോപ്പില്‍ സീസണ്‍ അല്ലാത്തപ്പോള്‍ ലെജന്‍ഡ്സ് ടീം (വെറ്ററന്‍മാര്‍ ഉള്‍പ്പെടെ) ഏഷ്യന്‍ രാജ്യങ്ങളില്‍വന്നു സൗഹൃദപ്രദര്‍ശന മത്സരങ്ങള്‍ കളിക്കുക, ടിവി സംപ്രേഷണം ഉള്‍പ്പെടെയുള്ള സ്രോതസ്സുകളില്‍നിന്നു പരസ്യവരുമാന വര്‍ധന, മൊത്തത്തിലുളള വ്യാപനം എന്നിവ കൈവരിക്കുക എന്നതാണ് ഈ ഏറ്റെടുക്കലിന്റെ ലക്ഷ്യങ്ങള്‍.

ഒരു ഏഷ്യന്‍ ടൂറിനുശേഷം സ്വന്തം നാട്ടിലെ ലീഗ് ടിവിയില്‍ കാണുന്ന ഏഷ്യക്കാരുടെ എണ്ണം കൂടുമെന്നു യൂറോപ്യന്‍ ക്ലബ്ബുകളുടെ കണക്കുകള്‍ തെളിയിക്കുന്നു. ഇതു വരുമാന വര്‍ധനയിലേക്കു നയിക്കും. ഇതും ഒരു സാധ്യതയാണ്.

കേരള ബ്ലാസ്റ്റേഴ്‌സിനെ സെര്‍ബിയന്‍ സൂപ്പര്‍ ക്ലബ് വിഴുങ്ങിയതായി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. സെര്‍ബിയിയിലെ പ്രധാന ക്ലബായ റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡ് ആണ് ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കിയതെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.

ഏതാനും സീസണുകളായി ബ്ലാസ്റ്റേഴ്‌സ് ഉടമ നിമ്മഗഡ്ഡ പ്രസാദും റെഡ്സ്റ്റാറുമായി ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. സെര്‍ബിയയിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ഇവിത്സ തോന്‍ചേവ് ആണു പുതിയ ഉടമകളില്‍ പ്രധാനി എന്നാണു റിപ്പോര്‍ട്ടുകള്‍. അതിനും സ്ഥിരീകരണമായിട്ടില്ല