മൂന്ന് സീനിയര്‍ താരങ്ങളെ തരം താഴ്ത്തുന്നു, ചിലര്‍ക്ക് പ്രെമോശന്‍

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിദ്ധ്യങ്ങളായ മുന്ന് താരങ്ങളം തരംതാഴ്ത്താന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ താരങ്ങളായ ചെയ്ത ചേതേശ്വര്‍ പൂജാര അജിങ്ക്യ രഹാനെ ഇശാന്ത് ശര്‍മ എന്നിവരേയാണ് ബിസിസിഐ കരാര്‍ പട്ടികയില്‍ നിന്നും തരംതാഴ്ത്തുന്നത്.

സമീപകാലത്ത് മൂവരുടേയും പ്രകടനം ശരാശരിയില്‍ നിന്ന് വളരെ താഴെ പോയിരുന്നു. ഇതോടെ ഇവരെ പുറത്താക്കണമെന്ന് നിരവധി പേര്‍ മുറവിളിയും കൂട്ടിയിരുന്നു. പൂജാരയും രഹാനെയും ഇശാന്തും നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് കളിയ്ക്കുന്നത്. ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ എ കാറ്റഗറിയിലാണ് മൂവരും ഉള്‍പ്പെട്ടത്. മൂവരേയും ഗ്രേഡ് ബി യിലേക്ക് തരംതാഴ്ത്താനാണ് ബിസിസിഐ തീരുമാനം.

ഇതോടെ കളിക്കാരുടെ പ്രതിഫലക്കാര്യത്തിലും വന്‍ ഇടിവുണ്ടാകും. ഒക്ടോബര്‍ 2021 മുതല്‍ സപ്തംബര്‍ 2022 വരെയാണ് കരാര്‍ കാലാവധി. ടി20 ലോകകപ്പിനുശേഷം ഇതുസംബന്ധിച്ച തീരുമാനമെടുത്തിട്ടുണ്ടെന്നും അടുത്തുതന്നെ പുറത്തുവിടുമെന്നുമാണ് റിപ്പോര്‍ട്ട്.

7 കോടി രൂപ, 5 കോടി രൂപ, 3 കോടി രൂപ, 1 കോടി രൂപ എന്നിങ്ങനെയാണ് എ പ്ലസ്, എ, ബി, സി കാറ്റഗറിയിലുള്ള കളിക്കാര്‍ക്ക് വാര്‍ഷിക പ്രതിഫലമായി ബിസിസിഐ നല്‍കുന്നത്. മാച്ച് ഫീസിന് പുറമെ നല്‍കുന്ന വാര്‍ഷിക ശമ്പളമാണിത്. അഞ്ച് കോടിയില്‍ നിന്ന് മൂന്ന് കോടിയിലേക്കാണ് മൂവരേയും തരംതാഴ്ത്തുക.

അതെസമയം പേസര്‍ മുഹമ്മദ് സിറാജിന് സി യില്‍ നിന്നും ബി യിലേക്കോ എ യിലേക്കോ സ്ഥാനക്കയറ്റം കിട്ടും. ശാര്‍ദുല്‍ താക്കൂര്‍ ബി യില്‍ തന്നെ തുടരാനാണ് സാധ്യത. അക്സര്‍ പട്ടേല്‍ സി യില്‍നിന്നും ബി യിലേക്ക് മാറിയേക്കും. ഉമേഷ് യാദവ് സി ഗ്രേഡിലേക്ക് വീഴും.

വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടവര്‍. കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ എ യില്‍ തന്നെ തുടരാനാണ് സാധ്യതയുള്ളത്. കെഎല്‍ രാഹുല്‍, പന്ത് എന്നിവര്‍ എ പ്ലസ് ക്യാറ്റഗറിയിലേക്ക് എത്താനും സാധ്യതയുണ്ട്.

 

 

You Might Also Like