രഹാന കളിച്ചില്ലെങ്കില്‍ പകരക്കാരാകാന്‍ മത്സരിക്കുന്നത് രണ്ട് പേര്‍, പൂജാരയ്ക്ക് ജീവന്മരണ പോരാട്ടം

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ഉപനായകന്റെ ഫിറ്റ്‌നസിനെ സംബന്ധിച്ച് ചില ആശങ്കകള്‍ നിലവില്‍ നിലനില്‍ക്കുന്നുണ്ട്. കൗണ്ടി ഇലവനെതിരായ ഇന്ത്യ കളിച്ച ഏക സന്നാഹ മത്സരത്തില്‍ കാലിന് പരിക്കേറ്റതിനാല്‍ രഹാന കളിച്ചിരുന്നില്ല.

രഹാനയുടെ ഫിറ്റ്‌നസിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും രഹാനയ്ക്ക് പകരക്കാരനായി ആരെ പരിഗണിക്കണമെന്ന കാര്യത്തില്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

കെഎല്‍ രാഹുലിനേയും ഹനുമ വിഹാരിയേയുമാണ് രഹാന കളിയ്ക്കുന്ന നാലാം സ്ഥാനത്തേയ്ക്ക് നിലവില്‍ പരിഗണിക്കുന്നത്. രാഹുലാകട്ടെ ഇംഗ്ലണ്ടില്‍ തന്റെ ഫോം തെളിയിച്ച് കഴിഞ്ഞു. സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് രാഹുല്‍ ഫോം തെളിയിച്ചത്.

രഹാനയുടെ അസാനിദ്ധ്യം ഒരു പരിധി വരെ രാഹുല്‍ മറികടക്കുമെന്ന് തന്നെയാണ് ക്രിക്കറ്റ് ലോകം വിചാരിക്കുന്നത്. ചിലപ്പോള്‍ നാലാം സ്ഥാനത്തേയ്ക്ക് വിഹാരിയ്ക്കും നറുക്ക് വീണേക്കും.

മൂന്നാം സ്ഥാനത്ത് കളിയ്ക്കുന്ന പൂജാരയ്ക്കും അതിനിര്‍ണ്ണായകമാണ് ഈ പരമ്പര. 2018-19 സീസണിലെ ഓസീസ് പര്യടനത്തിന് ശേഷം പൂജാര തന്റെ ഫോമിന്റെ നിഴല് മാത്രമായാണ് ഒതുങ്ങിയിരിക്കുന്നത്. കഴിഞ്ഞ 18 ടെസ്റ്റുകളില്‍ 28 മാത്രമാണ് പൂജാരയുടെ ശരാശരി. രണ്ട് വര്‍ഷമായി പൂജാരയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ച്വറിയും പിറന്നിട്ടിട്ട്.

ഓപ്പണിംഗ് രോഹിത്തിന് കൂട്ടായി മായങ്ക് കളിയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതോടെയാണ് മായങ്കിന്റെ സാധ്യത വര്‍ധിച്ചത്. ടീമിലുളള അഭിമന്യു ഈശ്വര്‍ തല്‍കാലത്തേയ്ക്ക് ഡ്രസ്സിംഗ് റൂമില്‍ തന്നെ തുരാനാണ് സാധ്യത.

You Might Also Like