അവനെ ഉടന്‍ റാഞ്ചണം, ഐപിഎല്‍ ടീമുകളെ ഉപദേശിച്ച് സെവാഗും നെഹ്‌റയും

ഐപിഎല്‍ രണ്ടാം പാദ മത്സരത്തില്‍ തന്നെ ശ്രീലങ്കന്‍ താരം വനിന്ദു ഹസരംഗയെ ഏതെങ്കിലും ഐപിഎല്‍ ടീം സ്വന്തമാക്കണമെന്ന് ഉപദേശിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗും ആശിഷ് നെഹ്റയും. ഐപിഎല്‍ ടീമുകളെല്ലാം നല്ലൊരു സ്പിന്നറെ തേടുകയാണ്. അതിനാല്‍ ഹസരംഗ എല്ലാവരുടേയും കണ്ണില്‍ പെട്ടിട്ടുണ്ടാകുമെന്ന് ഇതിഹാസ താരങ്ങള്‍ പറയുന്നു.

ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പര നേടാന്‍ ലങ്കയെ സഹായിച്ചത് ഹസരംഗയുടെ മിന്നും പ്രകടനമായിരുന്നു. മൂന്ന് മത്സരത്തില്‍ ഏഴ് വിക്കറ്റുകളാണ് ഹസരംഗ വീഴ്ത്തിയത്. പരമ്പരയിലെ അവസാനത്തേയും നിര്‍ണായകവുമായ മത്സരത്തില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഹസരംഗ നാല് വിക്കറ്റെടുത്തത്.

ഇതോടെ 2-1 ന് ശ്രീലങ്ക പരമ്പര ജയിക്കുകയും ചെയ്തു. ഈ പ്രകടനം താരത്തെ എല്ലാവരുടേയും ശ്രദ്ധയിലേക്ക് എത്തിച്ചുവെന്നാണ് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ പറയുന്നത്.

അവന്‍ മനോഹരമായാണ് കളിച്ചത്. അവനെടുത്ത സഞ്ജു സാംസണിന്റേയും ഋതുരാജ് ഗെയ്ഗ്വാദിന്റേയും വിക്കറ്റുകള്‍ ഇന്ത്യയുടെ നടുവൊടിച്ചു. അവനെ പകരക്കാരനായി തങ്ങളുടെ ടീമിലെത്തിക്കാന്‍ ചില ഐപിഎല്‍ ടീമുകള്‍ ശ്രമിക്കുന്നതായി താന്‍ കേട്ടിരുന്നുവെന്നാണ് ക്രിക്ക ബസിനോട് സെവാഗ് പറഞ്ഞത്. അവന്‍ സ്വയം തെളിയിച്ചു. ഇതിലും മികച്ചൊരു അവസരമില്ല. ആരായാലും അവനെ ടീമിലത്തിക്കാന്‍ നോക്കും. വേണ്ട സമയത്ത് വേണ്ട രീതിയില്‍ കളിക്കാന്‍ അവന് സാധിച്ചെന്നും സെവാഗ് പറയുന്നു.

ഏത് ടീമിനാണ് പകരക്കാരനെ വേണ്ടതെന്ന് കാലം പറയും. പക്ഷെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കില്‍, ആര്‍ക്കെങ്കിലും ഒരു സ്പിന്നറെ വേണമെങ്കില്‍ അവനാണ് ഏറ്റവും മികച്ച ചോയ്‌സ്. ഒരു താരം ഒന്നര വര്‍ഷം കളിച്ചാല്‍ ട്വന്റി-20യില്‍ അവന്‍ സീനിയര്‍ ആണ്. റാങ്കിംഗില്‍ ഞാന്‍ കാര്യമായി വിശ്വസിക്കുന്നില്ലെങ്കിലും അവന്‍ രണ്ടാം റാങ്കുകാരനാണ്. എന്നായിരുന്നു നെഹ്റ പറഞ്ഞത്.

ഐപിഎല്ലില്‍ കുറച്ച് ലങ്കന്‍ താരങ്ങള്‍ മാത്രമാണ് കളിക്കുന്നത്. അവന്‍ ഒരുപാട് പോസിറ്റീവ് വശം കാണിച്ചു തന്നു. ബാറ്റിംഗിലും നേരത്തെ ഇറങ്ങിയെന്നും നെഹ്റ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഐപിഎല്‍ ടീമായ റോയല്‍ ചേേലഞ്ചഴ്സ് ബാംഗ്ലൂര്‍ ഹസരംഗയെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദം സാമ്പയുടെ പകരക്കാരനായി ഹസരംഗയെ എത്തിക്കുകയാണ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ട്വന്റി-20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് ഹസരംഗ.

You Might Also Like