വെയിറ്റിംഗ് പോളിസി വന്‍ വിജയത്തിലെത്തിച്ചു, എസ്ഡി ബ്ലാസ്‌റ്റേഴ്‌സിന്റെ വിശ്വാസം കാത്തത് ഇങ്ങനെ
ഐഎസ്എല്‍ ഏഴാം സീസണിനുളള മുന്നൊരുക്കം എല്ലാ ടീമുകളും തുടങ്ങിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇടപെടല്‍ കാര്യമായിട്ടൊന്നും ഉണ്ടായിരുന്നില്ല. ബ്ലാസ്റ്റേഴ്സില്‍ ചുമതലയേറ്റ പുതിയ സ്പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് വെയ്റ്റ് ആന്‍ഡ് വാച്ച് പോളിസി എന്ന് ഓമനപ്പേരിട്ട് വിളിച്ച നിലപാട് കാരണമായിരുന്നു ട്രാന്‍സ്ഫര്‍ വിപണിയില്‍ കേരള ക്ലബിന്റെ തണുപ്പന്‍ ഇടപെടല്‍.
ഇത് ബ്ലാസ്റ്റേഴ്സ് ആരാധകരിലും സഹകാരികാരികളിലും കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിട്ടിരുന്ന സൂപ്പര്‍ താരങ്ങള്‍ പലരും ക്ലബ് വിട്ടതും പുതിയ താരങ്ങള്‍ ക്ലബിലേക്ക് വരാതാകുകയും ചെയ്തതോടെ എന്താണ് സംഭവിക്കുക എന്ന ആധിയിലായിരുന്നു ബ്ലാസ്റ്റേഴ്സിനെ സ്നേഹിക്കുന്നവരെല്ലാം. എന്നാല്‍ സമ്മര്‍ദ്ദങ്ങളില്‍ പതറാതെ ബ്ലാസ്റ്റേഴ്സിന്റെ എസ്ഡി തന്റെ നിലപാടില്‍ ഉറച്ച് നിന്നതോടെ ആരാധകരും മാനേജുമെന്റിന് പിന്തുണ പ്രഖ്യാപിച്ചു.
ഇതോടെ തന്നെ വിശ്വസിച്ചവരുടെ കാത്തിരിപ്പുകളെല്ലാം വെറുതെ ആയിരുന്നില്ല എന്ന് തെളിയ്ക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ സ്പോട്ടിംഗ് ഡയറക്ടര്‍. ക്ലബ് വിട്ട പല വിദേശ താരങ്ങളേക്കാള്‍ മികച്ചവരും കഴിവുറ്റവരുമായ എണ്ണം പറഞ്ഞ താരങ്ങളെ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കുന്നതിന് ദിവസങ്ങള്‍ക്ക് തൊട്ട് മുമ്പ് ബ്ലാസ്റ്റേഴ്സ് സ്വന്തം നിരയിലെത്തിച്ചിരിക്കുകയാണ്.
അര്‍ജന്റീനന്‍ മിഡ്ഫീല്‍ഡര്‍ ഫക്കുണ്ടോ പെരേരയിലൂടെ ആരംഭിച്ച ബ്ലാസ്റ്റേഴ്സിന്റെ വിദേശ വേട്ട അവസാനിച്ചത് മുന്‍ ലിയോണ്‍ താരം ബക്കറെ കോനെയിലാണ്. ഇതിനിടെ മുന്‍ പ്രീമിയര്‍ ലീഗ് താരം ഗാരി ഹൂപ്പര്‍, സിംബാബ്വെ പ്രതിരോധ താരം കോസ്റ്റ നമോയിനിസുവും സ്പാനിനിഷ് താരം വിസന്റെ ഗോമസും ബ്ലാസ്റ്റേഴ്സിലെത്തി. എ ലീഗില്‍ നിന്ന് മുറെയാണ് ഇനി ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപിക്കാനുളള ഏക വിദേശ താരം. കഴിഞ്ഞ സീസണില്‍ കളിച്ച സെര്‍ജിയോ സിഡോചയേയും ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തിയിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സ് വിട്ട ഓഗ്ബെചേയ്ക്ക് പകരക്കാരനായാണ് ഗാരി ഹൂപ്പര്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഓസ്ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ വെല്ലിങ്ടണ്‍ ഫീനിക്‌സിനായി മികച്ച ഫോമില്‍ പന്ത് തട്ടുന്ന താരമാണ് ഹൂപ്പര്‍. കഴിഞ്ഞ സീസണില്‍ വെല്ലിങ്ടണിനായി 21 മത്സരങ്ങളില്‍ നിന്നും എട്ട് ഗോളും അഞ്ച് അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. എ ലീഗില്‍ വെല്ലിങ്ടണിനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ ഈ 32കാരന്‍ സ്‌ട്രൈക്കര്‍ വലിയ പങ്കാണ് വഹിച്ചത്.
പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് വെനസ്ഡേ, നോര്‍വിച് സിറ്റി എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയാണ് ഹൂപ്പര്‍ കളിച്ചത്. കൂടാതെ സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലും നിരവധി വര്‍ഷങ്ങളോളം കൂപ്പര്‍ പന്ത് തട്ടിയിട്ടുണ്ട്. കോസ്റ്റയാകട്ടെ ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിടുകയും പിന്നീട് ഇസ്രായേലി ക്ലബിലേക്ക് കൂറുമാറുകയും ചെയ്ത ഒസ്വാള്‍ഡോ ഹെന്‍ക്വിസിന്റെ പകരക്കാരനായാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.