സര്‍പ്രൈസ് നീക്കം, മുംബൈ താരത്തെ റാഞ്ചി ആര്‍സിബി

ന്യൂസില്‍ഡ് പേസ് ബൗളര്‍ സ്‌കോട്ട് കുഗ്ഗളൈന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍. മുംബൈ ഇന്ത്യന്‍സിന്റെ റിസര്‍വ് താരമായിരുന്ന കുഗ്ഗളൈനെ ടീം വിട്ട ഓസീസ് പേസര്‍ കെയിന്‍ റിച്ചാര്‍ഡ്‌സണു പകരമാണ് റോയല്‍ ചലഞ്ചേഴ്‌സ് ടീമിലെത്തിച്ചത്. മുന്‍പ് ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിച്ചിട്ടുള്ള താരമാണ് കുഗ്ഗളൈന്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് ഏകദിനവും 16 ടി20യും മാത്രം കളിച്ച് പരിചയമുളള താരമാണ് കുഗ്ഗളൈന്‍. ഏകദിനത്തില്‍ അഞ്ചും ടി20യില്‍ 13ഉം അന്താരാഷ്ട്ര വിക്കറ്റുകളും ഈ കിവീസ് താരം സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, ആര്‍സിബിയില്‍ നിന്ന് മടങ്ങിയ കെയിന്‍ റിച്ചാര്‍ഡ്‌സണും ആദം സാംബയും മുംബൈയില്‍ കുടുങ്ങി. രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് ഇരുവരും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബയോ ബബിളില്‍ നിന്ന് ഇരുവരും പുറത്തുകടന്നത്. താരങ്ങളെ നാട്ടിലെത്തിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയാണ്.

ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും ഓസ്‌ട്രേലിയ നിരോധിച്ചിരിക്കുകയാണ്. മെയ് 15 വരെയാണ് നിരോധനം. അതുകൊണ്ട് തന്നെ മെയ് 15നു മുന്‍പ് ഇരുവര്‍ക്കും നാട്ടിലെത്താന്‍ കഴിയില്ലെന്നാണ് സൂചന. നിലവില്‍ മുംബൈ വിമാനത്താവളത്തിന് അരികെയുള്ള ഒരു ഹോട്ടലിലാണ് ഇരു താരങ്ങളും ഉള്ളത്.

അതേസമയം, രാജസ്ഥാന്‍ റോയല്‍സിനെ ഓസീസ് താരം ആന്ദ്രൂ തൈ പോയ റൂട്ട് ഈ താരങ്ങള്‍ക്കും പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദോഹ വഴിയാണ് തൈ നാട്ടിലെത്തിയത്.

താരങ്ങളുടെ കൊഴിഞ്ഞുപോക്ക് ഐപിഎല്‍ ടീമുകള്‍ക്ക് പ്രതിസന്ധിയായി മാറുകയാണ്. വിവിധ ടീമുകളിലുള്ള അഞ്ച് താരങ്ങളാണ് ഐപിഎലില്‍ നിന്ന് പിന്മാറിയത്. പലരും ഇന്ത്യയിലെ കൊവിഡ് ബാധയും മാനസികാരോഗ്യവും പരിഗണിച്ചാണ് വിട്ടുനില്‍ക്കുന്നത്. ബയോബബിളിലെ ജീവിതം ദുഷ്‌കരമാകുന്നതും ചിലര്‍ ഉയര്‍ത്തുന്ന കാരണമാണ്.

You Might Also Like