പ്രതിഭയുടെ വിസ്‌ഫോടനം, ബ്ലാസ്‌റ്റേഴ്‌സ് റഡാറില്‍ കുരുങ്ങി അത്ഭുതതാരം
കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതോടെ മറ്റേതൊരു കായിക ഇനത്തെയും പോലെ ഇന്ത്യയിലെ ഫുട്‌ബോള്‍ മൈതാനങ്ങളെല്ലാം നിശ്ചലമായി. ഐലീഗ്, സെക്കന്‍ ഡിവിഷന്‍ ഐലീഗ്, യൂത്ത് ലീഗുകള്‍ എന്നിവയെല്ലാം ഉപേക്ഷിക്കപ്പെട്ട ടൂര്‍ണമെന്റുകളില്‍ പെടും. ഐലീഗില്‍ മോഹന്‍ ബഗാനെ വിജയി ആയി പ്രഖ്യാപിച്ചപ്പോള്‍ രണ്ടാം ഡിവിഷന്‍ ഐലീഗ് പ്രഥമിക ഘട്ടമായപ്പോഴേക്കും റദ്ദാക്കപ്പെട്ടു.
സെക്കന്‍ ഡിവിഷന്‍ ഐലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് സിയിലാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ താരങ്ങളെല്ലാം തിരിച്ച് മൈതാനത്ത് നിന്നും പിന്‍വാങ്ങി. ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ താരം സയ്യിദ് ബിന്‍ വലീദ് ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറിയ ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം എന്ന ആഗ്രഹത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേര്‍ന്ന് സയ്യിദ് ബൂട്ടുകെട്ടുന്നത്. സയ്യിദിനെ സംബന്ധിച്ച് പുതിയ ഇന്ത്യന്‍ അനുഭവങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. മികച്ച അറ്റാക്കിംഗ് മിഡ് ഫീല്‍ഡറാണ് ഈ യുവതാരം.
2019 മെയ്യിലാണ് സയ്യിദ് ബിന്‍ വലീദ് ബ്ലാസ്‌റ്റേഴ്‌സുമായി കരാറില്‍ ഒപ്പിട്ടത്. ദുബൈ കേന്ദ്രമാക്കി നടക്കുന്ന ലാലിഗ ഹൈ പെര്‍ഫോമണ്‍സ് അണ്ടര്‍ 18 ടീം അംഗമായിരുന്നു സയ്യിദ്. സ്പാനിഷ് ലാലിഗയുടെ മേല്‍ നോട്ടത്തില്‍ യുവതാരങ്ങളെ പരിശീലിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് ഈ ലീഗ് നടന്നിരുന്നത്. അവിടെ നിന്നുമാണ് സയ്യിദിനെ ബ്ലാസ്‌റ്റേഴ്‌സ് റാഞ്ചിയത്.
‘കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുളള എന്റെ ആദ്യ സീസണ്‍ മികച്ചതും പോസിറ്റീവുമായിരുന്നു. ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. എനിക്ക് മികച്ച അവസരം നല്‍കുന്ന തികച്ചും പ്രഫഷണലായ ലീഗായിരുന്നു അത്’ സയ്യിദ് പറയുന്നു.
ലോക്ഡൗണ്‍ മൂലം ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കൊപ്പം നിലവില്‍ ബംഗളൂരുവിലെ ജനതാ യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് സയ്യിദിപ്പോള്‍. ചെറിയ രീതിയില്‍ അവിടെ സയ്യിദും കൂട്ടുകാരും പരിശീലനവും നടത്തുന്നുണ്ട്.
‘റൂമിനുളള ഞാനെന്റെ എക്‌സസൈറുകള്‍ ചെയ്യുന്നുണ്ട്. എങ്കിലും ഏറെ പ്രയാസകരമായ കാലമാണ് കടന്ന് പോകുന്നത്. ഓടാന്‍ പോകാനും ബഡ്മിന്റണ്‍ കളിക്കാനോ എനിക്കിപ്പോള്‍ സാധിക്കുന്നില്ല’ 18കാരന്‍ പറയുന്നു.
ചെറുപ്പത്തിലേ തന്നെ പിതാവ് സയ്യിദിനെ യുഎഇയിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാദമിയില്‍ ചേര്‍ത്തു. അവിടെ നിന്നും മാഞ്ചസ്റ്റര്‍ സിറ്റി അക്കാഡമിയിലേക്ക് സയ്യിദിന് വിളിവന്നു. അതിന് ശേഷം അല്‍ ഇത്തിഹാദ് സ്‌പോട്‌സ് അക്കാദമിയിലായിരുന്നു സയ്യിദിന്റെ പരിശീലനം. ഇത് സയ്യിദിന് യുഎഇയിലേയും ഇന്ത്യയിലേയും നിരവധി കളിക്കാരുമൊത്ത് കളിക്കാനുളള അവസരം ലഭിച്ചു.
അല്‍ ഇത്തിഹാദ് സ്‌പോട്‌സ് അക്കാദമിയില്‍ സയ്യിദിനൊപ്പമുണ്ടായിരുന്ന താരമാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് സീനിയര്‍ ടീമിനായി കളിക്കുന്ന സഹല്‍ അബ്ദുല്‍ സമദ്. അതിനാല്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിലെ സയ്യിദിന്റെ ഉറ്റസുഹൃത്തും സഹലാണ്. ബ്ലാസ്റ്റേഴ്‌സിലെ ജീവിതം താന്‍ ആസ്വദിക്കുന്നു എന്ന് പറയുന്ന സയ്യിദ് ഒരിക്കല്‍ ഇന്ത്യയ്ക്കായി കളിക്കുന്നത് സ്വപ്‌നം കണ്ടാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സ് ഭാവി ടീമില്‍ നെടുംതൂണാകും ഈ 18കാരന്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.