മലാഗ പ്രൊഡക്റ്റിനെ ട്രയല്‍സിന് ക്ഷണിച്ചു, സര്‍പ്രൈസ് ഇന്ത്യന്‍ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മറ്റൊരു മലയാളി ബന്ധമുളള ഇന്ത്യന്‍ താരം കൂടെ എത്തിയേക്കും എന്ന് റിപ്പോര്‍ട്ട്. സ്‌പെയിനിലെ മലാഗ സിറ്റി അക്കാദമിയില്‍ പരിശീലനം ലഭിച്ച ഇപ്പോള്‍ സി ഡി അല്‍ മുനേകര്‍ സിറ്റി ക്ലബിന്റെ സീനിയര്‍ ടീമില്‍ കളിക്കുന്ന സൗരവ് ഗോപാലകൃഷ്ണനെ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കുന്നത്.

ട്രയല്‍സിനായാകും സൗരവ് ബ്ലാസ്റ്റേഴ്‌സില്‍ എത്തുക. കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബിലേക്ക് താരത്തിന് കരാര്‍ നല്‍കി എടുക്കുമോ എന്നത് ട്രയല്‍സിനു ശേഷം മാത്രമെ വ്യക്തമാകു. സൗരവ് ഈ ആഴ്ച അവസാനം കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേരും.

നേരത്തെ 2018ല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ സൗരവ് ട്രയലിന് എത്തിയിരുന്നു. എന്നാല്‍ അന്ന് 21കാരനായ സൗരവിന് ടീമില്‍ സ്ഥാനം പിടിക്കനായില്ല.

ഇന്ത്യന്‍ വംശജനായ സൗരവ് ഒമാനിലെ മസ്‌കറ്റിലാണ് വളര്‍ന്നത്. 20കാരനായ താരം സെന്റര്‍ ബാക്കായാണ് കളിക്കുന്നത്. 12 മാസമായി മലാഗ സിറ്റി അക്കാദമിയില്‍ കളിക്കുകയാണ്.

അക്കാദമിയിലെ മികച്ച പ്രകടനം സി ഡി അല്‍മുനേകര്‍ ക്ലബിന്റെ സീനിയര്‍ ടീമില്‍ സൗരവിനെ എത്തിക്കുകയായിരുന്നു. സീനിയര്‍ ക്ലബിനായി നിരവധി മത്സരങ്ങള്‍ ഇതുവരെ സൗരവ് കളിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്കായി കളിക്കണം എന്നാഗ്രഹിക്കുന്ന സൗരവ് ഈ സീസണിന്റെ തുടക്കത്തില്‍ തന്നെ വിവിവിധ ഐഎസ്എല്‍ ക്ലബുകളെ സമീപിച്ചിരുന്നു. മികച്ച പ്രതിരോധ താരം എന്ന് പേരെടുത്ത സൗരവ് ടാക്കിളുകള്‍ ചെയ്യാന്‍ മിടുക്കനാണ്.

You Might Also Like