എണ്ണപ്പണം ന്യൂകാസിലില്‍ ഒഴുകില്ല, ക്ലബ്ബ് ഏറ്റെടുക്കുന്നതിൽ നിന്നും സൗദി പിന്മാറി

പ്രീമിയർലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡിനെ ഏറ്റെടുക്കുന്നതിൽ നിന്നും സൗദി അറേബ്യ ആസ്ഥാനമാക്കിയുള്ള കൺസോർഷ്യം പിൻമാറി. ഈ കൺസോർഷ്യത്തിൽ സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്‌, പിസിപി ക്യാപിറ്റൽ പാർട്ണേഴ്സ്, റ്യൂബെൻ ബ്രദേഴ്സ് എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.

300 മില്യൺ പൗണ്ടിന് നിലവിലെ ഉടമസ്ഥനായ മൈക്ക് ആഷ്ലിയിൽ നിന്നും ക്ലബ്ബ് വാങ്ങാൻ ഏപ്രിലിൽ ഈ കൺസോർഷ്യം ധാരണയിൽ എത്തിയിരുന്നു. അന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട ഡോക്യുമെൻ്റ്സ് സമർപ്പിച്ചതാണെങ്കിലും പ്രീമിയർ ലീഗ് അധികൃതരുടെ ഇത് സംബന്ധിച്ച പരിശോധന ഇതുവരെ പൂർത്തിയായിട്ടില്ല.

ഈ നടപടിക്രമം അനന്തമായി നീണ്ട് പോയതോടെയാണ് ഇപ്പോൾ ഈ ഇടപാടിൽ നിന്നും പിന്മാറാൻ സൗദി ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ഒരു ഔദ്യോഗിക അറിയിപ്പിലൂടെ അവർ വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും ന്യൂകാസിൽ യുണൈറ്റഡ് ആരാധകർക്ക് ഏറെ നിരാശ പകരുന്ന ഒരു തീരുമാനമാണിത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ പതിമൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബ്ബ് ഈ നീക്കം നടന്നിരുന്നെങ്കിൽ അടിമുടി ഒരു മാറ്റം പ്രതീക്ഷിച്ചിരുന്നു. അതാണിപ്പോൾ ഇല്ലാതായിരിക്കുന്നത്. ഏതായാലും സൗദി ഗ്രൂപ്പ് പിന്മാറിയതോടെ അമേരിക്കൻ ബിസിനസ്സുകാരൻ ഹെൻറി മൗറിസ് ക്ലബ്ബ് വാങ്ങാനുള്ള സാധ്യത തെളിഞ്ഞ് വരുന്നതായി BBC സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹെൻറി മൗറിസ് നേരത്തെയും ന്യൂകാസിൽ യുണൈറ്റഡ് ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

You Might Also Like