ചാമ്പ്യൻസ് ലീഗിലെ അഗ്നിപരീക്ഷക്കൊരുങ്ങുന്ന യുവന്റസിനു മുന്നറിയിപ്പു നൽകി സാറി

സീരി എയിലെ അവസാന മത്സരത്തിലും തോൽവിയേറ്റു വാങ്ങിയതിനു പിന്നാലെ യുവന്റസിനു മുന്നറിയിപ്പു നൽകി പരിശീലകൻ മൗറീസിയോ സാറി. മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തോറ്റ യുവന്റസ് ലിയോണിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുൻപ് ഇനിയും മാറേണ്ടതുണ്ടെന്നാണ് സാറി പറയുന്നത്. എന്നാൽ അതു സംഭവിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“മാനസികവും ശാരീരികവുമായ കരുത്ത് യുവന്റസ് വീണ്ടെടുക്കേണ്ടതുണ്ട്. ലാസിയോക്കെതിരായ മത്സരത്തിനു ശേഷം ജോലി തീർന്നുവെന്ന ധാരണയിലായിരുന്നു താരങ്ങളുടെ മനോഭാവം. അതു മാറാൻ വളരെയധികം ശ്രമം വേണ്ടിവരും. എന്നാൽ നിർണായക പോരാട്ടത്തിൽ അതു മാറുമെന്നു തന്നെയാണു ഞാൻ കരുതുന്നത്.” സ്കൈ സ്പോർട്സ് ഇറ്റാലിയയോട് സാറി പറഞ്ഞു.

“പിഎസ്ജിക്കെതിരായ ലിയോണിന്റെ മത്സരം എന്നെ അത്ഭുതപ്പെടുത്തി. അവരുടെ ഫിറ്റ്നസ് ലെവൽ അത്രയും മികച്ചതായിരുന്നു. ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുൻപ് യുവന്റസിന് മികച്ച രീതിയിലാകാൻ കഴിയുമോയെന്നതറിയില്ല. എന്നാൽ ചാമ്പ്യൻസ് ലീഗ് വിജയിച്ചില്ലെങ്കിലും ഇതൊരു മോശം സീസണായി കണക്കാക്കപ്പെടില്ലെന്നാണു കരുതുന്നത്.”

പ്രീ ക്വാർട്ടറിലെ ആദ്യപാദ മത്സരത്തിൽ ലിയോണിനോട് യുവന്റസ് ഒരു ഗോളിനു തോറ്റിരുന്നു. രണ്ടാം പാദ മത്സരം സ്വന്തം മൈതാനത്തു നടക്കുന്നത് യുവന്റസിന് ആശ്വാസമാണെങ്കിലും ടീമിന്റെ പ്രകടനത്തിൽ സ്ഥിരതയില്ലാത്തത് ഭീഷണി തന്നെയാണ്.

You Might Also Like