യുവന്റസിൽ ഇത്ര പോലും പ്രതീക്ഷയില്ലായിരുന്നു, അമ്പരപ്പിക്കുന്ന പ്രതികരണവുമായി സാറി

ലിയോണിനെതിരെ വിജയം നേടിയെങ്കിലും എവേ ഗോൾ വ്യത്യാസത്തിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും യുവന്റസ് പുറത്തായതിൽ നിരാശയുണ്ടെങ്കിലും ടീമിന്റെ പ്രകടനത്തിൽ സന്തോഷമുണ്ടെന്ന് പരിശീലകൻ മൗറീസിയോ സാറി. യുവന്റസിൽ ഇത്ര പോലും പ്രതീക്ഷ ഇല്ലായിരുന്നുവെന്നും ലിയോണിനെതിരെ മികച്ച പ്രകടനം ടീം കാഴ്ച വെച്ചുവെന്നും ഇറ്റാലിയൻ പരിശീലകൻ അഭിപ്രായപ്പെട്ടു. മത്സരത്തിനു ശേഷം സ്കൈ സ്പോർട്സ് ഇറ്റാലിയയോടു സംസാരിക്കുകയായിരുന്നു സാറി.

“ഇത്രത്തോളം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ടീം മികച്ച പ്രകടനമാണു കാഴ്ച വെച്ചതെന്നാണു ഞാൻ കരുതുന്നത്. പത്താം മിനുട്ടിൽ തന്നെ പെനാൽട്ടി ഗോളിൽ പിന്നിലായത് ടീമിനു കൂടുതൽ ആവേശം നൽകിയെന്നാണു കരുതേണ്ടത്. അതിനു ശേഷം തിരിച്ചു വരവു നടത്തിയ ടീം മത്സരം വിജയിക്കുകയും ആറോ ഏഴോ കൃത്യമായ ഗോളവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.”

“ടൂർണമെന്റിൽ നിന്നും പുറത്തായതിന്റെ നിരാശയുണ്ടെങ്കിലും ടീമിന്റെ പ്രകടനത്തിൽ ഞാൻ പൂർണമായും തൃപ്തനാണ്. പിഎസ്ജിക്കെതിരെ കഴിഞ്ഞയാഴ്ച ലിയോൺ കളിച്ചത് വളരെ മികച്ച രീതിയിലാണ്. എന്നാൽ അവരെ സമ്മർദ്ദത്തിലാക്കാനും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കാനും യുവന്റസിനു കഴിഞ്ഞുവെന്നത് പ്രതീക്ഷ പകരുന്ന കാര്യമാണ്.” സാറി പറഞ്ഞു.

ആദ്യപാദ മത്സരത്തിലെ ആദ്യപകുതിയിൽ യുവന്റസ് കാഴ്ച വെച്ച മോശം പ്രകടനമാണ് ടീമിനു തിരിച്ചടിയായതെന്നും സാറി അഭിപ്രായപ്പെട്ടു. കൂടാതെ ടീമിലെ താരങ്ങളിൽ ചിലർക്ക് കൊവിഡ് പിടിപെട്ടതു മൂലം ഐസൊലേഷനിലായ കളിക്കാരെ പരിശീലനത്തിനു വേണ്ട വിധത്തിൽ ലഭിക്കാതിരുന്നതും തയ്യാറെടുപ്പുകളെ ബാധിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

You Might Also Like