കലിപ്പടക്കാനാവാതെ സാറി, U23 ടീമിനെ കളിപ്പിക്കുമെന്നു ഭീഷണി

സീരി എ കിരീടം നേടിയതിനു പിന്നാലെ നടന്ന മത്സരത്തിൽ കാഗ്ളിയാരിക്കെതിരെ തോൽവി വഴങ്ങിയതിൽ കോപമടക്കാനാവാതെ യുവന്റസ് പരിശീലകൻ മൗറീസിയോ സാറി. ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുവന്റസ് തോൽവി വഴങ്ങിയത്. മത്സരത്തിലെ തോൽവി സീരി എ ഷെഡ്യൂളിന്റെ പ്രശ്നമാണെന്ന് ആരോപിച്ച സാറി ചാമ്പ്യൻസ് ലീഗ് ടൂർണമെന്റ് വരാനിരിക്കെ അവസാന സീരി എ മത്സരത്തിൽ U23 ടീമിനെ കളിപ്പിക്കുമെന്ന ഭീഷണിയും മുഴക്കി.
“ഈ സീസണിൽ നാൽപതു ഗോളുകൾ വഴങ്ങിയത് പ്രശ്നമാണ്. പക്ഷേ, ഇന്നലത്തെ തോൽവി ഒരു പ്രശ്നമല്ല. കിരീടം നേടി അറുപത്തിയെട്ടു മണിക്കൂറുകൾക്കുള്ളിൽ കളിക്കേണ്ടി വന്നതും പല താരങ്ങൾക്കും പരിക്കേറ്റതുമാണ് യുവന്റസിനെ ബാധിച്ചത്.” സാറി ഇന്നലത്തെ മത്സരശേഷം മാധ്യമങ്ങളോടു പറഞ്ഞു.
https://twitter.com/1_spoton/status/1288714747697922048?s=19
“യൂറോപ്പിലെ ക്ലബുകളിൽ പന്ത്രണ്ടു മത്സരങ്ങൾക്കിടയിൽ അഞ്ചു മത്സരങ്ങൾ കളിക്കേണ്ടി വന്ന ഒരേയൊരു ക്ലബ് യുവന്റസാണ്. ലീഗ് ഞങ്ങൾക്കു തന്ന പ്രതിസന്ധിയാണത്. ചാമ്പ്യൻസ് ലീഗിനു മുൻപ് താരങ്ങൾക്കു സുഖം പ്രാപിക്കാൻ അടുത്ത മത്സരത്തിൽ U23 ടീമിനെ കളിക്കാനിറക്കുന്ന കാര്യമാണ് ചിന്തിക്കുന്നത്.”
യുവന്റസിനെ സംബന്ധിച്ച് നിർണായകമാണ് ഇനി വരാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടം. ആദ്യപാദത്തിൽ ഒരു ഗോളിനു തോറ്റ ഇറ്റാലിയൻ ക്ലബിന് ഇപ്പോഴത്തെ മത്സര ഫലങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. അതിനു പുറമേ ഡിബാലയുടെ പരിക്കും യുവന്റസിനു തിരിച്ചടിയാണ്.