ജഡേജയേയും രോഹിത്തിനേയും എല്ലാം കരയിപ്പിച്ചവന്‍, ഇയാളെ മാറ്റിനിര്‍ത്തി ഒരു പാക് ചരിത്രം അസാധ്യമാണ്

Image 3
CricketCricket News

ധനേഷ് ദാമോധരന്‍

പിയൂഷ് ചൗളയുയുടെ റെക്കോര്‍ഡിന് ഒരു മണിക്കൂര്‍ പോലും ആയുസ്സ് ഉണ്ടായിരുന്നില്ല. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ അന്‍വര്‍ അലി 5 വിക്കറ്റുമായി ഒരു തീഗോളം പോലെ ഇന്ത്യന്‍ കുട്ടികളുടെ മേല്‍ പതിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുമ്പ് തന്നെ കിരീടം ഉറപ്പിച്ച് ഇന്ത്യയുടെ 6 വിക്കറ്റുകള്‍ 9 റണ്‍സിന് പിഴുതെറിയപ്പെട്ടിരുന്നു. ഒടുവില്‍ വെറും 3 ബോളര്‍മാര്‍ ചേര്‍ന്ന് 19 ഓവറുകള്‍ക്കുളില്‍ ഇന്ത്യയുടെ കഥ കഴിഞ്ഞു .
അണ്ടര്‍ ലോകകപ്പ് കിരീടം നിലനിര്‍ത്തിയ ആദ്യ ടീം എന്ന ബഹുമതി പാകിസ്ഥാന്‍ നേടിയപ്പോള്‍ ശ്രദ്ധേയനായത് അവരുടെ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് തന്നെയായിരുന്നു. 8.1 ഓവറില്‍ 3 മെയ്ഡനടക്കം 8 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി അണ്ടര്‍ ലോകകപ്പിലെ ഫൈനലിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ച പിയൂഷ് ചൗളയും 8 ഓവറില്‍ 16 റണ്‍സിന് 3 വിക്കറ്റ് പിഴുത് രവീന്ദ്ര ജഡേജയും 6 ഓവറില്‍ 17 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തിയ രോഹിത് ശര്‍മയും അടങ്ങിയ സ്പിന്‍ ത്രയം പാകിസ്ഥാനെ 109 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ടൂര്‍ണമെന്റിലെ ഫേവറേറ്റ് ആയ ഇന്ത്യ വിജയമുറപ്പിചതായിരുന്നു .

എന്നാല്‍ ടൂര്‍ണ്ണമെന്റില്‍ 349 റണ്‍സ് നേടി ഏറ്റവും അധികം റണ്‍സ് നേടിയ കളിക്കാരനും പ്ലെയര്‍ ഓഫ് ടൂര്‍ണ്ണമെന്റും ആയ ഓപ്പണര്‍ ചേതേശ്വര്‍ പൂജാരയും സഹ ഓപ്പണര്‍ ഗൗരവ് ധിമാനും റണ്‍സെടുക്കാതെയും വണ്‍ ഡൗണ്‍ ആയി ഇറങ്ങിയ രോഹിത് 4 റണ്‍സിനുംമടങ്ങിയത് ഒരു സൂചനയായിരുന്നു .
ഏഴാമനായി ഇറങ്ങിയ ചൗള 37 പന്തില്‍ പുറത്താകാതെ 25 റണ്‍സ് നേടി ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ചെങ്കിലും വെറും 71 റണ്‍സ് നേടാനെ ഇന്ത്യക്കു പറ്റിയുള്ളൂ .വിജയകിരീടം ഏറ്റുവാങ്ങി നായകന്‍ പാക് സര്‍ഫ്രാസ് അഹമ്മദ് അന്ന് രോഹിത്തെയും ജഡേജയെയും കണ്ണീരണിയിച്ചു .

11 വര്‍ഷം കഴിഞ്ഞു 2017 ല്‍ വലിയൊരു ടൂര്‍ണ്ണമെന്റില്‍ വീണ്ടും രോഹിത്തിനെയും ജഡേജയെയും സര്‍ഫ്രാസ് വേദനിപ്പിച്ചു .വേദി കൊളംബോയില്‍ നിന്നും ഓവലില്‍ എത്തിയപ്പോള്‍ അന്നത്തെ സര്‍ഫറാസ് വലുതായി വളര്‍ന്നില്ലെങ്കിലും രോഹിത്തും ജഡേജയും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടു കഴിഞ്ഞിരുന്നു .
ഇന്ത്യ ആധികാരികമായി തുടര്‍ വിജയങ്ങള്‍ നേടി കൊണ്ടിരുന്നപ്പോള്‍ ആ വര്‍ഷത്തെ ICC ചാംപ്യന്‍സ് ടൂര്‍ണമെന്റ് റാങ്കിങ്ങില്‍ ഏറ്റവും താഴ്ന്ന പടിയിലായിരുന്നു പാകിസ്ഥാന്‍. ഇന്ത്യയോട് പൂള്‍ മാച്ച് 124 റണ്‍സിന്റെ വന്‍ മാര്‍ജിനില്‍ തോറ്റെങ്കിലും സൗത്ത് ആഫ്രിക്കയെയും ലങ്കയേയും പരാജയപ്പെടുത്തി ഒടുവില്‍ സെമിയില്‍ ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ച സര്‍ഫ്രാസ് നയിച്ച പാക് ടീം ഫൈനലില്‍ ഏറ്റവും വലിയ അട്ടിമറി നടത്തി ഇന്ത്യയെ ഒന്നുമല്ലാതാക്കി .

ഐസിസി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കെതിരെ ദയനീയമായ റെക്കോര്‍ഡ് ഉള്ള പാക്കിസ്ഥാന്‍ ലോകകപ്പില്‍ 6 മത്സരങ്ങളും ചാമ്പ്യന്‍സ് ട്രോഫിയില്‍ 2 ഉം അടക്കം 8 – 2 എന്ന മോശം റെക്കോര്‍ഡ് കൂടി പാകിസ്ഥാന് വെല്ലുവിളിയായി ഉണ്ടായിരുന്നു .പക്ഷേ നാലാമത് മാച്ച് മാത്രം കളിച്ച് സെഞ്ച്വറി നേടിയ ഫക്കര്‍ സാമന്റെ മികവില്‍ 338 റണ്‍സ് അടിച്ച പാകിസ്ഥാന്‍ അമീറിനെ ചിറകില്‍ ആദ്യ 6 ഓവറില്‍ ടോപ്പ് ത്രീയെ വീഴ്ത്തുകയും നാലാം തവണയും മൂന്നു വിക്കറ്റുകള്‍ നേടി റെക്കോര്‍ഡ് സ്ഥാപിച്ച ഹസന്‍ അലിയും ചേര്‍ന്ന് ആടിത്തകര്‍ത്തപ്പോള്‍ വിരാട് കോലിയുടെ ഇന്ത്യ 180 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

അതോടെ സര്‍ഫ്രാസ് പാകിസ്ഥാന്റെ വീരനായകനായി ഉയര്‍ത്തപ്പെടുകയും ചെയ്തു . ഇമ്രാന്‍ഖാനു ശേഷം ഒരു 50 ഓവര്‍ ലോകകിരീടം നേടിയ ആദ്യത്തെ പാക് ക്യാപ്റ്റന്‍ .കൂടാതെ U- 19 കിരീടവും നേടിയ സര്‍ഫ്രാസ് വലിയ വിക്കറ്റ് കീപ്പറോ ആധുനിക കാലഘട്ടത്തിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കൊപ്പം ചേര്‍ത്തുവെക്കാന്‍ പറ്റുന്ന ഒരു പേരോ അല്ല .മാത്രമല്ല ഒരു കളി ഒറ്റക്ക് വിജയിപ്പിക്കാനുള്ള സാമര്‍ത്ഥ്യമോ അല്ലെങ്കില്‍ നായക മികവുകൊണ്ട് കളിയെ മാറ്റിമറിക്കാനുള്ള ശേഷിയോ അയാള്‍ക്ക് അവകാശപ്പെടാനില്ല .

പക്ഷേ പാക്കിസ്ഥാന് 2 ലോക കിരീടം നേടിക്കൊടുത്തത് എന്നതിനുപുറമേ ആര രണ്ട് വിജയങ്ങളും അവരുടെ ആജന്‍മ വൈരികളായ ഇന്ത്യക്കെതിരെ എന്നതും അയാളെ അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ചവരിലൊരാള്‍ ആക്കി പ്രതിഷ്ഠിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു .

ആ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണ്ണമെന്റ്‌ലെ ഏറ്റവും മികച്ച ക്യാപ്റ്റനായും വിക്കറ്റ്കീപ്പറായും സെലക്ട് ചെയ്യപ്പെട്ടതും സര്‍ഫ്രസ് തന്നെയായിരുന്നു .സര്‍ഫ്രസിന് കൊടുക്കേണ്ട അംഗീകാരം രാജ്യം അവര്‍ ഉടന്‍ നല്‍കുകയും ചെയ്തു.
പാകിസ്താന്റെ ദേശീയ ദിനമായ മാര്‍ച്ച് 23ന് സിന്ധ് ഗവര്‍ണര്‍ മുഹമ്മദ് സുബൈറിന്റെ കയ്യില്‍ നിന്നും പാകിസ്ഥാനിലെ മൂന്നാമത് പരമോന്നത ബഹുമതിയായ സിത്താര -ഇ- ഇംതിയാസ് ബഹുമതി ഏറ്റുവാങ്ങുമ്പോള്‍ അവിടെയും ചരിത്രം പിറന്നു .ആ ബഹുമതി സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞയാള്‍ .അതിനുമുമ്പ് നാല് ക്രിക്കറ്റര്‍മാര്‍ക്ക് മാത്രം ലഭിച്ച ബഹുമതി. 1992 ല്‍ മിയാന്‍ദാദിനും 2005 ല്‍ ഇന്‍സമമിനും 2011ല്‍ മുഹമ്മദ് യൂസഫിനും 2015 സയിദ് അജ്മല്‍ നും ശേഷം ബഹുമതി നേടിയ അടുത്ത ക്രിക്കറ്റര്‍ .സര്‍ഫ്രസിനൊപ്പം മിസ്ബാ ഉള്‍ ഹഖിനും ആഫ്രിഡിക്കും അതേദിവസം ബഹുമതി നല്‍കുകയുണ്ടായി .

സര്‍ഫ്രാസ് ഉയര്‍ത്തപ്പെട്ടത് പാകിസ്ഥാന്റെ ദേശീയ ചരിത്രത്തിലേക്ക് കൂടിയായിരുന്നു .ഉത്തര്‍പ്രദേശില്‍ കുടുംബവേരുകള്‍ സര്‍ഫ്രസിന്റെ കുടുംബം കറാച്ചിയിലെ പ്രിന്റിംഗ് മേഖലയില്‍ വലിയ ബിസിനസുകാര്‍ ആണ് .10 ആം വയസ്സില്‍ ഖുര്‍ആന്‍ മനപ്പാഠമാക്കി കഴിവ് തെളിയിച്ചതിനൊപ്പം ബി-ടെക്ക് ഡിഗ്രിയും സര്‍ഫ്രസിന് സ്വന്തമായുണ്ട് .

U-19 കിരീടനേട്ടത്തിന്റെ തൊട്ടടുത്ത വര്‍ഷം ദേശീയ ടീമില്‍ ഉള്‍പ്പെട്ട സര്‍ഫ്രസിന് കമ്രാന്‍ അക്മലിന്റെ വിരലിന് പരിക്കേറ്റതോടെയാണ് ഇന്ത്യ പാകിസ്ഥാന്‍ ഏകദിന സീരീസിലെ അവസാന മാച്ചില്‍ അരങ്ങേറാന്‍ അവസരം ലഭിക്കുന്നത് . 2010 ല്‍ ഹോബാര്‍ട്ടില്‍ ആസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയെങ്കിലും ടീമിലെ സ്ഥാനം നിലനിര്‍ത്താനായില്ല .കമ്രാന്‍ അക്മലിന്റെ തുടര്‍ച്ചയായ മോശം പ്രകടനമാണ് പിന്നീട് സര്‍ഫ്രാസിന് അനുഗ്രഹമായത് . പാകിസ്ഥാന്‍ ക്രിക്കറ്റ് ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ പ്രതിസന്ധിയിലെ രക്ഷകനായി പലപ്രാവശ്യം അവതരിച്ച സര്‍ഫ്രാസ് ആദ്യം ശ്രദ്ധേയനാകുന്നത് 2011-ലെ ഏഷ്യാകപ്പ് ഫൈനലിലാണ് .
ബംഗ്ലാദേശിനോട് കഷ്ടിച്ച് രക്ഷപ്പെട്ട് ഒടുവില്‍ രണ്ട് റണ്‍സിന് പാക് ജയിച്ച മത്സരത്തില്‍ 6 ന് 133 നിന്നും 236 ലേക്ക് ടീമിനെ എത്തിച്ചത് 8 ആമനായി ഇറങ്ങി 52 പന്തില്‍ നിന്നും 46 റണ്‍സുമായി പുറത്താകാതെ നിന്ന് ടോപ് സ്‌കോറര്‍ ആയ സര്‍ഫ്രാസ് ആയിരുന്നു .അന്ന് ഷാഹിദ് അഫ്രീദി ആണ് മാന്‍ ഓഫ് ദ മാച്ച് ആയതെങ്കിലും സര്‍ഫ്രസിന്റ ബാറ്റിങ്ങ് പ്രകടനമാണ് നിര്‍ണായകമായത് .
2014ല്‍ 3 ഫോര്‍മാറ്റിലും അദ്ദേഹത്തിന്റേത് തകര്‍പ്പന്‍ പ്രകടനമായിരുന്നു .ദുബായില്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ 74 ഉം ഷാര്‍ജയിലെ അടുത്ത ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ 40 ഉം അടിച്ച സര്‍lഫസ് തൊട്ടടുത്ത ഗാലെ ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 55 ഉം രണ്ടാമിന്നിങ്ങ്‌സില്‍ പുറത്താകാതെ 52 ഉം നേടി .തീര്‍ന്നില്ല തൊട്ടടുത്ത കൊളംബോ ടെസ്റ്റില്‍ 103 ഉം 55 ഉം അടിച്ച് ഫോമിന്റെ പാരതമ്യത്തിലെത്തിയ സര്‍ഫ്രസ് അടുത്ത ടെസ്റ്റില്‍ ദുബായിയില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഒരു പ്രകടനം നടത്തി . 80 പന്തില്‍ നിന്നും സെഞ്ച്വറി നേടിയ സര്‍ഫ്രസ് 105 പന്തില്‍ 109 റണ്‍സ് അടിച്ചു ടീമിനെ 221 റണ്‍സിന് വിജയിപ്പിച്ച് കളിയിലെ കേമനുമായി .അതേ വര്‍ഷം T20 ല്‍ ഓപ്പണറായി ഇറങ്ങി ന്യൂസിലണ്ടിനെതിരെ 64 പന്തില്‍ പുറത്താകാതെ 76 റണ്‍സടിച്ച ഒരു ശ്രദ്ധേയ പ്രകടനവും ഉണ്ടായിരുന്നു .
2015 ല്‍ സര്‍ഫ്രസ് തന്റെ മികവിനെ ഒന്നു കൂടി ഉയര്‍ത്തി .മികച്ച പ്രകടനങ്ങള്‍ 2015 ലോകകപ്പ് ടീമിലുള്ള ടീമില്‍ സര്‍ഫ്രസിന് സ്ഥാനം നല്‍കി . ലോകകപ്പ് കരിയറിലെ വഴിത്തിരിവ് കൂടിയായി . തുടര്‍ച്ചയായി തോറ്റു നാണംകെട്ട നില്‍ക്കുന്ന സമയത്താണ് ആദ്യ 4 മാച്ചിലും ടീമില്‍ സ്ഥാനം നല്‍കാതിരുന്ന സര്‍ഫ്രസിനെ അവര്‍ 5 ആം മത്സരത്തില്‍ ഓപ്പണറായി സൗത്താഫ്രിക്കക്കെതിരെ പരീക്ഷിച്ചത് . 49 പന്തില്‍ 49 റണ്‍സ് നേടിയ സര്‍ഫ്രസിനെക്കാള്‍ കൂടുതല്‍ റണ്‍ നേടിയത് 56 റണ്‍ നേടിയ മിസ്ബ ഉള്‍ ഹഖ് മാത്രമായിരുന്നു .ആ മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ 6 ക്യാച്ചുകളുമായി ലോകറെക്കോര്‍ഡിന് ഒപ്പമെത്തുകയും ഗില്‍ക്രിസ്റ്റിനൊപ്പം ലോകകപ്പ് റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്ത് മിന്നും താരമായ സര്‍ഫ്രസ് ആദ്യ കളിയില്‍ തന്നെ മാന്‍ ഓഫ് ദ മാച്ചായി .

അയര്‍ലണ്ടിനെതിരായ അടുത്ത മത്സരത്തില്‍ വീണ്ടും ഒരു മികവുറ്റ പ്രകടനം . ആ ലോകകപ്പില്‍ പാകിസ്ഥാന്റെ ഒരേയൊരു സെഞ്ച്വറി നേടിയ വീണ്ടും മാന്‍ ഓഫ് ദ മാച്ച് ആയപ്പോള്‍ പാകിസ്ഥാന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുകയും ചെയ്തു. മിസ്ബ ലോകകപ്പോടെ ഏകദിനത്തില്‍ നിന്നും വിരമിച്ചതോടെ അസ്ഹര്‍ അലിയുടെ വൈസ് ക്യാപ്റ്റനായി സര്‍ഫ്രസിനെ പാക് ബോര്‍ഡ് നിയമിച്ചു.

ടെസ്റ്റിലും ആ സീസണില്‍ സര്‍ഫ്രസ് മികവ് തെളിയിച്ചു കൊണ്ടേയിരുന്നു .ടെസ്റ്റ് മാച്ചില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശിയ അദ്ദേഹം ബംഗ്‌ളാദേശിനെതിരെ 82 പന്തില്‍ 88 ഉം ലങ്കക്കെതിരെ 86 പന്തില്‍ 96 ഉം അതേ എതിരാളികള്‍ക്കെതിരെ 104 പന്തില്‍ പുറത്താകാതെ 78 റണ്‍സും നേടി ശ്രദ്ധേയമായ ഇന്നിങ്ങ്‌സുകള്‍ കാഴ്ച വെച്ചു . ശ്രീലങ്കയ്‌ക്കെതിരെ 96 റണ്‍സ് നേടിയ ഇന്നിങ്‌സില്‍ ധമിക പ്രസാദിന്റെ പന്തില്‍ ബൗള്‍ഡ് ആയി കന്നി സെഞ്ചുറി നഷ്ടപ്പെട്ടുവെങ്കിലും പാകിസ്ഥാന് വേണ്ടി ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ച വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതിയില്‍ ഇന്‍തികാബ് ആലത്തിനൊപ്പമെത്താന്‍ പറ്റി .

ആദ്യ 18 ടെസ്റ്റ് കഴിഞ്ഞപ്പോള്‍ സര്‍ഫ്രസിന്റെ ബാറ്റിങ്ങ് ശരാശരി 50 ന് മുകളിലായിരുന്നു .വിക്കറ്റ് കീപ്പിങ്ങ് ഇതിഹാസങ്ങളെ കാലാകാലങ്ങളില്‍ സംഭാവന ചെയ്തു കൊണ്ടിരുന്ന പാകിസ്ഥാന് വസിംബാരിക്കും ,മോയിന്‍ ഖാനും ,റഷീദ് ലത്തീഫിനും ശേഷം അടുത്ത പ്രതീക്ഷ സര്‍ഫ്രസ് ആയി .
2016 ല്‍ ആഫ്രിഡി T20 ക്യാപ്റ്റന്‍ സ്ഥാനം മാറിയതോടുകൂടി സര്‍ഫ്രസ് നായകന്‍ സ്ഥാനത്തെത്തി .2016ല്‍ നായകനായെങ്കിലും പ്രതീക്ഷിച്ച ബാറ്റിങ്ങ് പ്രകടനങ്ങള്‍ നിലനിര്‍ത്താനായില്ല .2017 ല്‍ അസ്ഹര്‍ അലിക്ക് പകരം ഏകദിനനായകന്‍ ആയ സര്‍ഫ്രസ് പിന്നാലെ പാകിസ്ഥാന്റെ 32 ആം ടെസ്റ്റ് ക്യാപ്റ്റനും ആയി .ഒടുവില്‍ സ്വപ്ന സമാനായ ചാംപ്യന്‍സ് ട്രോഫി കിരീടവും സര്‍ഫ്രസിന്റെ കൈകളിലെത്തി .
അതേ വര്‍ഷം ആസ്‌ട്രേലിയക്കെതിരെ സിഡ്‌നി ടെസ്റ്റില്‍ രണ്ടാമിന്നിങ്ങ്‌സില്‍ 70 പന്തില്‍ പുറത്താകാതെ നേടിയ 72 ,തൊട്ടടുത്ത ടെസ്റ്റില്‍ വിന്‍ഡീസിനെതിരായ 54 , ,രണ്ടാമിന്നിങ്ങ്‌സില്‍ അതേ വര്‍ഷം സ്‌കോട്ട് ലണ്ടിനെതിരെ T20 ല്‍ 4 ആമനായി ഇറങ്ങി 10 ഫോറുകളും 3 സിക്‌സറും അടക്കം നേടിയ 89 റണ്‍സ് ,സിംബാബ് വെക്കെതിരായ T20 ലെ 21 പന്തില്‍ 38 റണ്‍സ് ,ന്യൂസിലണ്ടിനെതിരെ ടീം തോറ്റ മാച്ചില്‍ 5 ന് 130 ല്‍ നില്‍ക്കെ ടീമിനെ 7 ആമനായി ഇറങ്ങി 262 ല്‍ എത്തിച്ച 46 പന്തില്‍ 51 ,അബുദാബിയില്‍ ടീം 219 ന് പുറത്തായ മാച്ചില്‍ 6 ആമനായി ഇറങ്ങി നേടിയ 64 തുടങ്ങിയ ശ്രദ്ധേയ പ്രകടനങ്ങളും സര്‍ഫ്രസ് കാഴ്ച വെച്ചു .ആസ്‌ട്രേലിയക്കെതിരെ ഒരു ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 129 പന്തില്‍ നേടിയ 94 ഉം ,രണ്ടാം ഇന്നിങ്‌സില്‍ 123 പന്തില്‍ നേടിയ 81 റണ്‍സും ടീമിന് 373 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് നല്‍കിയത് .
2019 ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനങ്ങള്‍
സര്‍ഫ്രസിനെതിരെ മുറവിളി തുടങ്ങി .ഒപ്പം ഫീല്‍ഡിലെ കളിക്കാരെ പ്രചോദിപ്പിക്കാന്‍ കഴിയാത്ത നായകന്‍ എന്ന ദുഷ്‌പേരും പിറകെ .ലോകകപ്പിന് മുന്‍പ് ഇംഗ്‌ളണ്ടിനെതിരെ നടന്ന മാച്ചില്‍ 351 ചേസ് ചെയ്ത പാകിസ്ഥാന്‍ 297 റണ്‍സിന് പുറത്തായപ്പോള്‍ തിളങ്ങിയത് 80 പന്തില്‍ 7 ഫോറുകളും ,2 സിക്‌സറും അടക്കം 97 റണ്‍ നേടിയ റണ്ണാട്ടായ സര്‍ഫ്രസ് ആയിരുന്നു .ലോകകപ്പില്‍ ആ തോല്‍വിക്ക് പകരം വീട്ടിയപ്പോള്‍ 44 പന്തില്‍ 55 റണ്‍ നേടി സര്‍ഫ്രസ് നിര്‍ണായക സംഭാവനയും നല്‍കി .ടെന്റ് ബ്രിഡ്ജില്‍ 348 റണ്‍സടിച്ച ത്രില്ലറില്‍ ആ വര്‍ഷത്തെ ചാംപ്യന്‍മാരെ വീഴ്ത്തിയത് 14 റണ്‍സിനായിരുന്നു .ആസ്‌ട്രേലിയയോട് തോറ്റ മാച്ചിലും സര്‍ഫ്രസ് 40 റണ്‍സടിച്ചിരുന്നു .

2019 ലോകകപ്പില്‍ 9 മത്സരങ്ങളില്‍ 5 എണ്ണത്തില്‍ ടീം ജയിച്ചെങ്കിലും സെമി പ്രവേശനം സാധ്യമാകാത്തതിനാല്‍ ആസ്‌ട്രേലിയന്‍ ടൂറില്‍ നിന്നും സര്‍ഫ്രസിനെ മാറ്റി നിര്‍ത്തി. ടെസ്റ്റില്‍ അസ്ഹര്‍ അലി ക്യാപ്റ്റനായപ്പോള്‍ ഏകദിന – T20 നായകപദവി ബാബര്‍ അസമിനെ തേടിയെത്തി .

റിസ്വാനെ പോലെയുള്ള പുത്തന്‍ വിക്കറ്റ് കീപ്പിങ്ങ് താരോദയങ്ങള്‍ സര്‍ഫ്‌റാസിന്റെ തിരിച്ചു വരവിന് വിലങ്ങുതടിയായേക്കാം .പക്ഷെ നായകപദവിയുടെ ഭാരമില്ലാത്ത സര്‍ഫ്രാസ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ ഒരു തിരിച്ചു വരവിന്റെ സാധ്യത നിലനിര്‍ത്തുന്നുവെന്ന് പറയാം .അവസാനം കളിച്ച 2 ടെസ്റ്റിലും സൗത്താഫ്രിക്കക്കെതിരെ അവരുടെ മണ്ണില്‍ 56 ,50 എന്നിങ്ങനെ സ്‌കോറുകള്‍ കുറിച്ച സര്‍ഫ്രാസ് 49 ടെസ്റ്റുകളില്‍ 3 സെഞ്ചുറികളും 18 അര്‍ധ സെഞ്ചുറികളുമടക്കം 2657 റണ്‍ നേടിയിട്ടുണ്ട് .ഏകദിന ക്രിക്കറ്റില്‍ 87.86 പ്രഹര ശേഷിയില്‍ റണ്‍സടിക്കുന്ന സര്‍ഫ്രാസ് ടെസ്റ്റിലും ഏതാണ്ട് അതു പോലെ 71 ലധികം സ്‌ട്രൈക്ക് റേറ്റ് സൂക്ഷിക്കുന്നു. 117 ഏകദിന ക്രിക്കറ്റില്‍ മത്സരങ്ങളില്‍ 2 സെഞ്ചുറികളും 11 അര്‍ധ സെഞ്ചുറികളും നേടിയ സര്‍ഫ്രസിന് 2315 റണ്‍സിന്റ സമ്പാദ്യവുമുണ്ട് .
U-19 ഫൈനലില്‍ ഇന്ത്യക്കെതിരെ 48 പന്തില്‍ നിന്നും 15 റണ്‍സ് നേടിയ സര്‍ഫ്രസ് U-19 മത്സരങ്ങളില്‍നിന്ന് 23 കാച്ചുകളും 6 സ്റ്റംപിങ്ങുകളും കൂടാതെ 40 നടുത്ത് ബാറ്റിങ്ങ് ശരാശരിയും സൂക്ഷിച്ചിരുന്നു .

37T 20 മാച്ചുകളില്‍ നായകനായി 29 മാച്ചിലും ജയിച്ച റെക്കോര്‍ഡ് സര്‍ഫ്രസിനുണ്ട് .മാത്രമല്ല അയാളുടെ നായകത്വത്തില്‍ പാകിസ്ഥാന്‍ ഏറെ നാള്‍ നമ്പര്‍വണ്‍T 20 ടീമും ആയിരുന്നു . ഏകദിന ക്രിക്കറ്റില്‍ 50 ല്‍ 28 മാച്ച് ജയിച്ചപ്പോള്‍ 20 മാച്ചുകള്‍ തോറ്റു . 2019ലെ സൗത്ത് ആഫ്രിക്കയുടെ ഫുല്‍ക്കാവോയെ ”കാലേ ‘ അഥവാ കറുത്തന്‍ എന്ന് വിളിച്ചത് സ്റ്റംപ് മൈക്ക് റെക്കോര്‍ഡ് ചെയ്തപ്പോള്‍ റേസിസം പരാമര്‍ശത്തിന്റെ പേരില്‍ 4 മാച്ചുകളില്‍ നിന്നും വിലക്കപ്പെട്ടതിന്റെ സര്‍ഫ്രസ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു .
ഒരു ടെസ്റ്റ് മാച്ചില്‍ ഏറ്റവുമധികം പുറത്താക്കലുകള്‍, ഒരു ടെസ്റ്റ് മാച്ചില്‍ ഏറ്റവുമധികം ക്യാച്ചുകള്‍, ഒരു ടെസ്റ്റില്‍ ഏറ്റവുമധികം സ്റ്റംപിങ്ങ്, ട്വന്റി ക്രിക്കറ്റില്‍ ഏറ്റവുമധികം ക്യാച്ചുകള്‍ എന്നീ റെക്കോര്‍ഡുകളില്‍ ലോകത്ത് നാലാം സ്ഥാനത്ത് നില്‍ക്കുന്ന സര്‍ഫ്രസ് ഏകദിന ക്രിക്കറ്റില്‍ ഒരു മാച്ചില്‍ ഏറ്റവുമധികം പുറത്താക്കലുകള്‍ , ഏറ്റവുമധികം ക്യാച്ചുകള്‍ എന്ന റെക്കോര്‍ഡില്‍ മറ്റുള്ളവര്‍ക്കൊപ്പം ഒന്നാംസ്ഥാനം പങ്കിടുന്നു . എംഎസ് ധോണി കഴിഞ്ഞാല്‍ ഏറ്റവുമധികം ഏകദിനങ്ങളിലും T20 യിലും ടീമിനെ നയിച്ച വിക്കറ്റ്കീപ്പറും മറ്റാരുമല്ല . ഏകദിന കരിയറില്‍ പൂജ്യത്തിനു പുറത്താകാതെ ഏറ്റവുമധികം മാച്ചുകളില്‍ 91 മാച്ചുകളുമായി സര്‍ഫ്രസ് ലോക ക്രിക്കറ്റില്‍ മൂന്നാമനാണ് .

സര്‍ഫ്രാസിന്റെ കരിയര്‍ റെക്കോര്‍ഡുകള്‍ അത്ര മഹത്തരമല്ലായിരിക്കാം . അയാള്‍ വളരെ കുറച്ചു മത്സരങ്ങള്‍ മാത്രമേ കളിച്ചതുമുള്ളൂ .അയാള്‍ കളിക്കുന്ന സമയത്ത് കോട്ടുവായയിട്ട് പരിഹാസ്യനായിട്ടുമുണ്ടാകാം .
എങ്കിലും സര്‍ഫാസിനെ ഒഴിവാക്കി പാകിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രം പറയാന്‍ പറ്റാത്ത വിധം അദ്ദേഹം ചരിത്രത്തില്‍ മുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കുന്നു . ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ലോക വേദികളില്‍ 2 പ്രസ്റ്റീജിയസ് കിരീടങ്ങള്‍ നേടിയ വിക്കറ്റ് കീപ്പിങ്ങ് നായകന്‍മാര്‍ എം.എസ് .ധോണിയെ മാറ്റി നിര്‍ത്തിയാല്‍ എത്ര പേരുണ്ടാകും ???? മാത്രമല്ല പലരും പരിഹസിക്കുമ്പോഴും 11 തുടര്‍ച്ചയായ T20 സീരീസ് ജയങ്ങളും സര്‍ഫ്രാസിന് മാത്രം അവകാശപ്പെടാന്‍ പറ്റുന്ന ബഹുമതിയാണ് .
പാക് ക്രിക്കറ്റ് ചരിത്രം ഇനിയും ഒരു പാട് മുന്നോട്ട് പോകും .പക്ഷെ അപ്പോഴും ഇന്ത്യക്കെതിരെ 2 വലിയ വേദികളിലെ വിജയത്തിന്റെ അമരക്കാരന്‍ എന്ന നിലയില്‍ സര്‍ഫ്രാസിന്റെ പേര് മുകള്‍നിരയില്‍ തന്നെ ഉണ്ടാകും .
…….. മെയ് 22 .. സര്‍ഫ്രാസ് അഹമ്മദിന്റെ ജന്‍മദിനം …

കടപ്പാട്: ഗ്ലോബല്‍ സ്‌പോട്‌സ് ഇന്‍ഫോ