വില്യംസനടക്കം പരിക്കിന്റെ പിടിയില്‍, സ്വയം കുഴിച്ച കുഴിയില്‍ വീണ് കിവീസ്

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായുളള തയ്യാറെടുപ്പിനായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസിലന്‍ഡിന് വന്‍ തിരിച്ചടി. സൂപ്പര്‍ താരങ്ങള്‍ ഈ ടെസ്റ്റ് മത്സരത്തിനിടെ പരിക്കിന്റെ പിടിയിലായതാണ് കിവീസിനെ ഭയപ്പെടുത്തുന്നത്.

ന്യൂസിലന്‍ഡ് നായകനും ടീമിലെ സുപ്രധാന താരവുമായ കെയിന്‍ വില്യംസന് പരിക്കേറ്റതാണ് കിവീസിനെ ഏറെ തിരിച്ചടിയായിരിക്കുന്നത്. നിലവില്‍ ഇടത് മുട്ടിന് പരിക്കേറ്റ വില്യംസണ്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസറ്റില്‍ കളിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

എഡ്ജ്ബാസ്റ്റണില്‍ വില്യംസണ്‍ കളിക്കുമോ എന്നതില്‍ അന്തിമ തീരുമാനം മത്സരം നടക്കുന്ന ജൂണ്‍ 10ന് മാത്രമേ ഉണ്ടാകൂ. വില്യംസണെ കൂടാതെ കിവീസ് സ്പിന്നര്‍ മിച്ചല്‍ സാന്റനറും പരിക്കിന്റെ പിടിയിലാണ്.

സാന്റനര്‍ രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ഏറെകുറെ ഉറപ്പായിട്ടുണ്ട്. വിലിനേറ്റ മുറിവാണ് സാന്റനറിന് തിരിച്ചടിയായത്. സാന്റനര്‍ക്ക് പകരം പെസര്‍ ട്രെന്‍ഡ് ബോള്‍ട്ട് കളിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത.

ഈ മാസം 18ന് സതാംപ്ടണില്‍ വെച്ചാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. ഏറെ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം ഈ മത്സരത്തിനായി കാത്തിരിക്കുന്നത്.

You Might Also Like