മോഹന്‍ ബഗാന്‍ ഡേയില്‍ വലിയ പ്രഖ്യാപനം, ബ്ലാസ്റ്റേഴ്‌സിലേക്കും സൂപ്പര്‍ താരമെത്തും

കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരം സന്ദേഷ് ജിങ്കനെ എടികെ മോഹന്‍ ബഗാന്‍ റാഞ്ചിയതായി ഏതാണ്ട് ഉറപ്പായി. ഈ മാസം 29ന് മോഹന്‍ ബഗാന്‍ ഡേയില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും വിലയേറിയ താരത്തെ റാഞ്ചിയതായി കൊല്‍ക്കത്തന്‍ വമ്പന്‍മാര്‍ പ്രഖ്യാപിക്കുമെന്ന സൂചനയാണ് പുറത്ത് വരുന്നത്. വിവിധ ബംഗാളി മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് സൂചന നല്‍കുന്നത്.

ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാകും 26കാരനായ ജിങ്കന്‍ എടികെ മോഹന്‍ ബഗാനിലെത്തുക എന്നാണ് സൂചന. ഇതോടെ എടികെയിലെ ഒരു പ്രതിരോധ താരം ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എടികെയുടെ മണിപ്പൂരി യുവതാരം സലാം രഞ്ജന്‍ സിംഗിന്റെ പേരാണ് കേള്‍ക്കുന്നത്. അടുത്ത ആഴ്ച്ച ഇക്കാര്യത്തിലും പ്രഖ്യാപനം ഉണ്ടായേക്കും.

ഐ-ലീഗില്‍ ഒന്നിലധികം ടീമുകള്‍ക്ക് വേണ്ടി കളിച്ച ജിങ്കന്‍ 2014ല്‍ 21-ാം വയസിലാണ് കേരള ബ്ലാസ്റ്റേഴിസിലെത്തുന്നത്. ആദ്യ സീസണില്‍ തന്നെ എമര്‍ജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട താരം ക്ലബ്ബിനുവേണ്ടി മികച്ച പ്രകടനമാണ് പിന്നീടുള്ള സീസണുകളിലും പുറത്തെടുത്തത്. പ്രതിരോധത്തിലെ സൂപ്പര്‍ നായകനായിരുന്നു ബ്ലാസ്റ്റേഴ്‌സിന് ജിങ്കന്‍. പല നിര്‍ണായ ഘട്ടങ്ങളിലും അത്ഭുതകരമായി ബ്ലാസ്റ്റേഴ്‌സിനെ രക്ഷപ്പെടുത്തിയതും ജിങ്കനായിരുന്നു.

2015ല്‍ ദേശീയ ടീം അംഗമായ ജിങ്കന്‍ ഇന്ത്യക്കുവേണ്ടി 36 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു. ചണ്ഡീഗഡ് ജന്മനാടായ ജിങ്കന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി 76 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 2014ലും 16ലും ബ്ലാസ്റ്റേഴ്‌സിനെ ഐഎസ്എല്‍ ഫൈനലിലെത്തിക്കുന്നതില്‍ ജിങ്കന്‍ നിര്‍ണായക പങ്ക് വഹിച്ചു. ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ബൂട്ടുകെട്ടിയ കളിക്കാരന്‍ എന്ന റെക്കോര്‍ഡിനുമുടമയാണ് ജിങ്കന്‍.

ചുരുങ്ങിയ സീസണുകളില്‍ നിന്നു തന്നെ യുവതാരത്തില്‍ നിന്ന് നായകനിലേക്ക് വളരാന്‍ ജിങ്കന് സാധിച്ചു. കരാറില്‍ രണ്ട് വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് താരം ക്ലബ്ബുമായി പിരിയുന്നത്. 2019- 20 സീസണില്‍ പരിക്കിനെത്തുടര്‍ന്ന് ജിങ്കന് ബ്ലാസ്റ്റേഴ്‌സില്‍നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ജിങ്കനില്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസിണില്‍ ഏഴാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെടുകയും ചെയ്തിരുന്നു.

You Might Also Like