ജിങ്കനായി കൂറ്റന്‍ തുക വാഗ്ദാനം ചെയ്ത് മറ്റൊരു ക്ലബ്, അനസിനൊപ്പം ഒന്നിക്കുന്നു

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട മുന്‍ നായകന്‍ സന്ദേഷ് ജിങ്കന് വലിയ ഓഫര്‍ വാഗ്ദാനം ചെയ്ത് ഏറ്റവും ഒടുവില്‍ ഐഎസ്എല്ലിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍.

ഏകദേശം 1.8 കോടി രൂപയാണ് ഈസ്റ്റ് ബംഗാള്‍ പ്രതിവര്‍ഷം സാലറിയായി ജിങ്കന് വാഗ്ദാനം ചെയ്തിരിക്കുന്നതത്രെ. ഇംഗ്ലീഷ് കായിക മാധ്യമമായ ഖേല്‍നൗ മാധ്യമ പ്രവര്‍ത്തകനായ ഹരിഗോവിന്ദ് തോയക്കാട്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ജിങ്കനായി അഞ്ചോളം ക്ലബുകള്‍ രംഗത്തുണ്ടെങ്കിലും ഇത്രവലിയ തുക മറ്റൊരു ക്ലബും ഇതുവരെ ഓഫര്‍ ചെയ്തിട്ടില്ല. ഇതോടെ സന്ദേഷ് ജിങ്കന്‍ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയേക്കും എന്ന വാര്‍ത്തകള്‍ ശക്തമായിട്ടുണ്ട്.

നേരത്തെ ഈസ്റ്റ് ബംഗാള്‍ മലയാളി പ്രതിരോധ താരം അനസ് എടത്തൊടികയേയും ടീമിലെത്തിക്കാന്‍ നീക്കം നടത്തിയിരുന്നു. ഐഎസ്എല്‍ പ്രവേശനം ഉറപ്പാക്കാനായാല്‍ അനസിനൊപ്പം ജിങ്കനും ഈസ്റ്റ് ബംഗാള്‍ ജഴ്‌സിയില്‍ കളിക്കുന്നത് ഫുട്‌ബോള്‍ ആരാധകര്‍ക്ക് കാണേണ്ടി വരും.

കഴിഞ്ഞ ദിവസമാണ് ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനം ഏതാണ്ട് ഉറപ്പാക്കി ഐഎസ്എല്‍ സംഘാടകരായ എഫ്എസ്ഡിഎല്‍ പുതുതായി ഒരു ക്ലബിനെ കൂടി ഐഎസ്എല്ലിലേക്ക് ക്ഷണിച്ചത്. ഈസ്റ്റ് ബംഗാള്‍ പ്രധാന ഇന്‍വെസ്റ്ററെ കണ്ടെത്തിയതോടൊണ് ക്ലബിന് ഐഎസ്എല്ലിലേക്കുളള വഴിതുറന്നത്. ഇതോടെ കുറഞ്ഞ സമയത്തിനുളളില്‍ ടീം കെട്ടിപ്പടുക്കാനുളള നെട്ടോട്ടത്തിലാണ് ഈസ്റ്റ് ബംഗാള്‍. പ്രീമിയര്‍ ലീഗ് ഇതിഹാസം ഈസ്റ്റ് ബംഗാള്‍ പരിശീലകനായി എത്തിയേക്കുമെന്നും റൂമറുകളുണ്ട്.