അവന്‍ ഏറ്റവും ക്രൂരമായ ബാറ്റിങ്ങിലൂടെ തൊണ്ണൂറുകളിലെ മിശിഹയായിരുന്നു, കൊടുങ്കാറ്റ് പോലും ആ വേഗതയ്ക്ക് മുന്നില്‍ തോറ്റുപോകുമായിരുന്നു

ഷമീല്‍ സ്വലാഹ്
തൊണ്ണൂറുകളില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കണ്ട് തുടങ്ങിയ നമ്മളില്‍ പലര്‍ക്കും 5.2 ഓവറിനുള്ളില്‍ നടന്ന ഈ ഫ്രെയിമില്‍ കാണിക്കുന്ന കണക്കുകള്‍ കാണുമ്പോള്‍ അക്കാലങ്ങളില്‍ ഒരു അത്ഭുതമായിരിക്കും.
ശ്രീലങ്കയുടെ 1996 ലോകകപ്പ് വിജയത്തിന് ശേഷം സിംഗപ്പൂരില്‍ നടന്ന സിംഗര്‍ കപ്പ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തിലേതിലാണ് ഈ ചിത്രം.
പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 215 റണ്‍സിന്റെ വിജയലക്ഷ്യത്തിനെതിരെ ലങ്കക്കായി പതിവ് രീതിയില്‍ തന്നെ തുടങ്ങുന്ന ലോകകപ്പിലെ ‘മാന്‍ ഓഫ് ദി ടൂര്‍ണമെന്റ്’ സനത് ജയസൂര്യ. വഖാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രണ്ട് ബൗണ്ടറികളുമായി 12 റണ്‍സ്.
തുടര്‍ന്നെറിഞ്ഞ അക്വിബ് ജാവേദിനെതിരെ 18 റണ്‍സ്, അത് കഴിഞ്ഞ് വന്ന അത്താ- ഉര്‍-റഹ്മാനെതിരെ 22 റണ്‍സ്
തുടര്‍ന്ന് 17 പന്തില്‍ 47 റണ്‍സില്‍ എത്തി നില്‍ക്കെ സഖ്‌ലെയ്ന്‍ മുഷ്താഖിനെതിരെ സിക്‌സര്‍ പറത്തി കൊണ്ട് അക്കാലത്തെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ സെഞ്ച്വറിയിലേക്കും….!
ഇപ്പോള്‍ സ്‌കോര്‍ ജയസൂര്യ 53, ടോട്ടല്‍ സ്‌കോര്‍ 58. ക്രീസിന്റെ മറുതലക്കല്‍ ഉണ്ടായിരുന്ന കലുവിതാരന അത് വരെയും സ്‌കോര്‍ തുറന്നിട്ടില്ലായിരുന്നു….
ആറാം ഓവര്‍ എറിഞ്ഞ അക്വിബിന്റെ രണ്ടാം പന്തില്‍ കലുവിതാരന ബൗള്‍ഡായി പുറകുമ്പോള്‍… ലങ്കന്‍ സ്‌കോര്‍ 70 റണ്‍സും, കലുവിതാരന 11 പന്തില്‍ നിന്നായി 0 ഉം ആയിരുന്നു സംമ്പാദ്യം..
ഒടുക്കം 28 പന്തില്‍ നിന്നും 76 റണ്‍സില്‍ എത്തി നില്‍ക്കെ ജയസൂര്യ പുറത്തായതിന് ശേഷം ലങ്കന്‍ ബാറ്റിങ്ങ് തകര്‍ന്ന് 43 റണ്‍സുകള്‍ക്ക് പാക്കിസ്ഥാനോട് പരാജയപ്പെടുകയും ഉണ്ടായി.
വഖാര്‍ – അക്വിബ്- സഖ്‌ലെയ്ന്‍ പാക് ബൗളിങ്ങ് ട്രിയോ ജയസൂര്യയില്‍ നിന്നും ഏറെ തല്ല് വാങ്ങിക്കൂട്ടിയ ടൂര്‍ണമെന്റ് കൂടിയായിരുന്നു അത്. അല്പ ദിവസം മുമ്പ് മൈതാനത്ത് കൊടുംക്കാറ്റ് വീശിയ മറ്റൊരു 65 പന്തില്‍ നിന്നും നേടിയ 134 റണ്‍സിന്റെ നരഹത്യപരമായ ഇന്നിങ്‌സ് പാക് ബൗളര്‍മാര്‍ക്കു മേല്‍ ജയസൂര്യക്കുണ്ടായിരുന്നു….
മാസങ്ങള്‍ക്ക് മുമ്പ് ലോകകപ്പില്‍ ഇന്ത്യക്കെതിരെയും, ഇംഗ്ലണ്ടിനെതിരെയും ആ കൊടുങ്കാറ്റ് ഉണ്ടായിരുന്നു….
കരിയറില്‍ അവിശ്വസനീയമായ അത്തരം പല ഇന്നിങ്‌സുകളും കത്തിജ്വലിച്ച ലങ്കന്‍ സൂര്യനില്‍ നിന്നുണ്ടായതായി ഓര്‍ക്കുന്നു…
ഏകദിന ക്രിക്കറ്റില്‍ 13,430 റണ്‍സുകള്‍ നേടിയ സനത് ജയസൂര്യ ഏറ്റവും ക്രൂരമായ ബാറ്റിങ്ങിലൂടെ തൊണ്ണൂറുകളിലെ മിശിഹയായിരുന്നു…
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍