അവന്റെ പേര് കേള്‍ക്കുമ്പോള്‍ മൊട്ടേരെയിലെ തണുത്ത രാത്രിയാണ് ഓര്‍മ്മവരുക, മറക്കാനാകുമോ ആ അവിശ്വസനീയ ജയം

Image 3
Uncategorized

പ്രണവ് തെക്കേടത്ത്

സഞ്ജയ് ബംഗാര്‍ എന്ന പേരോര്‍ക്കുമ്പോള്‍ എന്റെ മനസിലേക്കോടിയെത്തുന്ന ഒരു രാത്രിയുണ്ട് ,വിന്‍ഡീസ് ഇന്ത്യയില്‍ പര്യടനം നടത്തുന്ന 2002ലെ ഒരു രാത്രി. 2-1 ന് സന്ദര്‍ശകര്‍ മുന്നിട്ട് നില്‍ക്കുകയാണ് ആ സീരീസില്‍. അവിടെ നാലാം ഏകദിനത്തിന്റെ ആദ്യ പാദം മൊട്ടേറെയില്‍ അവസാനിക്കുമ്പോള്‍ വിന്‍ഡീസ് 50 ഓവറുകളില്‍ 324/5 എന്ന സ്‌കോര്‍ സ്വന്തമാക്കുകയാണ്.

ആ കാലത്ത് അപൂര്‍വമായി മാത്രം അത്തരം വലിയ ടാര്‍ഗെറ്റുകള്‍ എത്തിപിടിക്കുന്ന ചെയ്സുകള്‍ സംഭവിക്കുന്നതിനാല്‍ വിന്‍ഡീസ് 3-1 എന്നൊരു ലീഡുമായി കളിക്കളം വിടുമെന്ന ചിന്തകളായിരുന്നു ആ മനസ്സില്‍ ….

ദാദ രണ്ടും കല്‍പിച്ചു ഇന്ത്യയുടെ ഇന്നിംഗ്‌സ് തുടങ്ങുകയാണ് 15 ബോളുകളില്‍ 28 റണ്‍സിന്റെ നല്ലൊരു സ്റ്റാര്‍ട്ട് നല്‍കുമ്പോള്‍ അത് വലിയൊരു സ്‌കോര്‍ ആക്കി മാറ്റാന്‍ സാധിക്കാതെ നായകന്‍ നടന്നു നീങ്ങുന്നു. രണ്ടക്കം കടക്കാതെ വീരുവും പുറത്ത്. ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തരായ ലക്ഷ്മണും ദ്രാവിഡും ആ ടീമിനെ മുന്നോട്ട് കൊണ്ടുപോവുകയാണ്. വലിയൊരു റണ്‍ ചെയ്സ് ആയതിനാല്‍ റിക്വയേര്‍ഡ് റണ്‍ റേറ്റില്‍ ശ്രദ്ധ നല്‍കി കൊണ്ട് ബാറ്റ് വീശേണ്ടതും അത്യാവശ്യമായ ദിനം. അവിടെ 103 റണ്‍സിന്റെ കൂട്ടുകെട്ടോടെ അവര്‍ പാകിയ ആ അടിത്തറ അവസാന ഓവറുകളിലേക്ക് ഒരു ഓള്‍ ഇന്‍ ഓള്‍ അറ്റാക്കിന് ഇന്ത്യയെ സഹായിക്കുകയാണ്. യുവിയും കൈഫും ഇന്നിംഗ്‌സ് ഫിനിഷ് ചെയ്യാന്‍ സാധിക്കാതെ മടങ്ങുമ്പോള്‍ 38ഓവറില്‍ ഇന്ത്യയുടെ സ്‌കോര്‍ 231/5.

സമ്മര്‍ദം നിറഞ്ഞൊഴുകുന്ന ആ സാഹചര്യത്തിലേക്ക് തന്റെ രണ്ടാം ഏകദിനം കളിക്കുന്ന ബംഗാര്‍ ദ്രാവിഡിന് കൂട്ടായെത്തുകയാണ്. അന്നത്തെ ലൈന്‍ അപ്പിലെ അവസാന അംഗീകൃത ബാറ്റ്‌സ്മാന്‍ ആയിരുന്നു ബംഗാര്‍ …

അന്ന് അര മണിക്കൂര്‍ കറന്റ് കട്ട് ഉള്ള ടൈമായിരുന്നു കേരളത്തില്‍ സ്‌കോര്‍ അറിയാന്‍ വേറൊരു ആശ്രയവും ഇല്ലാത്ത കാലം. കറന്റ് വന്നപ്പോല്‍ മൊട്ടേരയിലെ കാണികളുടെ നിലയ്ക്കാത്ത ആരവമാണ് ടീവിയില്‍. ബംഗാര്‍ ഡ്രെയ്ക്കസിനെ അടിച്ചോടിക്കുകയാണ്. ഓഫ് സൈഡിലൂടെ അതിര്‍ത്തി കടക്കുന്ന ബോളുകള്‍ ആരാധകരെ ആവേശത്തിലാക്കുന്ന കാഴ്ച്ച. അഗ്ഗ്രസ്സീവ് റോള്‍ ബംഗാര്‍ ഏറ്റെടുത്തപ്പോള്‍ വിടവുകളികൂടെ ബോളിനെ ചലിപ്പിച്ചു ദ്രാവിഡ് ഒരറ്റം ഭദ്രമാക്കുന്നു… ആ ടാര്‍ഗെറ്റ് ചെയ്സ് ചെയ്യാന്‍ എന്തായിരുന്നോ ആവശ്യം അത് ബംഗാര്‍ നല്‍കുകയാണ് 140ന് അടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ 41 ബോളുകളില്‍ നിന്ന് രണ്ട് സിക്‌സറുകളുടേയും 5 ബൗണ്ടറികളുടെയും സഹായത്തോടെ 57 റന്‍സുകള്‍ .

സെഞ്ചുറിയോടെ ദ്രാവിഡ് നങ്കൂരമിട്ട ആ ഇന്നിംഗ്സിനെ 3 ഓവര്‍ ബാക്കി നില്‍ക്കെ വിജയതീരത്തേക്ക് അടുപ്പിച്ച ആ മുഖമാണ് ബംഗാര്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്നും ഓര്‍മ്മയിലേക്കെത്തുക …

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്‌സ്