ധൈര്യമുണ്ടെങ്കില്‍ ചെയ്ത് കാണിക്ക്, അത് ചരിത്രമാകും, ലോകകപ്പില്‍ സഞ്ജു മൂന്നാമനായി കളിക്കട്ടെ

Image 3
CricketCricket News

ജയറാം ഗോപിനാഥ്

വേള്‍ഡ് കപ്പ് പ്ലെയിങ് ഇലവണിലെ വിക്കറ്റ് കീപ്പര്‍ ആരാണ് എന്ന ചോദ്യം അന്തരീക്ഷത്തില്‍ മുഴങ്ങി നില്‍ക്കെ, സഞ്ജു സാംസണും, റിഷഭ് പന്തും നേര്‍ക്കുനേര്‍ വന്നൊരു രാത്രി. അവിടെ, മത്സരത്തിന്റെ ആദ്യ പകുതിയില്‍, തന്റെ ബോഡി വെയിറ്റ് മുഴുവനായും ഷോട്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തിട്ടും, ബോള്‍ ക്ലിയര്‍ ചെയ്യാന്‍ അയാസപ്പെടുന്ന റിഷഭ് പന്തിനെ നമ്മള്‍ കാണുന്നുണ്ട്.
രണ്ടാം പകുതിയില്‍, ആദ്യ ഓവറില്‍ തന്നെ ജെയ്‌സ്വാള്‍ വീഴുമ്പോള്‍, സഞ്ജു സാംസണ്‍ ക്രീസിലേക്ക് വരികയാണ്.

ഒരു വശത്ത് ബട്ട്ലര്‍ സ്ട്രഗിള്‍ ചെയ്യുമ്പോള്‍, ഖലീല്‍ അഹമ്മദിന്റെ ബാക്ക് ഓഫ് ദി ലെങ്ത് ഡെലിവറി, പൂ പറിക്കുന്ന ലാഘവത്തോടെ സഞ്ജു ലോങ്ങ് ഓണിനു മുകളിലൂടെ പറത്തുകയാണ്. തൊട്ടടുത്ത നിമിഷം തന്നെ ആ എക്‌സ്‌ക്വിസിറ്റ് ടൈമിങ്ങിന്റെ മകുടോദാഹരണം പോലെ എക്‌സ്ട്രാ കവറിലൂടെ നയന മനോഹരമായൊരു ഒരു ബാക്ക് ഫൂട്ട് പഞ്ച്.

ലോങ്ങ് ഓണിനു മുകളിലൂടെ ഇശാന്ത് ശര്‍മ്മയും മുകേഷ് കുമാറും ആകാശസീമകളെ ചുംബിച്ചു പറക്കുമ്പോള്‍ നമ്മള്‍ തിരിച്ചറിയുകയാണ്, ക്രീസില്‍,നൃത്ത- നൃത്യ-നാട്യ-നടനമാടാതെ, ശരീരഭാരം മുഴുവനായി ഷോട്ടിലേക്ക് കൊടുക്കാതെ, അനായാസമായി പവര്‍ ജനറേറ്റ് ചെയ്യാന്‍ സാധിക്കുമെന്ന്.

‘ഹോള്‍ഡ് യുവര്‍ ഹാന്‍സ് ഇന്‍ ദ ക്രൗഡ്’ എന്ന് പറഞ്ഞ് കമന്റ്‌റ്റേറ്റര്‍ നാവെടുക്കും മുന്‍പേ, ഈ രാത്രിയിലെ ഏറ്റവും മികച്ച ബൗളര്‍ കുല്‍ദീപിനെ കാണികള്‍ക്കിടയിലേക്ക് കോരിയിട്ട് ക്കൊണ്ട് സഞ്ജു അര്‍ദ്ധസെഞ്ച്വറി തികയ്ക്കുകയാണ്.

ബാക്ക് എന്‍ഡില്‍, ഡല്‍ഹിക്കായി ടൈറ്റ് ഓവറുകള്‍ എറിയാറുള്ള റസീഖിനെ, സഞ്ജു കടന്ന് ആക്രമിക്കുമ്പോള്‍, സ്റ്റേഡിയത്തിന്റെ തേര്‍ഡ് ടീയറിലേക്കാണ് ബോള്‍ പറന്നു താഴുന്നത്. ലോങ്ങ് ഓഫിനു മുകളിലൂടെ പറന്ന തൊട്ടടുത്ത ഷോട്ട്, ഒരു മിസ്‌കണക്ഷനാണോയെന്ന് സംശയം ജനിപ്പിച്ചെങ്കിലും, റിപ്ലൈയില്‍ അതൊരു പെര്‍ഫെക്ട് കണക്ഷനായിരുന്നുവെന്ന് കളി പറയുന്നവരും, കളി കാണുന്നവരും ഒരേപോലെ സ്ഥിരീകരിക്കപ്പെടുകയാണ്.

മുടിനാരിഴയുടെ വ്യത്യാസത്തില്‍ സംശയങ്ങള്‍ ബാക്കിയാക്കി ബൗണ്ടറിലൈനില്‍, ഷായി ഹോപ്പിന്റെ കൈകളിലെ ആ മികച്ച ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍, ഡഗ് ഔട്ടില്‍ റിക്കി പോണ്ടിങ്ങിന്റ മുഖത്ത് തെളിഞ്ഞ ആശ്വാസത്തിന്റെ കണങ്ങള്‍, ആ വിക്കറ്റിന്റെ വലിപ്പം എടുത്തറിയിച്ചു.

ഒരു പക്ഷെ, ബട്ട്ലറും, ജെയ്‌സ്വാളുമൊക്കെ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കുമ്പോള്‍, മറുവശത്ത് സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാന്‍, ഒരു പിങ്ക് ജേഴ്‌സിക്കാരന്‍ ഈ രാത്രി സഞ്ജുവിനൊപ്പമുണ്ടായിരുന്നെങ്കില്‍, മാച്ച് ഫിനിഷ് ചെയ്‌തേ അയാള്‍ തിരിച്ചു കയറുകയുള്ളായിരുന്നു.

‘അണ്‍ബീലിവബിള്‍ പ്ലേയര്‍ ‘ എന്ന വിശേഷണം നല്‍കി അജിത്ത് അഗാര്‍ക്കര്‍ സഞ്ജുവിന് വേള്‍ഡ് കപ്പ് ടീമിലേക്ക് സ്ഥാനം നല്‍കുമ്പോള്‍, ടീം സെലക്ഷന് മണിക്കൂറുകള്‍ക്ക് മുന്‍പ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരെ കളിച്ച ആ 71 റണ്‍സിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സാണ്, ഒഴിവാക്കാന്‍ ഒരു ന്യായീകരണവുമില്ലാത്ത വിധത്തില്‍ സഞ്ജുവിന്റെ സെലെക്ഷന്‍ അനിവാര്യമാക്കി മാറ്റിയത്. അല്ലെങ്കില്‍, അവസാന നിമിഷത്തെ ഒരു കണ്‍സീല്‍ഡ് ടെന്‍ഡറില്‍, പതിവ് പോലെയൊരു മണിയമ്പറ പുരുഷു സ്ഥാനമുറപ്പാക്കിയെനേ.

 

ക്യാപ്റ്റന്‍സി, സഞ്ജുവിനെ കൂടുതല്‍ മെച്ചുവെറും, സെന്‍സിബിളും, റെസ്‌പോണ്‍സിബിളുമാക്കി മാറ്റുമ്പോഴും, അയാള്‍ സ്‌ട്രൈക്ക് റേറ്റില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറാവുന്നില്ല എന്നത് എടുത്തു പറയണം. ഗ്രൗണ്ടിലെ ബോഡി ലാംഗ്വേജും, പോസ്റ്റ് മാച്ച് പ്രസന്റേഷനിലെ കോണ്‍ഫിഡന്‍സ് തുടിക്കുന്ന വാക്കുകളും, നിലവില്‍ അയാള്‍ എത്ര മികച്ച മെന്റല്‍ സ്‌പേസിലാണ് എന്ന് അടിവരയിടുന്നു. സ്പിന്നര്‍സിനെ നേരിടുമ്പോളുണ്ടായിരുന്നു ദൗര്‍ബല്യങ്ങളെയും അയാള്‍ അഡ്രസ്സ് ചെയ്തിരിക്കുന്നു.

ഇനിയും അയാള്‍ക്ക് വേണ്ടത്, ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ബാക്ക് അപ്പ് ആണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിശാഖപട്ടണത്ത് വെച്ച് ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍, തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരുന്ന ആരുമറിയാത്തൊരു റാഞ്ചിക്കാരന്‍ പയ്യന് വണ്‍ ഡൗണില്‍ അവസരം കൊടുത്തപ്പോള്‍, രചിക്കപ്പെട്ടത് ഒരു വലിയ ചരിത്രമായിരുന്നു.

അത്തരം ചരിത്രങ്ങള്‍ പുനര്‍രചിക്കാന്‍, ഒരു പെര്‍ഫെക്ട് ക്യാപ്റ്റന്‍സി മെറ്റീരിയലായി ഇതിനകം തന്നെ ക്രിക്കറ്റ് വിദഗ്ദര്‍ വിലയിരുത്തി കഴിഞ്ഞ സഞ്ജുവിന് വേണ്ടി, വേള്‍ഡ് കപ്പ് ടീമിലെ വണ്‍ ഡൌണ്‍ സ്ഥാനം മാറ്റിവെയ്ക്കാന്‍ ടീം മാനേജ്‌മെന്റിനു ആര്‍ജവമുണ്ടാകട്ടെ.