പാവം സഞ്ജു വഞ്ചിക്കപ്പെട്ടു, അത് നോട്ടൗട്ട്, തുറന്നടിച്ച് നവ്‌ജ്യോത് സിംഗ് സിദ്ധുവും

Image 3
CricketCricket News

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ വിവാദ പുറത്താവലിനെതിരെ കൂടുതല്‍ മുന്‍ താരങ്ങള്‍ രംഗത്ത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ സഹീര്‍ ഖാനും സുരേഷ് റെയ്‌നയ്ക്കും പുറമെ മുന്‍ ഇന്ത്യന്‍ താരവും പ്രമുഖ കമന്റേറ്ററുമായ നവ്ജ്യോത് സിംഗ് സിദ്ധുവും രംഗത്തെത്തി.

‘സഞ്ജു സാംസണിന്റെ പുറത്താവലാണ് കളി മാറ്റിയത്. നമ്മള്‍ വശങ്ങളില്‍ നിന്നുള്ള റീപ്പേ പരിശോധിക്കുകയാണെങ്കില്‍ ഫീല്‍ഡറുടെ കാല്‍ രണ്ടു തവണ ബൗണ്ടറിയില്‍ തട്ടിയെന്നതു വളരെ വ്യക്തമാണ്’ സിദ്ധു പറഞ്ഞു.

‘ഒന്നുകില്‍ നിങ്ങള്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം, പ്രയോജനപ്പെടുത്തുന്നില്ലെങ്കില്‍ ഇതു ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത്. സാങ്കേതി വിദ്യയുണ്ടായിട്ടും പിഴവ് പറ്റുകയാണെങ്കില്‍ പാലില്‍ ഈച്ച വീണതിനു ശേഷം അതു കുടിക്കൂയെന്നു പറയുന്നതു പോലെയാണ്’ സിദ്ധു തുറന്നടിച്ചു.

‘ബൗണ്ടറിയില്‍ രണ്ടു തവണ കാല്‍ തട്ടുന്നതായി റീപ്ലേയില്‍ വ്യക്തമായിട്ടു തന്നെ കാണാന്‍ സാധിക്കും. അതു ഔട്ടാണെന്നു നിങ്ങള്‍ പറയുകയാണെങ്കില്‍ ഫാന്‍സും എന്നെപ്പോലെ നിഷ്പക്ഷരായ ആളുകളും എന്തു ചെയ്യും. പാലില്‍ ഈച്ച വീണതിനു ശേഷം അതു കുടിക്കൂയെന്നു ഞങ്ങളോടു ആവശ്യപ്പെടുന്നതു പോലെയാണിത്. ഞങ്ങള്‍ അതു കുടിക്കില്ല. സഞ്ജുവിന്റേത് നോട്ടൗട്ട് തന്നെയാണ്’ സിദ്ധു വ്യക്തമാക്കി.

‘നിയമം എന്തു തന്നെയെും ആയിക്കൊള്ളട്ടെ. നിങ്ങള്‍ക്കു ഇതു വ്യക്തമായിട്ടു തന്നെ കാണാം. ചില തെളിവുകള്‍ വിശ്വസിക്കാതിരിക്കാന്‍ കഴിയില്ല. വളരെ വ്യക്തമായ തെളിവ് തന്നെയാണ് ഈ ക്യാച്ചിന്റെ കാര്യത്തിലുള്ളത്. അംപയര്‍ മനപ്പൂര്‍വം ചെയ്തതാവില്ല ഇത്. തെറ്റ് ആരുടെയുമല്ല, ഇതു സംഭവിക്കാം. ഇതെല്ലാം ഗെയിമിന്റെ ഭാഗമാണ്. പക്ഷെ ഈ മല്‍സരത്തില്‍ കളി മാറിയത് ക്യാച്ചിനു ശേഷമാണ്’ സിദ്ധു നിരീക്ഷിച്ചു.

നേരത്തെ മുന്‍ ഇന്ത്യന്‍ താരങ്ങളായ സഹീര്‍ ഖാനും സുരേഷ് റെയ്‌നയും ഇക്കാര്യം പറഞ്ഞിരുന്നു. അമ്പയര്‍ കൂടുതല്‍ പരിശോധനയ്ക്ക മുതിരാത്തതാണ് ഇരുവരേയും പ്രകോപിപ്പിച്ചത്.