ജഡേജയുടെ ദുരന്തം സാധ്യതയാക്കി മാറ്റി സഞ്ജു; ടീമിൽ തുടരും

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിൽ സർപ്രൈസ് എൻട്രിയായി ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസൺ പരമ്പരയിലെ അടുത്ത മത്സരങ്ങളിലും ടീമിലിടം നേടിയേക്കും. ടീമിലെ ഫിനിഷർ റോളിൽ തിളങ്ങിയ ആൾറൗണ്ടർ രവീന്ദ്ര ജഡേജ പരിക്കുപറ്റി പുറത്തു പോയതാണ് സഞ്ജുവിന്റെ സ്ഥാനം ടീമിലുറപ്പിക്കുന്നത്. ബാറ്റസ്മാൻമാർ തിളങ്ങാതിരുന്ന ആദ്യ മത്സരത്തിലെ ഭേദപ്പെട്ട പ്രകടനവും സഞ്ജുവിന് തുണയാകും.

ഇന്ത്യയ്‌ക്കുവേണ്ടി അഞ്ചാം ടി20 മത്സരത്തിനിറങ്ങിയ സഞ്ജു 15 പന്തിൽ 23 റൺസ് നേടി. ഇതിനു മുൻപ് കളിച്ച നാല് ടി20 യിലും ബാറ്റ്‌സ്‌മാൻ എന്ന നിലയിൽ തിളങ്ങാൻ താരത്തിനായിരുന്നില്ല. എന്നാൽ ഇന്നലെ ഒരു ഫോറും ഒരു സിക്‌സും സഹിതം നല്ല തുടക്കം നേടിയ സഞ്ജു മികച്ച താളത്തിലാണെന്ന് തോന്നിച്ചിരുന്നു. ആദ്യ ടി20 യിൽ മധ്യനിരയിൽ മനീഷ് പാണ്ഡെ നിരാശപ്പെടുത്തിയതും സഞ്ജുവിന് കാര്യങ്ങൾ എളുപ്പമാക്കും.

ആദ്യ ടി 20യിൽ ടീമിന് പുറത്തായ ശ്രേയസ് അയ്യർ സിഡ്‌നിയിൽ ടീമിൽ ഇടം പിടിക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ മനീഷ് പാണ്ഡെ ടീമിൽ നിന്നും പുറത്താകും.

മികച്ച ഫീൽഡർ കൂടിയായ സഞ്ജു ഒരു കിടിലൻ ക്യാച്ചിലൂടെ ഓസീസ് താരം സ്റ്റീവ് സ്‌മിത്തിനെ പുറത്താക്കിയതാണ് ഇന്ത്യൻ വിജയം എളുപ്പമാക്കിയത്. ഇന്ത്യക്കെതിരെ മികച്ച ബാറ്റിംഗ് റെക്കോർഡുള്ള സ്മിത്ത് ഏകദിന പരമ്പരയിൽ ഇന്ത്യൻ ബൗളിങ്ങിനെ നിർവീര്യമാക്കുന്ന പ്രകടനം കാഴ്ച വച്ചിരുന്നു.

You Might Also Like