സഞ്ജു ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാകുന്നു, തകര്‍പ്പന്‍ നീക്കം

Image 3
CricketTeam India

സഞ്ജു സാംസണ്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ഇപ്പോള്‍ പുറത്ത് വരുന്നത്. വിന്‍ഡീസ് പരമ്പരയ്ക്കുശേഷം നടക്കുന്ന സിംബാബ്വെ പര്യടനത്തില്‍, സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ചു നിരവധി ട്വീറ്റുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

15 അംഗ ടീമിനെ ശിഖര്‍ ധവാനാണ് നയിക്കുന്നത്. വൈസ് ക്യാപ്റ്റനെ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതാണ് സഞ്ജുവിനുളള സാധ്യതയിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

ധവാന്‍ കഴിഞ്ഞാന്‍, ബാക്കിയുള്ള 14 താരങ്ങളില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്കു യോഗ്യനായി സഞ്ജു സാംസണെയാണ് ബിസിസിഐ പരിഗണിക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള സഞ്ജുവിന്റെ അനുഭവസമ്പത്താണ് ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കാന്‍ കാരണം. ഇഷാന്‍ കിഷനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായാണ് സഞ്ജു ടീമില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലുള്‍പ്പെടെ ഇഷാനു പകരം സഞ്ജുവാണ് പ്ലേയിങ് ഇലവനില്‍ കളിച്ചത്. ഒരു അര്‍ധസെഞ്ചറി നേടിയ സഞ്ജു കീപ്പിംഗിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

സിംബാബ്വെയ്ക്കെതിരായ പരമ്പരയിലും സഞ്ജു കളത്തിലിറങ്ങുന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാകുമോ സഞ്ജു സാംസണ്‍ എന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം. ഓഗസ്റ്റ് 18, 20, 22 തീയതികളിലാണ് സിംബാബ്വെയ്‌ക്കെതിരായ ഏകദിന മത്സരങ്ങള്‍.

ഇന്ത്യന്‍ ടീം:

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടന്‍ സുന്ദര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍.