സഞ്ജു ടീം ഇന്ത്യയുടെ നായകനാകും, മലയാളി താരത്തിന് ബംബര്‍

Image 3
CricketTeam India

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ ഈ സീസണില്‍ അവസരം ലഭിച്ച മലയാളി താരം സഞ്ജു വി സാംസണെ തേടി മറ്റൊരു ബംബര്‍ കൂടി അടിക്കാന്‍ സാധ്യത ഒരുങ്ങുന്നു. സാക്ഷാല്‍ ടീം ഇന്ത്യയെ നയിക്കാനുളള അവസരമാണ് സഞ്ജു വി സാംസണെ തേടിയെത്തുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിലാണ് ടീം ഇന്ത്യയെ നയിക്കാന്‍ സഞ്ജുവിന് അവസരം ഒരുങ്ങുന്നത്. ലങ്കന്‍ പര്യടനത്തെ കുറിച്ച് ബി.സി.സിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് അറിയിച്ചത്.

ജൂലൈയില്‍ നടക്കുന്ന പര്യടനത്തില്‍ അഭ്യന്തര ക്രിക്കറ്റിലും, ഐ.പി.എല്ലിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചു കൊണ്ടിരിക്കുന്ന യുവതാരങ്ങളെ അയക്കാനാണ് ബി.സി.സി.ഐ പദ്ധതിയിടുന്നത്. പരിക്കേറ്റ ഡല്‍ഹി മുന്‍ നായകന്‍ ശ്രേയസ് അയ്യര്‍ മാത്രമാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് സഞ്ജുവിന് വെല്ലുവിളിയുളളത്.

ശ്രേയസിന്റെ പരിക്കിന്റെ അവസ്ഥ അനുസരിച്ചിരിക്കും സഞ്ജുവിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുളള വരവ്. ഇരുവരേയും കൂടാതെ സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍, ദേവ്ദത്ത് പടിക്കല്‍, യുസ്വേന്ദ്ര ചഹാല്‍, ടി.നടരാജന്‍, രാഹുല്‍ ചഹാര്‍, രാഹുല്‍ തേവാത്തിയ, ഹര്‍ഷല്‍ പട്ടേല്‍, ചേതന്‍ സാകരിയ, ദീപക് ചഹാര്‍, രവി ബിഷ്നോയ് തുടങ്ങിയ യുവതാരങ്ങളെയാണ് ശ്രീലങ്കയിലേക്കുളള ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കുന്നത്.

ഈ ഐ.പി.എല്‍ സീസണില്‍ നായകനായി സഞ്ജു അരങ്ങേറ്റം കുറിച്ചിരുന്നു. ഇവിടെ ശ്രേയസ് അയ്യരിനാണ് മുന്‍തൂക്കമെങ്കിലും തോളിന് പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന താരം രണ്ട് മാസത്തിനുള്ളില്‍ ഫിറ്റായില്ലെങ്കില്‍ നായക ഉത്തരവാദിത്വം സഞ്ജുവിലേക്ക് തന്നെ എത്തുമെന്നാണ് സംസാരം.

അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇല്ലാത്ത ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ സീനിയര്‍ താരങ്ങളും ടീം ഇന്ത്യയുടെ ഭാഗമായേക്കും. അങ്ങനെയെങ്കില്‍ രാഹുലോ, ധവാനോ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകാനും സാധ്യതയുണ്ട്.