സഞ്ജു അനുഭവിക്കുന്നത് നീതി നിഷേധം, തുറന്നടിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം

ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ അനുഭവിക്കുന്ന നീതി നിഷേധത്തിലേക്ക് വിരല്‍ ചൂണ്ടി മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ലയെന്ന് റോബിന്‍ ഉത്തപ്പ തുറന്ന് പറയുന്നത്.

‘സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതുണ്ട്. അതില്‍ അഭിപ്രായവ്യത്യസം വേണ്ട. ഒരുപാട് കഴിവുകള്‍ ഉളള ്വാളിറ്റി കളിക്കാരനാണ് സഞ്ജു. എന്നാല്‍ അവന് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല. മൂന്നാമനായാണ് ഇറക്കുന്നതെങ്കില്‍ തുടര്‍ച്ചയായ അഞ്ച് അവസരമെങ്കിലും അവന് നല്‍കി നോക്കൂ. അഞ്ചാമനായാലും അവന് തുടര്‍ച്ചയായ അവസരങ്ങള്‍ നല്‍കണം’ ഉത്തപ്പ തുറന്നടിച്ചു.

‘രണ്ടോ മൂന്നോ തുടര്‍ച്ചയായ പരമ്പരകളില്‍ മുഴുവന്‍ മത്സരങ്ങളിലും അവനെ കളിപ്പിച്ചുനോക്കൂ. എന്നിട്ടും അവന്‍ നിരാശപെടുത്തിയാല്‍ അവനെ നിങ്ങള്‍ക്ക് കുറ്റപെടുത്താം. ഒരു മത്സരത്തില്‍ അവസരം നല്‍കി പിന്നീട് പുറത്താക്കിയത് കൊണ്ട് അവന്‍ നന്നായി കളിച്ചില്ലയെന്ന് പറയുന്നത് ശരിയല്ല. അത് തെറ്റായ സന്ദേശമാണ് നല്‍കുക. ഇന്ത്യന്‍ ടീമിലെത്തുകയെന്നത് എളുപ്പമല്ല. പക്ഷേ സഞ്ജുവിന് അര്‍ഹിക്കുന്ന അവസരങ്ങള്‍ ലഭിക്കുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്’ റോബിന്‍ ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീമില്‍ വളരെ നേരത്തെ എത്തിയ താരമാണ് സഞ്ജു. എന്നാല്‍ ടീമില്‍ സ്ഥിര താരമാകാന്‍ ഇതുവരെ സഞ്ജു സാംസണ് കഴിഞ്ഞിട്ടില്ല. 2015 ല്‍ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് ഈ എട്ട് വര്‍ഷം കൊണ്ട് 11 ഏകദിന മത്സരങ്ങളിലും 17 ടി20 മത്സരങ്ങളിലും മാത്രമാണ് ഇന്ത്യ അവസരം നല്‍കിയത്. ഇതാണ് ഉത്തപ്പ ചൂണ്ടികാണിക്കുന്നത്.

രഞ്ജിയിലും രാജസ്ഥാന്‍ റോയല്‍സിലും സഞ്ജുവിനൊപ്പം ഒരുമിച്ച് കളിച്ചിട്ടുളള താരമാണ് റോബിന്‍ ഉത്തപ്പ. കഴിഞ്ഞ വര്‍ഷമാണ് ഉത്തപ്പ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

You Might Also Like