സഞ്ജുവിന് കൂടുതല്‍ അവസരം നല്‍കണം, നടരാജന്‍ മുതലാക്കി, സൂപ്പര്‍ താരം തുറന്ന് പറയുന്നു

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ലഭിച്ച അവസരം വേണ്ടവിധം പ്രയോജനപ്പെടുത്താനായില്ലെങ്കിലും സഞ്ജു സാംസണ്‍ പ്രതിഭയുള്ള താരമാണെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സഞ്ജു ദേശീയ ടീമിലെ തുടക്കകാരനാണെന്നും അതിനാല്‍ തന്നെ കൂടുതല്‍ അവസരം നല്‍കണമെന്നും കൈഫ് അഭിപ്രായപ്പെട്ടു.

‘ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു. രണ്ട് ടി20യിലും സഞ്ജു കളിച്ചു. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു അവന്‍ നടത്തിയത്. അവന് സ്‌കോര്‍ നേടാന്‍ സാധിക്കുമെന്നും സിക്‌സര്‍ നേടാനുള്ള കഴിവും ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അവന്റെ അവസരത്തെ വളരെ നന്നായി ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അവന്‍ ദേശീയ ടീമിലെ പുതിയ താരമാണ്. അതിനാല്‍ തന്നെ കൂടുതല്‍ അവസരം നല്‍കണം.’

‘നടരാജന്‍ ചെയ്തതു പോലെ അവസരത്തെ മുതലാക്കാന്‍ അവനായില്ല. എന്നാല്‍ ഇനിയും അവന്‍ അവസരം അര്‍ഹിക്കുന്നുണ്ട്. വിരാട് കോഹ്ലിയെ പോലുള്ള താരങ്ങളെ മാതൃകയാക്കണം. സിംഗിളുകളും ഡബിളുകളുമായി എങ്ങനെയാണ് ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുന്നതെന്ന് കോഹ്ലിയെ കണ്ട് പഠിക്കണം’ കൈഫ് പറഞ്ഞു.

ആദ്യ ഏകദിനത്തില്‍ 23 റണ്‍സ് നേടിയ സഞ്ജുവിന്റെ രണ്ടാം മത്സരത്തിലെ സമ്പാദ്യം 15 റണ്‍സായിരുന്നു. റിഷഭ് പന്തിന് പകരമാണ് സഞ്ജുവിന് ഇന്ത്യ ടി20 ടീമില്‍ അവസരം നല്‍കിയത്. എന്നാല്‍ ബാറ്റിംഗില്‍ സ്ഥിരതയില്ലാത്തതാണ് സഞ്ജുവിന് വെല്ലുവിളിയാകുന്നത്

You Might Also Like