വെല്ലുവിളികളെ കുറിച്ച് ആലോചിക്കുന്നില്ല, സഞ്ജു സംസാരിക്കുന്നു

കിംഗ്‌സ് പഞ്ചാബിനെതിരായ ഐപിഎല്ലിലെ നിര്‍ണ്ണായക മത്സരത്തിന് ഇറങ്ങുകയാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. മത്സരത്തിന് മുന്നോടിയായി രാജസ്ഥാന്‍ ടീമിന്റെ പ്രതിക്ഷകളേയും വെല്ലുവിളികളേയും കുറിച്ച് പ്രമുഖ മലയാളം ചാനലായ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയാണ് സഞ്ജു സാംസണ്‍. സഞ്ജുവിന്റെ വാക്കുകള്‍…

‘ഓരോ മത്സരവും ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ രണ്ട് ടീമും നന്നായി കളിച്ചു. അവസാന പന്തിലാണ് മത്സരത്തിന് ഫലമുണ്ടായത്. രണ്ട് ടീമും തുല്യശക്തികളാണ്. സാഹചര്യങ്ങള്‍ കുറമെ മാറി. പഞ്ചാബുമായി ദുബായില്‍ കളിച്ചിട്ടില്ല. അബുദാബിയിലാണ് കളിച്ചത്. ആദ്യപാദത്തിലെ മത്സരം മുംബൈയിലായിരുന്നു. അതുകൊണ്ടുതന്നെ സാഹചര്യങ്ങള്‍ മാറി. വെല്ലുവിളികള്‍ ഏറെയുണ്ട്

കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി ജോഫ്ര ആര്‍ച്ചര്‍, ജോസ് ബ്ടലര്‍, ബെന്‍ സ്റ്റോക്സ് എന്നിവരെ മുന്‍നിര്‍ത്തിയാണ് കാര്യങ്ങള്‍ പദ്ധതിയിടുന്നത്. എന്നാല്‍ അവരിപ്പോഴില്ല. അതുകൊണ്ടുതന്നെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമ്മള്‍ മനസിലാക്കണം. മൂന്ന് പേരും നമ്മുടെ പ്രധാന താരങ്ങളായിരുന്നു. മൂവരുടേയും അഭാവം പോസിറ്റീവ് മനസോടെ കാണേണ്ടത് അത്യാവശ്യമാണ്. ക്യാപ്റ്റനായിരിക്കുമ്പോള്‍ പോസിറ്റീവായ കാര്യങ്ങള്‍ മാത്രമേ താരങ്ങളുമായി സംസാരിക്കാറുള്ളൂ.

പകരക്കാരായി വന്നവരെല്ലാം തകര്‍പ്പന്‍ താരങ്ങളാണ്. മികച്ച നാല് താരങ്ങളാണ് ടീമിലെത്തിയിരിക്കുന്നത്. എവിടെയും നന്നായി കളിക്കാമെന്നുള്ള വിശ്വാസം എനിക്കുണ്ട്. വരുന്ന ഏഴ് മത്സരങ്ങളില്‍ ഒന്നോ രണ്ടോ മാറ്റങ്ങളെ ഉണ്ടാവൂ. ബാക്കിയെല്ലാം പഴയത് പോലെ ആയിരിക്കും. പുതിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന അവസരം കൂടിയാണിത്. അവരുടെ കഴിവ് പുറത്തെടുക്കാന്‍, അല്ലെങ്കില്‍ മത്സരം ജയിപ്പിക്കാന്‍ കഴിയുന്ന അവസരമാണിത്.

ഷാര്‍ജയില്‍ നന്നായി കളിക്കാന്‍ പറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിലെ അവസാനത്തെ മൂന്ന് മത്സരങ്ങള്‍ അബുദാബിയില്‍ ആയിരുന്നു. അവിടെയും നന്നായി കളിക്കാന്‍ കഴിഞ്ഞു. എവിടെ ആയാലും റണ്‍സ് കണ്ടെത്താന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസമുണ്ട്’

 

You Might Also Like