ആരോടും ഒന്നും ചോദിച്ചിട്ടില്ല, സഞ്ജുവാണ് എന്നെ സഹായിച്ചത്, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം

കഴിഞ്ഞ ടി20 ലോകകപ്പില്‍ യുസ് വേന്ദ്ര ചഹലിനെ തഴയാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചത് ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. ഇന്ത്യക്കായി കൂടുതല്‍ ടി20 വിക്കറ്റ് നേടിയിട്ടുള്ള ചഹാലിനെ ലോകകപ്പില്‍ നിന്ന് തഴഞ്ഞത് വലിയ ചര്‍ച്ചയാകുകയും ചെയ്തു.

ഇപ്പോഴിതാ 2021ലെ ടി20 ലോകകപ്പിലെ ഒഴിവാക്കലിനെക്കുറിച്ച് ചഹാല്‍ മനസ്സുതുറന്നിരിക്കുകയാണ്. ഇതുവരെ അക്കാര്യത്തെ കുറിച്ച് ആരോടും ഒന്നും ചോദിച്ചിട്ടില്ലെന്നും തന്റെ നിയന്ത്രണത്തിലുളള കാര്യമല്ല അതെന്നുമാണ് ചഹാല്‍ വിശദീകരി്ക്കുന്നത്.

‘എന്തുകൊണ്ട് എന്നെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞുവെന്നതിനെക്കുറിച്ച് ആരോടും ഒന്നും ഇതുവരെ ചോദിച്ചട്ടില്ല. കാരണം അതെന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. ടി20 ലോകകപ്പിന്റെ ഭാഗമാവാന്‍ സാധിക്കാത്തത് തീര്‍ച്ചയായും നിരാശപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍ എന്നെക്കാള്‍ മികച്ചവനായ ആരോ ഉണ്ടെന്ന് അവര്‍ക്ക് അപ്പോള്‍ തോന്നിയിട്ടുണ്ടാവാം. എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് മികച്ച പ്രകടനം നടത്തുകയെന്നത് മാത്രമാണ്. ഞാനത് 2021ലെ ഐപിഎല്ലിന്റെ രണ്ടാം പാദത്തിലൂടെത്തന്നെ തെളിയിച്ചു’ ചഹാല്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ തന്നെ മലയാളി താരം സഞ്ജു സാംസണും ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മയും എങ്ങനെയാണ് സഹായിച്ചതെന്നും ചഹാല്‍ വെളിപ്പെടുത്തി.

‘ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് രോഹിത് ഭയ്യ എന്നോട് പറഞ്ഞത് വ്യത്യസ്ത അവസരങ്ങളില്‍ പന്തെറിയാന്‍ ശ്രമിക്കണമെന്നാണ്. ഡെത്ത് ഓവറിലടക്കം പന്തെറിയണമെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ സാര്‍ (രാഹുല്‍ ദ്രാവിഡ്) പറഞ്ഞത് ഫുള്ളര്‍ ഡെലിവറികളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നാണ്. രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയപ്പോള്‍ ഞാന്‍ ഇക്കാര്യം സഞ്ജു സാംസണുമായി ചര്‍ച്ച ചെയ്തിരുന്നു. അവന്‍ പിന്തുണ നല്‍കുകയും ഡെത്ത് ഓവറുകളില്‍ അവസരം നല്‍കാമെന്നും വിട്ടുകൊടുക്കുന്ന റണ്‍സ് പ്രശ്നമല്ലെന്നും പറഞ്ഞു’ ചഹാല്‍ പറയുന്നു.

‘ഇതോടെ യോര്‍ക്കറുകള്‍ എറിയാനും സിംഗിള്‍ വിക്കറ്റില്‍ പന്തെറിയാനും കൂടുതല്‍ പരിശീലിച്ചു. ബാറ്റ്സ്മാനോട് എന്റെ യോര്‍ക്കറുകളെക്കുറിച്ച് ചോദിച്ചു. അവരുടെ പ്രതികരണങ്ങള്‍ വളരെയധികം സഹായിച്ചു. എന്റെ ബൗളിങ്ങില്‍ വളരെയധികം മാറ്റങ്ങള്‍ ഞാന്‍ വരുത്തിയിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ ഞാന്‍ എറിഞ്ഞ പന്തുകള്‍ ആത്മവിശ്വാസം ഉയര്‍ത്തി. ഫുള്ളര്‍ പന്തുകളും യോര്‍ക്കറും എറിഞ്ഞു. ഞാന്‍ മുമ്പ് ചെയ്തിട്ടില്ലാത്ത കാര്യങ്ങളായിരുന്നു ഇത്’ ചഹാല്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്‍ ബൗളറായി പരിഗണിക്കപ്പെടുന്ന താരമാണ് യുസ് വേന്ദ്ര ചഹല്‍. ഏഷ്യ കപ്പില്‍ ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന്റെ കുന്തമുനയാണ് ചഹലിപ്പോള്‍.

You Might Also Like