അടിച്ച് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയിലിട്ടു, തിരുവോണ നാളില്‍ സഞ്ജുവിന്റെ ഓണത്തല്ല്
തിരുവോണ ദിനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ആരാധകര്‍ക്ക് ഓണ വിരുന്ന് ഒരുക്കി. ബാറ്റ് കൊണ്ടായിരുന്നു സദ്യ എന്നതായിരുന്നു ഈ വിരുന്നിന്റെ പ്രത്യേകത. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്കായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിനിറങ്ങിയ സഞ്ജു ഏകദിന ശൈലിയിലാണ് ബാറ്റു വീശിയത്.
വെറും 45 പന്തില്‍ നിന്ന് മൂന്ന് ഫോറും മൂന്ന് സിക്‌സറും സഹിതം 40 റണ്‍സ് നേടിയാണ് സഞ്ജു പുറത്തായത്. സഞ്ജുവിന്റെ ഒരു സിക്‌സര്‍ ഗ്യാലറിക്ക് പുറത്ത് പോയപ്പോള്‍ മറ്റൊന്ന് ഗ്യാലറിയുടെ മേല്‍ക്കൂരയില്‍ പതിക്കുകയായിരുന്നു. ഈ വീഡിയോ ‘ഓണം സ്‌പെഷ്യല്‍’ എന്ന ക്യാപ്ഷനോടെ അദ്ദേഹത്തിന്റെ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ഷംസ് മുലാനിയുടെ ഓവറിലാണ് താരം ഈ പടുകൂറ്റന്‍ സിക്‌സര്‍ പായിച്ചത്. നേരത്തെ ഓണാശംസകള്‍ നേര്‍ന്നും രാജസ്ഥാന്‍ റോയല്‍സ് ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യ എ ഉയര്‍ത്തിയ 488 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായാണ് ഇന്ത്യ ഡി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിനിറങ്ങിയത്. സ്‌കോര്‍ 158ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പുറത്തായതോടെയാണ് സഞ്ജു ക്രീസിലെത്തിയത്. സഞ്ജുവും ഭുയിയും ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയെങ്കിലും വിജയം ഏറെ അകലെയായിരുന്നു. സഞ്ജു പുറത്തായതോടെ ഇന്ത്യ ഡിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. ഒടുവില്‍ ടീം 301 റണ്‍സിന് ഓള്‍ഔട്ടായി.
മയങ്ക് അഗര്‍വാളിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യ എ 186 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ 89 റണ്‍സുമായി ഇന്ത്യ എയുടെ ടോപ് സ്‌കോററായ ഷംസ് മുലാനിയാണ് മാന്‍ ഓഫ് ദ മാച്ച്.